‘പൊതു ഇടങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം’: അരിക്കുളത്ത് പുറമ്പോക്ക് ഭൂമിയില്‍ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ബഹുജന ധര്‍ണ നടത്തി ജനകീയ കര്‍മ സമിതി


അരിക്കുളം: ഒത്തുകൂടലുകള്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് പൊതു ഇടങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഒ.എം. കൃഷ്ണകുമാര്‍ പറഞ്ഞു. അരിക്കുളത്ത് വര്‍ഷങ്ങളായി പൊതുപരിപാടികള്‍ സംഘടിപ്പിച്ചു വരുന്നതും കുട്ടികള്‍ കളിസ്ഥലമായി ഉപയോഗിച്ചു വരുന്നതുമായ പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപമുളള പുറമ്പോക്ക് ഭൂമിയില്‍ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ജനകീയ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍നടന്ന ബഹുജന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭരണ കേന്ദ്രം പണിയാന്‍ പത്ത് സെന്റ് ഭൂമി വിട്ടു കൊടുക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ജലസേചന വകുപ്പ് അഞ്ച് സെന്റ് സ്ഥലം മാത്രമേ പഞ്ചായത്തിന് താത്ക്കാലികമായി വിട്ടു നല്‍കിയിട്ടുള്ളു. ഈ മേഖലയില്‍ രണ്ട് തവണ സൈഫണ്‍ പൊട്ടി ജലം താഴ്ന്ന പ്രദേശങ്ങളിലേയ്ക്ക് ഒഴുകിയിരുന്നു. അതിനാല്‍ കിണര്‍ കുഴിയ്ക്കാന്‍ അനുമതി ഇല്ലെന്ന് ജലസേചന വകുപ്പ് നല്‍കിയ വിവരാവകാശ രേഖയിലൂടെ മനസ്സിലാവുന്നു. നിലവില്‍ അരിക്കുളം പഞ്ചായത്തില്‍ എം.സി.എഫ്. പണി പൂര്‍ത്തിയായതായി രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് നല്‍കിയ വിവരാവകാശ രേഖയിലൂടെയും വ്യക്തമാവുന്നു. പൊതു ഇടം ഇല്ലാതാക്കി മാലിന്യസംഭരണകേന്ദ്രം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പ്രദേശവാസികള്‍.

118 പേര്‍ പങ്കെടുത്ത ഒന്‍പതാം വാര്‍ഡ് ഗ്രാമ സഭയില്‍ ഒരാളൊഴികെ മറ്റെല്ലാവരും കളിസ്ഥലം നഷ്ടപ്പെടുത്തി മാലിന്യസംഭരണകേന്ദ്രം കൊണ്ടുവരാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനത്തിനെതിരെയുള പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതാണ്. രാമചന്ദ്രന്‍ നീലാംബരി ആധ്യക്ഷ്യം വഹിച്ചു. സി.രാഘവന്‍ സ്വസ്ഥവൃത്തം മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് അംഗം ശ്യാമള ഇടപ്പള്ളി, അനസ് കാരയാട്, കെ.എം. സുഹൈല്‍, സതീദേവി പള്ളിക്കല്‍,പി. കുട്ടികൃഷ്ണന്‍ നായര്‍ , ടി.എം. പ്രതാപചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. അന്‍സാരി, പ്രസാദ് ഇടപ്പള്ളി, ഇ.സുനില്‍കുമാര്‍ ,സുകുമാരന്‍ മഠത്തില്‍, സ്മിത പള്ളിക്കല്‍, പ്രസന്ന ശ്രീകൃഷ്ണ വിഹാര്‍, ബാലകൃഷ്ണന്‍ ചെറിയ കോയിക്കല്‍, മണി ഇടപ്പള്ളി, മജീദ് തൊണ്ടിച്ചങ്കണ്ടി നേതൃത്വം നല്‍കി.