തീക്കളി അരുതേ!! എരിയുന്ന വേനലിൽ കത്തുന്ന കാട്; മുന്നറിയിപ്പുമായി കൊയിലാണ്ടി അഗ്നിശമന സേന
കൊയിലാണ്ടി: കാടിനു തീപിടിച്ചു എന്നുള്ള വാർത്തകൾ കൊയിലാണ്ടിയിൽ പതിവ് കഥയാവുമ്പോൾ മുന്നറിയിപ്പുമായി കൊയിലാണ്ടി അഗ്നിശമന സേന. കടുത്തചൂടിന്റെ നാളുകൾ വരാനിരിക്കുന്നതേയുള്ളൂ, എന്നാൽ അതിനു മുൻ തന്നെ പ്രദേശത്ത് തീപിടുത്തം വ്യാപകമാവുകയാണ്. പുതു വർഷം പിറന്നതിൽ പിന്നെ ഫയർ ആൻഡ് റെസ്ക്യു വിഭാഗം ഇടവേളകളില്ലാതെ തീയണയ്ക്കാനുള്ള ഓട്ടത്തിലാണ്. വേനൽചൂട് ശക്തിപ്രാപിച്ചതോടെ പലയിടത്തും തീപിടിത്തങ്ങൾ വർദ്ധിക്കുകയാണ്.
കൊയിലാണ്ടി ഫയർ സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മുചുകുന്ന്, ഉള്ളിയേരി എം ഡിറ്റ് എൻജിനീയറിങ് കോളേജ് പരിസരം പന്തലായനി തുടങ്ങിയ സ്ഥലങ്ങളിൽ അടിക്കാടുകൾക് തീപിടിച്ചിരുന്നു. കുറ്റിക്കാടുകൾ നിറഞ്ഞ വെളിമ്പ്രദേശങ്ങൾ, മലമ്പ്രദേശങ്ങൾ, എന്നിവിടങ്ങളിൽ തീപ്പിടുത്തം പതിവ് കാഴ്ചയാണ്.
എന്നാൽ മിക്കപ്പോഴും ഈ തീപിടുത്തത്തിന് പിന്നിൽ മനുഷ്യർ തന്നെയാണ് കരണക്കാരെന്നാണ് കണ്ടുപിടുത്തം. ചപ്പുചവറുകൾക്ക് അലക്ഷ്യമായി തീ ഇടുന്നതും എരിയുന്ന സിഗരറ്റ് കുറ്റി വലിച്ചെറിയുന്നതും കഴിഞ്ഞ ദിവസത്തെ തീപിടുത്തത്തിലെ വില്ലന്മാരായി മാറിയിരുന്നു. ഇങ്ങനെയുള്ള തീപിടുത്തത്തെ നിസ്സാരമായി കാണരുത് എന്നാണ് അഗ്നി ശമന സേനയുടെ അഭ്യർത്ഥന.
കാട് കത്തി തീരുന്നതു കൊണ്ട് ഇതവസാനിക്കുമെന്നു കരുതരുത്. സമീപ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റു കെട്ടിടങ്ങളിലേക്കും തീ വ്യാപിക്കുകയും വൻ തീപിടുത്തം ആയി മാറാനും സാധ്യതയുണ്ട്. ഒരു നിമിഷത്തെ അശ്രദ്ധ മൂലം ജീവൻ പോലും അപകടത്തിലാക്കുന്ന ഇത്തരം തീപിടുത്തം കാരണമാകും. അതിനാൽ തന്നെ അതീവജാഗ്രത പാലിക്കുക.
തീപിടുത്തം പോലെയുള്ള അപകടങ്ങൾ തടയാൻ അഗ്നിശമന സേന മുന്ന്നോട്ടു വെയ്ക്കുന്ന മുൻകരുതലുകൾ ശ്രദ്ധിക്കുക:
1 വീടിനോടും സ്ഥാപനങ്ങളോടും ചേർന്ന് സ്ഥലത്തെ ഉണങ്ങിയ ചപ്പുചവറുകളും കുറ്റിക്കാടുകളും ഒരു നിശ്ചിത അകലത്തിൽ നീക്കം ചെയ്യുക.
2 ചപ്പുചവറുകൾക്ക് തീയിടുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കുക തീയണയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി വെക്കുക.
3 കാടിനോട് ചേർന്ന സ്ഥലത്ത് താമസിക്കുന്നവർ വീട്ടിൽ നിന്ന് ഒരു നിശ്ചിത അകലത്തിൽ കാടു വെട്ടിത്തെളിച്ച് ഫയർ ബ്രേക്ക് ഉണ്ടാക്കുക.
4 കടകളിലും സ്ഥാപനങ്ങളിലും പ്രാഥമിക അഗ്നിശമന സംവിധാനങ്ങൾ ഒരുക്കുക പ്രത്യേകിച്ച് ഫയർ എക്സ്റ്റിംഗ്യൂഷറുകൾ. ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിക്കുന്നതിന് കടകളിലെ ജീവനക്കാർക്ക് പരിശീലനം നൽകുക.
5 വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ അടുക്കും ചിട്ടയും ആയി സൂക്ഷിക്കുക. കടകളിലെ പാഴ് വസ്തുക്കൾ യഥാസമയം നീക്കം ചെയ്യുക.
6 സ്ഥാപനങ്ങളിലെ ഇലക്ട്രിക് വയറിങ് കുറ്റമറ്റതാക്കുക. ആവശ്യമായ ഇലക്ട്രിക് സുരക്ഷാസംവിധാനങ്ങൾ സ്ഥാപിക്കുക.
7 അനാവശ്യ ലൂപ്പിങ് ഒഴിവാക്കുക. എം സി ബി, ഇ എൽ സി ബി എന്നിവ സ്ഥാപിക്കുക. ഷോർട്ട് സർക്ക്യൂട്ട് സാധ്യത ഒഴിവാക്കുക.
8 സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പുകവലി കർശനമായി ഒഴിവാക്കുക.
തീപിടുത്തം ഉണ്ടായാൽ ഉടനെ തന്നെ ഫയർ സ്റ്റേഷനിൽ വിവരം 101 നമ്പറിൽ വിളിച്ച് അറിയിക്കാനും മറക്കരുത്.
കൊയിലാണ്ടിക്കാരെ, ഈ തീക്കളി അൽപ്പം ഗുരുതരമായതിനാൽ ജാഗ്രത പാലിക്കുക.