കോഴിക്കോട്ടെ തുണിക്കടകളിൽ ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗത്തിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് 27 കോടി രൂപയുടെ നികുതിവെട്ടിപ്പ്


കോഴിക്കോട്: കോഴിക്കോട് ന​ഗരത്തിലെ തുണിക്കടകളില്‍ ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 27 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. 20 കടകളിലാണ് ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം പരിശോധന നടത്തിയത്. കോഴിക്കോട് സ്വദേശി അഷ്റഫ് അലി, ഭാര്യ, സുഹൃത്ത് ഷബീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കടടകൾ. അതേസമയം മിഠായി തെരുവിലെ കടയില്‍ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ കടയ്ക്കുള്ളില്‍ പൂട്ടിയിടാന്‍ ശ്രമവുമുണ്ടായി.

കോഴിക്കോട് സ്വദേശി അഷ്റഫ് അലി, ഭാര്യ, സുഹൃത്ത് ഷബീര്‍ എന്നിവരുടെ വീടുകളില്‍ നടന്ന പരിശോധനയില്‍ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തു. ഇതിന് പിന്നാലെയാണ് അഷ്റഫ് അലിയുടെ ഉടമസ്ഥതയിലുള്ള മിഠായി തെരുവിലെ ലേഡീസ് വേള്‍ഡ് എന്ന കടയില്‍ പരിശോധനക്കെത്തിയത്. ഇവിടെ ഉദ്യോഗസ്ഥരെ തടയാന്‍ നീക്കവുമുണ്ടായി. തുടര്‍ന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നും നികുതി അടച്ച് ചരക്ക് കൊണ്ടു വരുന്നതായി വ്യാജ രേഖയുണ്ടാക്കിയാണ് ഇവര്‍ നികുതി വെട്ടിപ്പ് നടത്തിയത്. മറ്റു സ്ഥലങ്ങളിൽ നിന്നും കൊണ്ടു വന്നിരുന്ന ചരക്കിന് ഇവർ നികുതി നൽകിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കടകളുടെ ജി എസ് ടി രജിസ്ട്രേഷന്‍ റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നികുതിയിനത്തില്‍ 27 കോടി രൂപ അടക്കണമെന്ന് കാണിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കും. അതേ സമയം മിഠായി തെരുവില്‍ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും പരിശോധനയോട് സഹകരിച്ചിട്ടുണ്ടെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.

Summary: Inspection of GST Intelligence Department in Kozhikode garment shops