കരിക്കാംകുളത്തെ ബിവറേജില്‍നിന്ന് മദ്യം മോഷ്ടിച്ച സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍; മോഷണവിവരം പുറത്തറിഞ്ഞത് ദിവസങ്ങള്‍ക്കുശേഷം, പ്രതികളെ കുടുക്കിയത് സി.സി.ടി.വി ദൃശ്യങ്ങള്‍


വേങ്ങേരി: ബിവറേജസ് കോര്‍പറേഷന്റെ വിപണന കേന്ദ്രത്തില്‍നിന്ന് മദ്യം മോഷ്ടിച്ച നാലുപേര്‍ അറസ്റ്റില്‍. കരിക്കാംകുളത്തെ വിപണന കേന്ദ്രത്തില്‍നിന്ന് കഴിഞ്ഞയാഴ്ച വില കൂടിയ മദ്യം മോഷ്ടിച്ച കേസിലാണ് കണ്ണാടിക്കല്‍ അറപ്പു വയലില്‍ ഗോകുലത്തില്‍ സഞ്ജയ് (20), അറപ്പു വയലില്‍ ഗോകുലത്തില്‍ ശ്യാംജിത്ത് (18), മാറാട് പൊന്നാട്ടില്‍ രാഹുല്‍ (20), കാളാണ്ടിത്താഴം നങ്ങോലത്ത് അലക്‌സ് സെബാസ്റ്റ്യന്‍ (21) എന്നിവരെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രീമിയം കൗണ്ടറുകളില്‍നിന്ന് മദ്യക്കുപ്പികള്‍ അരയില്‍ തിരുകുകയും ഒഴിഞ്ഞ പെട്ടികള്‍ തട്ടുകളിലെ യഥാസ്ഥാനത്ത് വെക്കുകയും ചെയ്താണ് മോഷണം നടത്തിയത്. 7000 രൂപയോളം വിലവരുന്ന മദ്യമാണ് ഇവിടെനിന്ന് നഷ്ടമായത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

സ്റ്റോക്ക് പരിശോധന മാസങ്ങളിലോ ആഴ്ചകളിലോ മാത്രം നടക്കുന്നതാണ് മോഷ്ടാക്കള്‍ക്ക് സഹായകമാകുന്നത്. മോഷണവിവരം അറിഞ്ഞതിനെ തുടര്‍ന്ന് മാനേജര്‍ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.കെ. ബിജു, എസ്.ഐ ഡി. ഷബീബ് റഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ഒടുവിലാണ് നാലു പ്രതികളെയും പിടികൂടിയത്. എ.എസ്.ഐ വി. ഷാജി, സി.പി.ഒ ഷഫീഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.