ഓരോ ദിനവും മകന്‍ വരുമെന്ന പ്രതീക്ഷയോടെ കല്യാണിയമ്മ; കാണാതായ മകനായുള്ള കൂത്താളി സ്വദേശിനിയുടെ കാത്തിരിപ്പിന് ആറുവര്‍ഷത്തെ പഴക്കം
പേരാമ്പ്ര: ആറ് വര്‍ഷമായി കാണാതായ മകനെയും കാത്തിരിക്കുകയാണ് കൂത്താളിയിലെ ഒരമ്മ. കൊണ്ടയോട്ടുചാലില്‍ കല്യാണി അമ്മയാണ് മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഓരോ ദിവസവും കണ്ണീരോടെ തള്ളിനീക്കുന്നത്.
കല്യാണി അമ്മയുടെ മകന്‍ രാജേഷിനെ 2016 ഡിസംബറിലാണ് കാണാതാവുന്നത്. അന്ന് തന്നെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പേരാമ്പ്ര പൊലീസ് കെസെടുത്ത് അന്വേഷണം ഇപ്പോഴും നടത്തുന്നുണ്ടെങ്കിലും കല്യാണി അമ്മയുടെ മാഞ്ഞ പുഞ്ചിരി തിരിച്ചു നല്‍കുന്ന ഒരു വാര്‍ത്ത പോലും ഇതുവരെ വന്നിട്ടില്ല.
രാജേഷ് പോയപ്പോഴും കല്യാണി അമ്മയ്ക്ക് ബലമായി ഭര്‍ത്താവ് തെയ്യോന്‍ ഉണ്ടായിരുന്നു. ഒപ്പം രാജേഷിന്റെ സഹോദരന്‍ സുരേഷും. എന്നാല്‍ ഇരുവരുടെയും മരണത്തോടെ ഇപ്പോള്‍ കല്യാണി അമ്മ ഏതാണ്ട് പൂര്‍ണ്ണമായി ഒറ്റപ്പെടുകയാണ്.
വീട് പുതുക്കിപ്പണിയണമെന്ന ആഗ്രഹത്തിനിടെയാണ് രാജേഷിന്റെ തിരോധാനം സംഭവിക്കുന്നത്. രാജേഷ് പോയതോടെ വീടിന്റെ നവീകരണം നടത്താന്‍ സാധിച്ചില്ല. ഇപ്പോള്‍ കല്യാണി അമ്മ താമസിക്കുന്ന വീട് തകര്‍ന്ന് വീഴാറായ അവസ്ഥയിലാണ്. ഭര്‍ത്തവിന്റെ വിയോഗത്തിന് ശേഷം മറ്റ് വീടുകളിലാണ് കല്യാണി അമ്മ അന്തിയുറങ്ങുന്നത്.
സഞ്ചരിക്കുന്ന വഴികളിലെല്ലാം മകന്‍ രാജേഷിനെ തിരഞ്ഞാണ് ഈ അമ്മ ഓരോ ദിവസവും തള്ളിനീക്കുന്നത്. കല്യാണി അമ്മയെ എങ്ങനെ സഹായിക്കാനാവുമെന്നറിയാതെ വിഷമത്തിലാണ് ബന്ധുക്കളും നാട്ടുകാരും. ഫോക്കസ് മലബാര്‍ എന്ന വാര്‍ത്താ മാധ്യമാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
summary: a mother is waiting for her son who has been missing for six years in koothali