മാവേലി എക്‌സ്പ്രസില്‍ നിന്നും വീണ യുവാവ് ആനക്കുളം റെയില്‍വേ ട്രാക്കിനരികില്‍ മരിച്ച നിലയില്‍; സുഹൃത്തിന് പരിക്ക്


കൊല്ലം: മാവേലി എക്‌സ്പ്രസില്‍ നിന്നും വീണ യുവാവിന്റെ മൃതദേഹം ആനക്കുളം റെയില്‍വേ ട്രാക്കിനരികില്‍ കണ്ടെത്തി. റെയില്‍വേയുടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് വീണ നിലയിലായിരുന്നു മൃതദേഹം.

മലപ്പുറം സ്വദേശി റില്‍ഷാദ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. നാലുപേര്‍ ഒരുമിച്ച് മൂംകാംബിക യാത്ര കഴിഞ്ഞ് മടങ്ങിവരികയാണെന്നാണ് ഇവർ പറഞ്ഞത്. ട്രെയിനില്‍ നിന്നും യുവാവ് വീണത് കണ്ടതോടെ സുഹൃത്തുക്കള്‍ ചെയില്‍വലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. ഇവര്‍ മദ്യലഹരിയിലായിരുന്നെന്നാണ് സഹയാത്രികര്‍ പറയുന്നത്.

കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങുന്നതിനിടെ കൂട്ടത്തിലുണ്ടായിരുന്ന വിനില്‍ ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നു. ഇയാളുടെ നെറ്റിയിലും കൈയ്ക്കും പരിക്കുണ്ട്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.