യാത്രക്കാരിലൊരാള്‍ വീണെന്ന് സംശയം, മാവേലി എക്‌സ്‌പ്രൈസ് കൊല്ലം റെയില്‍വേ ഗേറ്റീന് സമീപം നിര്‍ത്തി; അരമണിക്കൂറിലേറെ വാഹനഗതാഗതം തടസപ്പെട്ടു


കൊല്ലം: യാത്രക്കാരിലൊരാള്‍ വീണെന്ന സംശയത്തെ തുടര്‍ന്ന് കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം അരമണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. മംഗളുരു സെന്‍ട്രലില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസാണ് നിര്‍ത്തിയത്.

ട്രെയിനില്‍ നിന്ന് വീണതായി സംശയിക്കുന്നയാളുടെ സുഹൃത്തും ചില യാത്രക്കാരും ചെയില്‍വലിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തിയത് റെയില്‍വേ അധികൃതര്‍ പുറത്തിറങ്ങി ഏറെ നേരം പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് ഏതാണ്ട് അരമണിക്കൂറിലേറെ കഴിഞ്ഞാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.

കൊല്ലം റെയില്‍വേ ഗേറ്റിന് തൊട്ടടുത്തുള്ള റെയില്‍പ്പാതയിലായതിനാല്‍ ഈ സമയമത്രയും ഗേറ്റുവഴി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാതിരുന്നത് വാഹനഗതാഗതത്തിന് തടസം സൃഷ്ടിച്ചു. ഗേറ്റിന്റെ ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.