ഖത്തറില്‍ നിന്നും നാട്ടിലെത്തിയതിനു പിന്നാലെ കാണാതെയായി; വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോടതിയില്‍ സ്വയം ഹാജരായി നാദാപുരം സ്വദേശി
നാദാപുരം: ഖത്തറില്‍ നാട്ടിലേക്കു വരുന്നുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനു പിന്നാലെ നാദാപുരം സ്വദേശി തിരിച്ചെത്തി. ജൂണ്‍ പതിനാറാം തീയ്യതി കണ്ണൂര്‍ വിമാനത്താവളം വഴി എത്തുമെന്ന് ഇയാള്‍ വീട്ടുകാരെ വിളിച്ചറിയിച്ചെങ്കിലും പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഇന്ന് ഇയാള്‍ നാദാപുരം കോടതിയില്‍ സ്വമേധയാ ഹാജരായതായി വളയം പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
നാദാപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ റിജേഷ് സ്വന്തം ഇഷ്ടപ്രകാരം ബെംഗളൂരുവില്‍ പോയതാണെന്ന് പറഞ്ഞു. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇയാള്‍ ഹാജരായത്. വളയം പോലീസ് ഇന്‍സ്‌പെക്ടര്‍ എ.അജീഷിന്റെ നേതൃത്വത്തിലാണ് റിജേഷിന്റെ മൊഴിയെടുക്കല്‍ നടന്നത്. ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതായും പോലീസ് പറഞ്ഞു.
ഒന്നരമാസമായി റിജേഷിനെ പറ്റി ഒരു വിവരവുമില്ലെന്ന് കാണിച്ച് സഹോദരന്‍ രാജേഷാണ് വളയം പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, റിജേഷിന്റെ കയ്യില്‍ എന്തോ കൊടുത്തയച്ചെന്നും വെറുതെ വിടില്ലെന്നും പറഞ്ഞ് ഫോണ്‍ കോള്‍ വന്നതായും കണ്ണൂര്‍ ജില്ലയിലെ ചിലര്‍ റിജേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നതായും സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെ യുവാക്കളെ റിജേഷിനെയും സ്വര്‍ണക്കടത്തുകാര്‍ തട്ടിക്കൊണ്ടുപോയതാണെന്ന് പരാതി ഉയര്‍ന്നിരുന്നു. കണ്ണൂരിലെ ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
മൂന്നു വര്‍ഷം മുന്‍പ് ഖത്തറില്‍ ജോലിക്കായി പോയ റിജേഷ് നാട്ടില്‍ വരുമെന്ന് അറിയിക്കാന്‍ കഴിഞ്ഞ മാസം പത്തം തീയതിയാണ് അവസാനം ബന്ധുക്കളെ വിളിച്ചത്. ഇയാളെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.