മോര്‍ച്ചറി സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാത്തതില്‍ പ്രതിഷേധം; കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറി സംവിധാനം പ്രവര്‍ത്തനരഹിതമായിട്ട് ഏറെനാള്‍ക്കിപ്പുറവും പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ആശുപത്രി സൂപ്രണ്ടിനെ കൊയിലാണ്ടി നിയോജക മണ്ഡലം യൂത്ത് ലീഗ് ഉപരോധിച്ചു. മോര്‍ച്ചറിയിലെ ഫ്രീസര്‍ കേടുവന്നിട്ട് മാസങ്ങളായി. മോര്‍ച്ചറി കെട്ടിടവും ശോചനീയാവസ്ഥയിലാണ്. ഇക്കാരണത്താല്‍ താലൂക്ക് ആശുപത്രിയില്‍വെച്ച് പോസ്റ്റുമോര്‍ട്ടം നടത്താന്‍ പറ്റാത്ത സാഹചര്യം നിലവിലുണ്ട്.
കഴിഞ്ഞ ദിവസം കടലില്‍ വീണ് മരിച്ച നന്തി സ്വദേശിയുടെത് ഉള്‍പ്പെടെ പോസ്റ്റുമോര്‍ട്ടം കേസുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതടക്കം ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു യൂത്ത് ലീഗ് പ്രതിഷേധം.
ദിനം പ്രതി രണ്ടായിരത്തോളം രോഗികള്‍ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ദിവസംതോറും ശോചനീയമാവുകയാണ്. സൂപ്രണ്ട് ഉള്‍പ്പെടെ 22 ഡോക്ടര്‍മാരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. ഇവര്‍ക്ക് ഒരു ദിവസം കൂടുതല്‍ രോഗികളെ പരിരോധിക്കേണ്ട അവസ്ഥവരികയാണ്. എക്‌സറേ, ഇ.സി.ജി സംവിധാനങ്ങള്‍വരെ കുറ്റമറ്റ രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്. പാര്‍ക്കിംഗ് ഗ്രൗണ്ട് ഇല്ലാത്തതിനാല്‍ രോഗികളുമായി വരുന്ന ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വളരെയധികം പ്രയാസം നേരിടുന്നുണ്ട്.
ആശുപത്രിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും ഭാഗത്ത് നിന്ന് നിരന്തരമായി ഉണ്ടാവുന്ന അവഗണനക്കെതിരെ നിരവധി തവണ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിപക്ഷ യുവജന സംഘടനകളും പ്രതിഷേധിച്ചിട്ടുണ്ട്. അപ്പോഴൊക്കെ പാലിക്കപ്പെടാത്ത ഉറപ്പുകള്‍ നല്‍കി അധികാരികള്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.
നിശ്ചലമായ മോര്‍ച്ചറി ജനുവരി 30 നകം പ്രവര്‍ത്തനക്ഷമമാക്കുമെന്നും പാര്‍ക്കിംഗ് സംവിധാനം ഉടന്‍ ഒരുക്കുമെന്നും സൂപ്രണ്ട് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചു. ഉറപ്പുകള്‍ നിശ്ചിത സമയത്തിനകം പാലിച്ചിട്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ട് വരുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി.
ഉപരോധത്തിന് കെ.കെറിയാസ്, ഫാസില്‍ നടേരി, സുനൈദ്.എ.സി, ബാസിത്.എം.പി, വി.വി.നൗഫല്‍, സാലിം മുചുകുന്ന്, സിഫാദ് ഇല്ലത്ത്, ഹാശിം വലിയമങ്ങാട്, സലാം ഓടക്കല്‍, സജീര്‍ പുറായില്‍, ആദില്‍.കെ.വി, നിസാം
എന്നിവര്‍ നേതൃത്വം നല്‍കി.