‘റോഡിലൂടെ കടന്നു പോകുന്നത് സാഹസപ്പെട്ട്, പരാതി നൽകിയിട്ടും അനക്കമില്ല’; മരുതൂർ-ചിറ്റാരിക്കടവ് റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ യാത്രക്കാർക്ക് പാലും പഴവും നൽകി യൂത്ത് കോൺഗ്രസ് പ്രതിഷേധം
ചിറ്റാരിക്കടവ്: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന മരുതൂർ – ചിറ്റാരിക്കടവ് റോഡിനോട് അധികൃതർ കാണിക്കുന്ന അനാസ്ഥക്കെതിരെ വ്യത്യസമായി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. റോഡിനോട് യുദ്ധം ചെയ്ത് കടന്ന് വരുന്ന യാത്രക്കാർക്ക് പാലും പഴവും നൽകിയാണ് യൂത്ത് കോൺഗ്രസ് മരുതൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്.
റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി നാട്ടുകാരും, സംഘടനകളും കൗൺസിലറോട് പരാതി പറയുന്നു. എന്നാൽ അതിനെതിരെ മുഖം തിരിഞ്ഞു നിൽക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്ന് യൂത്ത് കോൺഗ്രസ് മരുതൂർ യൂണിറ്റ് കമ്മിറ്റി കുറ്റപ്പെടുത്തി.
യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ് സമരം ഉദ്ഘാടനം ചെയ്തു. റോഡിന്റെ ശോചനീയാവസ്ഥ ദ്രുത ഗതിയിൽ പരിഹരിച്ചില്ലെങ്കിൽ തുടർ സമരങ്ങൾ ഉണ്ടാവുമെന്ന് അജയ് ബോസ്‌പറഞ്ഞു. ഫാസിൽ ചിറ്റാരി അധ്യക്ഷത വഹിച്ചു.
റാഷിദ് മുത്താമ്പി, സജിത് കാവുംവട്ടം, ഉസ്മാൻ പി എന്നിവർ സംസാരിച്ചു. ഷാനവാസ് പേരൂൽ കുനി, നിഷാദ് മരുതൂർ, ഷാജി എ.ടി, അസീസ് കോഴിക്കൽ, ഹർഷിൻ എന്നിവർ നേതൃത്വം നൽകി.