രക്തദാനത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം…; കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ നാളെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു


കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ എന്‍എസ്എസ് യൂണിറ്റിന്റെയും ബി പോസിറ്റീവ് ബ്ലഡ് ഡോണേഷന്‍ ഗ്രൂപ്പ് കേരളയുടെയും നേതൃത്വത്തില്‍ നാളെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

കോട്ടപ്പറമ്പ വുമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ക്യാമ്പ്.

18 വയസ് പൂര്‍ത്തിയായ എന്‍എസ്എസ് വളന്റിയര്‍മാരും അധ്യാപകരും കുട്ടികളുടെ രക്ഷിതാക്കളും നാളെ നടക്കുന്ന രക്തദാനത്തില്‍ പങ്കാളികളാകും. രക്തദാനത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള ഏവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.

രക്തം നല്‍കണമെങ്കില്‍ കോഴിക്കോട് വരെ പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് മാത്രം പലരും ഈ ഉദ്യമത്തില്‍ നിന്നും പിന്മാറുന്നുണ്ടെന്നും അവരെക്കൂടി കണക്കിലെടുത്താണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്നും ബി പോസിറ്റീവ് ബ്ലഡ് ഡോണേഷന്‍ കോര്‍ഡിനേറ്റര്‍ വിദ്യ പ്രവീണ്‍ പറഞ്ഞു.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 7907377515 ഈ നമ്പറില്‍ ബന്ധപ്പെടുകയോ സ്‌കൂളില്‍ നേരിട്ടെത്തുകയോ ചെയ്യേണ്ടതാണ്.