പേരാമ്പ്ര ടൗണിന്റെ ചില ഭാഗങ്ങളില്‍ ചാറ്റല്‍ മഴ പോലെ മഞ്ഞനിറത്തിലുള്ള ദ്രാവകം; ‘മഞ്ഞ മഴ’ എന്ന സംശയത്തില്‍ നാട്ടുകാര്‍
പേരാമ്പ്ര: പേരാമ്പ്ര ടൗണ്‍ കക്കാട് പരിസരങ്ങളില്‍ മഞ്ഞ നിറത്തിലുള്ള ദ്രാവകം പതിച്ചതായി പ്രദേശ വാസികള്‍ അറിയിച്ചു. ചാറ്റല്‍ മഴ പോലെ ചെറിയ തുള്ളികളായാണ് പതിച്ചത്. മഞ്ഞ മഴയാണോ ഇതെന്ന് സംശയിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കക്കാട് ഭാഗത്തുള്ള വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ക്കാണ് ആദ്യം ഇത് അനുഭവപ്പെട്ടത്. പിന്നെ അവര്‍ നടത്തിയ അന്വേഷണത്തില്‍ മറ്റു പല ഭാഗത്തും ഇത് പോലെ മഞ്ഞ നിറത്തിലുള്ള ദ്രാവകം കണ്ടെത്തുകയായിരുന്നു.
വീട്ടിലേക്ക് പോവാനായി ബൈക്കില്‍ കയറുന്നതിനിടെ ശരീരത്തില്‍ മഞ്ഞ നിറത്തിലുള്ള ദ്രാവകം വീണു. ആദ്യം തുടച്ച് കളഞ്ഞു പിന്നെ വണ്ടിയില്ലെല്ലാം കണ്ടതോടെ മറ്റുള്ളവരോടും പറഞ്ഞു. തുടര്‍ന്ന് എല്ലാ സ്ഥലത്തും ചെറുതായി മഴത്തുള്ളി പോലെ കാണുകയായിരുന്നെന്ന് കക്കാടുള്ള വര്‍ക്ക് ഷോപ്പ് ഉടമ രാജേഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
അന്തരീക്ഷത്തിലേക്ക് നോക്കിയപ്പോള്‍ നേരിയ ചാറ്റല്‍ മഴയുടെ നിലയിലായിരുന്നു മഞ്ഞ നിറത്തിലുള്ള ദ്രാവകം പതിക്കുന്നതായി കണ്ടത്. റോഡിലും സമീപത്ത് നിര്‍ത്തിയിട്ട വാഹനങ്ങളിലും ആളുകളുടെ ദേഹത്തും ഇത് പതിച്ചത് വ്യക്തമായി കാണാനുമുണ്ടായിരുന്നെന്നും പറഞ്ഞു.
ഈ സമയം ആകാശത്ത് പക്ഷികളോ, വിമാനമോ പറക്കുന്നതായി കണ്ടില്ലെന്നും ടൗണിലും ഇങ്ങനെ ഉണ്ടായോ എന്നന്വേഷിക്കാനായി പോയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഓട്ടോറിക്ഷകളുടെ ഗ്ലാസിലും മറ്റും മഞ്ഞനിറം കണ്ട തോടെ ഇവിടെയും ഈ പ്രതിഭാസം ഉണ്ടായതായി മനസിലാക്കുകയായിരുന്നെന്നും അറിയിച്ചു. ഇത് എന്ത് പ്രതിഭാസമാണെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
summary: locals suspect that yellow rain is rare phenomenon in perambra town