പൂക്കാടിന്റെ ‘വേണു ഗീതങ്ങള്‍’ ഇനി ഓര്‍മ്മ; പൂക്കാട് കലാലയത്തിന് പ്രശസ്തിയേകിയ ‘നാഗപഞ്ചമി’യുടെ എഴുത്തുകാരന് വിട നല്‍കി നാട്


കൊയിലാണ്ടി: വേണു പൂക്കാടിന്റെ വിയോഗത്തോടെ കൊയിലാണ്ടിയ്ക്ക് നഷ്ടമായത് സാംസ്‌കാരിക രംഗത്തെ അതുല്യ പ്രതിഭയെ. പൂക്കാട് കലാലയം കേരളത്തിലുടനീളം അറിയപ്പെടാന്‍ കാരണമായ ‘നാഗപഞ്ചമി’ എന്ന നാടകം എഴുതിയതും സംഗീതം നല്‍കിയതും വേണു പൂക്കാട് ആയിരുന്നു. കേരളത്തിനകത്തും പുറത്തുമായി ആയിരത്തോളം വേദികളില്‍ നാഗപഞ്ചമി എന്ന നാടകം കളിച്ചിട്ടുണ്ട്.

അച്ഛന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതരായിരുന്നു സംഗീതത്തില്‍ ആദ്യ ഗുരു. അദ്ദേഹവും നാടക സംഗീത ലോകത്ത് സജീവമായിരുന്നു. അച്ഛനില്‍ നിന്നും പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയശേഷം പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ നിന്ന് ഗാനഭഊഷണത്തില്‍ ബിരുദം നേടി.

1970കളിലാണ് സംഗീതത്തിലും നാടകത്തിലും സൃഷ്ടികള്‍ ആരംഭിച്ചത്. ഭക്തിപ്രധാനമായ നൃത്ത നാടകങ്ങള്‍ക്ക് പാരമുഖ്യമുള്ള കാലമായിരുന്നു അത്. അന്ന് അദ്ദേഹം രചിച്ച ‘ശില്‍പി’ എന്ന നാടകം തികച്ചും ആധുനിക ഗണത്തില്‍പ്പെടുത്താവുന്നതായിരുന്നു. അദ്ദേഹം സംഗീതം നല്‍കിയ നാടകങ്ങളിലൂടെ മനോഹരമായ നിരവധി ലളിതഗാനങ്ങളാണ് മലയാളത്തിന് കിട്ടിയത്. അറിയപ്പെടുന്ന തബലിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം.

അസുഖബാധിതനായി സംസാരശേഷി പോലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു കുറച്ചുകാലമായി വേണു. കലയ്ക്കും സംഗീതത്തിനുംവേണ്ടി ഉഴിഞ്ഞുവെച്ച ഒരു പ്രതിഭയെ തന്നെയാണ് വേണു പൂക്കാടിന്റെ വിയോഗത്തോടെ കൊയിലാണ്ടിയ്ക്ക് നഷ്ടമായത്.