ഇഞ്ചി കൃഷിയുടെ പേരില്‍ മലയാളികള്‍ കെ.എം.ഷാജിയെ ട്രോളിയപ്പോള്‍ ഷാജിയ്ക്ക് പിന്നാലെ പോയ കൊയിലാണ്ടിക്കാര്‍; തുറന്നത് ഇഞ്ചി കൃഷിയിലൂടെ പ്രവാസികള്‍ക്ക് പുതിയൊരു വരുമാന മാര്‍ഗം


കൊയിലാണ്ടി: അനധികൃത സ്വത്ത് സമ്പാദനം എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ തന്റെ ആസ്തിയില്‍ വവന്‍വര്‍ധനയുണ്ടായത് ഇഞ്ചി കൃഷിയിലൂടെയാണെന്ന് മുന്‍ എം.എല്‍.എ കെ.എം ഷാജി പറഞ്ഞതും ഇതേത്തുടര്‍ന്നുണ്ടായ ട്രോളുകളും ഓര്‍മ്മയില്ലേ. വലിയൊരു വിഭാഗം മലയാളികള്‍ ട്രോളുകള്‍ കണ്ട് ചിരിച്ച സമയത്ത് ഷാജി പറഞ്ഞ ഇഞ്ചി കൃഷിയുടെ വരുമാന സാധ്യതകളെക്കുറിച്ച് ചിന്തിക്കുകയും പഠിക്കുകയും ചെയ്ത കൊയിലാണ്ടിയിലൂടെ ഒരു കൂട്ടം ചെറുപ്പക്കാരുണ്ട്. ഇഞ്ചി കൃഷി വിജയകരമായി പൂര്‍ത്തിയാക്കി വിളപ്പെടുപ്പ് കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അവരിന്ന്.

നടേരി കാവും വട്ടം സ്വദശി ഇര്‍ഷാദും പ്രവാസികളായ നാലു സുഹൃത്തുക്കളും ചേര്‍ന്നാണ് ഇഞ്ചി കൃഷിയില്‍ വിജയമാതൃക കാട്ടിയത്. ഗള്‍ഫിലുള്ള സുഹൃത്തുക്കള്‍ നാട്ടിലെത്തുമ്പോള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, നാട്ടില്‍ എന്തുണ്ടെടാ തുടങ്ങാന്‍ എന്ന്, ആ ചോദ്യമാണ് തന്നെ നയിച്ചതെന്നാണ് ഇര്‍ഷാദ് പറയുന്നത്.

‘ കൂട്ടുകാരുടെ ചോദ്യം കേട്ട് പല ജോലികളെക്കുറിച്ചും ആലോചിച്ചു. അന്വേഷണം എവിടെയും എത്തിയില്ല. അങ്ങനെയിരിക്കെയാണ് കെ.എം ഷാജിയുടെ ഇഞ്ചി കൃഷി വിവാദം വരുന്നത്. അതിനെ പറ്റി പഠിച്ചു. കുഴപ്പപ്പമില്ലാത്ത ബിസിനസ് ആണെന്നും റിസ്‌ക് കൂടുതലാണെന്നും അറിയാന്‍ പറ്റി,കാര്യങ്ങള്‍ അവരോടു അവതരിപ്പിച്ചു.” ആ ആശയത്തിലേക്ക് എത്തിയതിനെക്കുറിച്ച് ഇര്‍ഷാദ് പറയുന്നു.

ആശയം പങ്കുവെച്ചപ്പോള്‍ നെഗറ്റീവ് പറഞ്ഞ് നിരുത്സാഹപ്പെടുത്താന്‍ ഒരുപാട് ആളുകളുണ്ടായിരുന്നു. എന്നാല്‍ സുഹൃത്തുക്കളായ നാലുപേര്‍ കട്ടയ്ക്ക് കൂടെ നിന്നു. അങ്ങനെ കര്‍ണാടകയിലെ ഡാര്‍ക്കാഡാം എന്ന സ്ഥലത്ത് കൃഷിയിറക്കി. പാട്ടത്തിനെടുത്ത അഞ്ചേക്കര്‍ സ്ഥലത്തായിരുന്നു കൃഷി ചെയ്തത്. ഒന്നര വര്‍ഷക്കാലത്തേക്കാണ് ഭൂമി പാട്ടത്തിനെടുക്കുക. പതിനൊന്നുമാസം കൊണ്ട് കൃഷി പൂര്‍ത്തിയാക്കാം. ആദ്യവര്‍ഷ കൃഷിയുടെ വിളപ്പെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിൽ സന്തോഷമുണ്ടെന്നും ഇര്‍ഷാദ് പറയുന്നു.

തങ്ങള്‍ വിജയവഴി കാട്ടിയെങ്കിലും എടുത്തുചാടി ഇത്തരമൊരു സംരഭത്തിലേക്ക് പോകരുതെന്നാണ് ഇര്‍ഷാദിന് മറ്റുള്ളവരോട് പറയാനുള്ളത്. കഠിനമായി അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ ഈ രംഗത്തേക്കു വരാം. സ്ഥലം പാട്ടത്തിന് എടുക്കുന്നത് മുതലുള്ള കാര്യത്തില്‍ കരുതല്‍ വേണം. പാട്ടത്തിനെടുക്കുന്ന സ്ഥലത്തിന്റെ രേഖകളും നികുതി രശീതിയും പാട്ടക്കരാറുമെല്ലാം ശ്രദ്ധയോടെ നോക്കേണ്ട കാര്യങ്ങളാണ്.

കുഴല്‍ കിണര്‍ ഇല്ലാത്ത സ്ഥലം നോക്കി വേണം തെരഞ്ഞെടുക്കാന്‍. അത് പോലെ കറന്റ് ഒരു മുഖ്യ ഘടകമാണ് ,ദിവസവും 7 മണിക്കൂർ അടുത്താണ് കറന്റ് കിട്ടുക ,ഇഞ്ചി കൃഷിയുടെ കാര്യത്തില്‍ ഒരു വര്‍ഷം കൃഷി ചെയ്ത സ്ഥലത്ത് അടുത്ത പതിനഞ്ച് വര്‍ഷം കൃഷി ചെയ്യാന്‍ വലിയ വിളവ് കിട്ടില്ല. മണ്ണില്‍ വളക്കൂറുണ്ടാവില്ല. സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ അവിടെ കുഴല്‍ കിണറുണ്ടെങ്കില്‍ മറ്റെന്തോ കൃഷി ചെയ്തിട്ടുണ്ടെന്ന് വേണം അനുമാനിക്കാന്‍. അതുകൊണ്ടുതന്നെ ഇത്തരം സ്ഥലങ്ങള്‍ ഇഞ്ചി കൃഷിക്ക് അനുയോജ്യമാവില്ല. സ്ഥലം ഏറ്റെടുത്തശേഷം അവിടെ കുഴല്‍ കിണര്‍ നമ്മള്‍ തന്നെ കുഴിച്ച് ജലസേചന സൗകര്യം ഉറപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ നിന്നുതന്നെയുള്ള തൊഴിലാളികളാണ് ജോലിക്കുള്ളത്. മാസത്തില്‍ ഒന്നോ രണ്ടോ തവണ കൃഷിസ്ഥലത്ത് പോയി കാര്യങ്ങള്‍ നോക്കണം. അത് താനും കൂട്ടുകാരും സൗകര്യം പോലെ മാറി മാറി പോകുകയായിരുന്നു പതിവ്. നമ്മളുടെ ഒരു ശ്രദ്ധ കൃഷിയുടെ കാര്യത്തില്‍ എപ്പോഴും വേണം. അതിനുള്ള മനസുണ്ടെങ്കിലേ ഇഞ്ചി കൃഷി വിജയിപ്പിക്കാനാവൂ. രണ്ടാംതവണയും കൃഷി ഇറക്കാന്‍ തന്നെയാണ് തീരുമാനമെന്നും അതിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഇര്‍ഷാദ് പറഞ്ഞു.

ഡിസൈനറാണ് ഇര്‍ഷാദ്. കൊല്ലം ചിറയ്ക്ക് സമീപം ബസ്മല ബിൽഡേഴ്‌സ് എന്ന സ്ഥാപനം നടത്തുകയാണ്. ജോലിയ്ക്ക് പുറമേയുള്ള ഒരു വരുമാനമാര്‍ഗം എന്ന നിലയില്‍ ഇഞ്ചി കൃഷി മുന്നോട്ടുകൊണ്ടുപോകാനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.