വാക്കേറ്റത്തിനിടെ കത്തികൊണ്ട് തുടയിൽ കുത്തി, ആക്രമണം അപ്രതീക്ഷീതമായതിനാൽ പ്രതിരോധിക്കാനായില്ല; ഏറാമലയിൽ പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതം


വടകര: ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോത്സവത്തിന് ഡ്യൂട്ടിക്ക് എത്തിയതായിരുന്നു നടുവണ്ണൂർ സ്വദേശിയും എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനുമായ അഖിലേഷ്. ഡ്യൂട്ടിക്കിടയിൽ ഉത്സവപ്പറമ്പിൽ പണ വച്ച് ചീട്ട് കളി നടക്കുന്നതായി വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹപ്രവർത്തകർക്കൊപ്പം അഖിലേഷ് സംഭവ സ്ഥലത്ത് എത്തുന്നത്. എന്നാൽ ഇവിടേക്കെത്തിയ അദ്ദേഹത്തെ ആയുധം ഉപയോ​ഗിച്ച് ഒരു കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.

ഉത്സവത്തോടനബന്ധിച്ച് ക്ഷേത്രത്തിന്റെ പല ഭാ​ഗത്തും ആളുകൾ ചീട്ട് കളിക്കുകയായിരുന്നു. പോലീസിനെ കണ്ടപ്പോൾ ഇവർ പലരും പിന്തിരിഞ്ഞോടി. കളിക്കുന്ന സ്ഥലത്ത് വെളിച്ചത്തിനായി ഉപയോ​ഗിച്ച ഉപകരണങ്ങളുമായി മടങ്ങുകയായിരുന്ന പോലീസുകാരെ പിറകിൽ നിന്നും ഒരാൾ അസഭ്യം വിളിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിലേക്ക് നയിച്ചു. ഇതിനിയിൽ കത്തിപോലുള്ള ആയുധം ഉപയോ​ഗിച്ച് യുവാവ് അഖിലേഷിന്റെ കാലിന് കുത്തി. ആക്രമണം അപ്രതീക്ഷിതമായതിനാൽ പ്രതിരോധിക്കാനും സാധിച്ചില്ല. സംഘർഷം നടന്നതിന് പിന്നാലെ ഇയാൾ സംഘം സ്ഥലംവിടുകയും ചെയ്തു.

ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് സംഭവം നടന്നത്. കാലിന് പരിക്കേറ്റ അഖിലേഷ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് കണ്ടാലറിയാവുന്നവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൃത്യ നിർവഹണം തടസപ്പെടുത്തൽ, മാരകായുധം ഉപയോ​ഗിച്ച് പരിക്കേൽപ്പിക്കൽ, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.