വോട്ടിംങ് അവസാന മണിക്കൂറിലേയ്ക്ക്; സംസ്ഥാനത്ത് പോളിങ് 60 ശതമാനത്തിലേക്ക് കടക്കുന്നു, കൊയിലാണ്ടിയില്‍ 45.99 ശതമാനം പോളിംങ്


വടകര: വീറും വാശിയും നിറഞ്ഞ പ്രചാരണച്ചൂട് പോളിങ്ങിലും തെളിയുന്നു. അഞ്ച് മണിയോടടുക്കുമ്പോള്‍ സംസ്ഥാനത്ത് പോളിങ് 60 ശതമാനത്തിലേക്ക് കുതിക്കുന്നു. കൊയിലാണ്ടിയില്‍ 45.99 ശതമാനം പോളിംങ് രേഖപ്പെടുത്തി.
പോളിങ് ശതമാനം കൂടുന്നതിനനുസരിച്ച് വിജയപ്രതീക്ഷയിലാണ് മുന്നണികള്‍.

വടകരയിലും ഇത്തവണ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. രാവിലെ 7മണിയോടെ തന്നെ പല ബൂത്തികളിലും നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. നിലവില്‍ സമാധാനപരമാണ് വടകരയിലെ പോളിങ്. പ്രശ്നബാധിത ബൂത്തുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

അതേ സമയം നാദാപുരം നിയമസഭാ മണ്ഡലത്തിലെ രണ്ട് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ ജോലിയില്‍ നിന്നും ജില്ലാ കലക്ടര്‍ മാറ്റി. ഓപ്പണ്‍ വോട്ട് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ലഭിക്കുന്ന വവിരങ്ങള്‍.

4.20ഓടെ ജില്ലയില്‍ 59.18% പോളിങാണ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ 61.85%വും വടകര 58.96% പോളിങും രേഖപ്പെടുത്തി. വേനല്‍ച്ചൂട് ശക്തമായതോടെ ഉച്ചയ്ക്ക് ശേഷമാണ് പലയിടങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെടുന്നത്. അതേ സമയം വടകരയില്‍ പോളിങ് മന്ദഗതിയിലാണെന്ന് കെ.കെ രമ എംഎല്‍എ ആരോപിച്ചു.

വൈകുന്നേരം 6മണിവരെയാണ് വോട്ട് ചെയ്യാനുള്ള സമയം. എന്നാല്‍ നിശ്ചിത സമയത്ത് വോട്ടെടുപ്പ് തീര്‍ന്നില്ലെങ്കില്‍ ആറു മണിക്ക് ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കി അവരെ കൂടി വോട്ട് ചെയ്യാന്‍ അനുവദിക്കും. വോട്ടെടുപ്പ് കഴിഞ്ഞ് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള സാധനസാമഗ്രികളുമായി നിയമസഭാ മണ്ഡലം തല സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥര്‍ തിരികെയെത്തും.