ലഹരിവിരുദ്ധ ബോധവല്‍ക്കരണക്ലാസ്സും ഇഫ്താര്‍ വിരുന്നുമായി വോയിസ് ഓഫ് മുത്താമ്പി
കൊയിലാണ്ടി: മുത്താമ്പിയിലെ ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് മുത്താമ്പി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. പരിപാടി പ്രശസ്ത ഗാനരചയിതാവ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു.
ഏകദൈവവിശ്വാസികളായ മുസ്ലീം സഹോദരങ്ങള്‍ സൂര്യോദയത്തിന് ഒന്നര മണിക്കൂര്‍ മുന്‍പ് മുതല്‍ സൂര്യാസ്തമനം വരെ ഈശ്വരചിന്തയില്‍ മുഴുകി മനസ്സും ശരീരവും ശുദ്ധി വരുത്തുന്ന ഈ വേളയില്‍ മറ്റു മതസ്ഥരേകൂടി ഉള്‍പ്പെടുത്തി സമൂഹ നോമ്പ്തുറ എന്ന മഹത്തായ സന്ദേശം നാടിന് സമര്‍പ്പിക്കാന്‍ സന്‍മനസ്സ് കാണിച്ചതിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. മുഖ്യാതിഥിയായി എത്തിയ കൊയിലാണ്ടി എസ്.എച്ച്.ഒ ശ്രീലാല്‍ ചന്ദ്രശേഖര്‍ ഇത്തരം കൂട്ടായ്മകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ നാടും സമൂഹം ലഹരിയെന്ന വിപത്തില്‍ നിന്നും രക്ഷനേടുമെന്നും അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് നടന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് രംഗീഷ് കടവത്ത് നയിച്ചു.സമൂഹത്തിന്റെ പരിച്ഛേദമായ കുടുംബമാണ് കുട്ടികളെ വഴിതെറ്റാതെ നോക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് ചെയ്യാന്‍ പറ്റാത്തത് പോലീസിനും എക്‌സൈസിനും വിട്ട് കൊടുക്കുന്ന പ്രവണത ശരിയല്ലെന്നും ക്ലാസില്‍ വ്യക്തമാക്കി. പരിശുദ്ധ റമളാന്റെ പൊരുള്‍ എന്താണെന്ന് ചെറുവൊടി പള്ളി മഹല്ല് ഖത്തീബ് ഹംസസഖാഫി വിശദീകരിച്ചു.
യോഗത്തില്‍ വോയിസ് ഓഫ് മുത്താമ്പി പ്രസിഡണ്ട് റാഷിദ് മുത്താമ്പി അധ്യക്ഷനായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കെ.എ.ഇന്ദിര ടീച്ചര്‍ വാര്‍ഡ് കൗണ്‍സിലര്‍, ജമാല്‍ മാസ്റ്റര്‍, അനില്‍കുമാര്‍.ആര്‍.കെ, ബാലകൃഷ്ണന്‍.എന്‍, രാഘവന്‍.സി.ടി, റഷീദ് മണിയോത്ത്, സുകുമാരന്‍ നായര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ദില്‍ജിത്ത് പാറപ്പുറത്ത്, അശ്വന്ത് കണ്ണാട്ട്, രാഹുല്‍ കാറാനിക്കുന്ന്, അഗേഷ്.പി.കെ, അഭിനന്ദ് പാറപ്പുറത്ത്, കിന്നു.പി, രമേശന്‍ അരയനാട്ട്, ഗിജിന്‍ ഗോപാലന്‍, വി.പി.കൈപ്പുറത്ത് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് 6.40ന് സമൂഹ നോമ്പ് തുറയും നടന്നു.