മിഠായിത്തെരുവിലെത്തുന്നവരോട് മാന്യമായി പെരുമാറണം; തടഞ്ഞുനിര്‍ത്തുകയോ സുഖകരമല്ലാത്തതും അശ്ലീലച്ചുവയുള്ളതുമായ വാക്കുകള്‍ ഉപയോഗിച്ച് കടകളിലേക്ക് വിളിക്കുകയോ ചെയ്താല്‍ പിടിവീഴും


കോഴിക്കോട്: മിഠായിത്തെരുവിലെത്തുന്നവരോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ ഇനി പണികിട്ടും. ആളുകളെ കകടകളിലേക്ക് ആകര്‍ഷിക്കാന്‍ വാക്ചാതുര്യം കാണിക്കുന്നവര്‍ക്ക് ഇനി പിടിവീഴും. തെരുവിലൂടെ നടന്നുപോകുന്നവരെ തടഞ്ഞുനിര്‍ത്തിയും ദ്വയാര്‍ഥപ്രയോഗത്തിലൂടെയുമെല്ലാം കടകളിലേക്ക് വിളിച്ചുകയറ്റാന്‍ ചിലര്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് നടപടി വരിക.

ഇത്തരം ആളുകള്‍ക്കെതിരെ കേസെടുക്കുമെന്നും ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയുണ്ടാവില്ലെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസം ഒരു സ്ത്രീ ഇത്തരത്തിലുള്ള മോശം ഇടപെടലുകളെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. മുന്നോട്ടുപോകാന്‍ വിടാതെ, തടഞ്ഞുനിര്‍ത്തിക്കൊണ്ടാണ് വിളിച്ചുകയറ്റുന്നവര്‍ നില്‍ക്കുന്നത്. ഇത് തെരുവിലേക്കും കടകളിലേക്കും എത്തുന്നവരെ അകറ്റുകയാണ് ചെയ്യുകയെന്ന് സ്ത്രീ ചൂണ്ടിക്കാട്ടിയിരുന്നു.

തുടര്‍ന്നാണ് നടപടി ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചത്. ആളുകളെ കടകളിലേക്ക് വിളിച്ചുകയറ്റാന്‍ സുഖകരമല്ലാത്തതും അശ്ലീലച്ചുവയുള്ളതുമായ വാക്കുകള്‍ ഉപയോഗിക്കുന്നതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് ഒരു കേസെടുത്തിരുന്നെന്ന് ടൗണ്‍ പോലീസ് അറിയിച്ചു. ഇത്തരം പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടാല്‍ വെള്ളിയാഴ്ചമുതല്‍ കര്‍ശനമായി നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.