രാജസ്ഥാനിലെ ജയം; സി.പി.എമ്മിന്റെ ദേശീയപാര്‍ട്ടി പദവിക്ക് 2033വരെ ഭീഷണിയില്ല


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്ക് രാജ്യത്ത് ലഭിച്ചത് എട്ടുസീറ്റുകള്‍. സി.പി.എമ്മിന് നാലു സീറ്റും സി.പി.ഐയ്ക്ക് രണ്ടു സീറ്റും സി.പി.ഐ.എം.എല്‍ രണ്ട് സീറ്റും നേടി. രാജസ്ഥാനില്‍ ജയിച്ച സാഹചര്യത്തില്‍ സി.പി.എം ദേശീയ പാര്‍ട്ടിയായി തുടരുമെന്ന് വ്യക്തമായി. 2033വരെ സി.പി.എമ്മിന്റെ ദേശീയ പാര്‍ട്ടി സ്ഥാനത്തിന് ഭീഷണിയില്ല.

കേരളം, ബംഗാള്‍, തമിഴ്‌നാട്, ത്രിപുര എന്നീ നാലു സംസ്ഥാനങ്ങളില്‍ സി.പി.എമ്മിന് സംസ്ഥാന പാര്‍ട്ടി പദവിയുള്ളതിനാലാണ് നിലവില്‍ ദേശീയ പാര്‍ട്ടിയായി തുടരുന്നത്. എന്നാല്‍ ബംഗാളില്‍ 2026ല്‍ സംസ്ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഇതിനിടെയാണ് ആശ്വാസമായി രാജസ്ഥാനിലെ വിജയം.

കേരളത്തിലെ ഒന്നിനു പുറമേ തമിഴ്‌നാട്ടില്‍ രണ്ടിടത്തും രാജസ്ഥാനില്‍ ഒരിടത്തുമാണ് സി.പി.എം ജയിച്ചത്. തമിഴ്‌നാട്ടില്‍ മധുര, ഡിണ്ടിഗല്‍ മണ്ഡലങ്ങളിലാണു ജയം. മധുരയില്‍ എസ്.വെങ്കിടേശന്‍ രണ്ടു ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു. ദിണ്ടിഗലില്‍ ആര്‍.സച്ചിദാനന്ദം നാലര ലക്ഷത്തോളം വോട്ടിനാണ് ജയിച്ചത്. രാജസ്ഥാനില്‍ സികാര്‍ മണ്ഡലത്തില്‍ സംസ്ഥാന സെക്രട്ടറി ആംരാ റാം 72,896 വോട്ടിനാണ് ജയിച്ചത്.

തമിഴ്‌നാട്ടിലെ തിരുപ്പൂര്‍, നാഗപട്ടണം എന്നിവിടങ്ങളിലാണ് സി.പി.ഐയുടെ ജയം. നാഗപട്ടണത്ത് വി.സെല്‍വരാജ് രണ്ടു ലക്ഷത്തിലേറെ വോട്ടിനും തിരുപ്പൂരില്‍ കെ.സുബ്ബരായന്‍ ഒന്നേകാല്‍ ലക്ഷത്തോളം വോട്ടിനും ജയിച്ചു. ബിഹാറിലെ അറ മണ്ഡലത്തില്‍ സുധാമ പ്രസാദ്, കാരാക്കാട്ട് മണ്ഡലത്തില്‍ രാജാറാം സിങ് എന്നീ സി.പി.ഐ.എം.എല്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായിരുന്നു പാര്‍ട്ടി.

സികാറിലെ ജയത്തോടെ സി.പി.എമ്മിനു രാജസ്ഥാനില്‍ കൂടി സംസ്ഥാന പദവി ലഭിക്കും. ബംഗാളില്‍ പദവി നഷ്ടമായാലും രാജസ്ഥാനിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നാലിടത്ത് സംസ്ഥാന പാര്‍ട്ടിയായി തുടരാം. തമിഴ്‌നാട്ടില്‍ നിന്ന് രണ്ടു സീറ്റില്‍ ജയിച്ചതിനാല്‍ അവിടെ സംസ്ഥാന പാര്‍ട്ടിയായി തുടരാം. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ത്രിപുരയില്‍ സംസ്ഥാന പാര്‍ട്ടി പദവിയുണ്ട്.