വേളം പാലോടിക്കുന്ന് ഉപതിരഞ്ഞെടുപ്പ്; സീറ്റ് നിലനിര്‍ത്തി യു.ഡി.എഫ്


വേളം: ഉപതിരഞ്ഞെടുപ്പ് നടന്ന വേളം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡായ പാലോടിക്കുന്നില്‍ യുഡിഎഫിന്റെ ഇ.പി സലിം വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍.ഡി.എഫിന്റെ പി.പി വിജയനെ 42 വോട്ടിന് പിന്‍തള്ളിയാണ് യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയത്. രാവിലെ 10 മണിയോടെ പൂളക്കൂല്‍ കമ്മ്യൂണിറ്റി ഹാളിലായിരുന്നു വോട്ടെണ്ണല്‍ നടന്നത്.

ബിജെപി സ്ഥാനാര്‍ത്ഥിയായി ആര്‍.കെ ശങ്കരനായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. വ്യാഴാഴ്ച്ച ചേരാപുരം നോര്‍ത്ത് എം.എല്‍.പി സ്‌ക്കൂളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ 83 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 1400നടുത്ത് വോട്ടര്‍മാരില്‍ 1240 പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് സമാധാനപരമയിരുന്നു.

പതിനേഴാം വാര്‍ഡ് മെമ്പര്‍ കോണ്‍ഗ്രസിലെ വി.ടി സുധാകരന്റെ മരണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയത്.