‘വര്‍ഗീയത പറഞ്ഞവരോട് വടകര രാഷ്ട്രീയം പറഞ്ഞു, പ്രവാസി സഹോദരങ്ങളോട് നന്ദി’; തെരഞ്ഞെടുപ്പിലെ വിജയം വടകരക്കാരുടെ രാഷ്ട്രീയ വിജയമെന്ന് ഷാഫി പറമ്പില്‍


Advertisement

വടകര: വര്‍ഗീയത പറഞ്ഞവരോട് വടകരയിലെ ജനങ്ങള്‍ രാഷ്ട്രീയം പറഞ്ഞുവെന്ന് ഷാഫി പറമ്പില്‍. കോഴിക്കോട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.കെ. രാഘവനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

അപ്രതീക്ഷിതമായാണ് വടകരയില്‍ സ്ഥാനാര്‍ഥിയായത്. ഒരിഞ്ച് പോലും വടകരക്കാര്‍ എന്നെ അവഗണിച്ചില്ല. കടലോളം സ്‌നേഹം തന്ന് കൂടെ നിര്‍ത്തി. ഈ വിജയം വടകരക്കാര്‍ക്ക് വിനയപൂര്‍വം സമര്‍പ്പിക്കുന്നു. പ്രവാസി സഹോദരങ്ങളോട് പ്രത്യേകമായി നന്ദി പറയുന്നു. ഇത് വടകരക്കാരുടെ രാഷ്ട്രീയ വിജയമാണ്. വാക്കുകൊണ്ട് നന്ദി പറയാന്‍ കഴിയില്ല. കൂടുതല്‍ വിനയത്തോടെ ജനങ്ങളെ സമീപിക്കാന്‍ ഈ വിജയം ഞങ്ങളെ പഠിപ്പിക്കുന്നുവെന്നും ഷാഫി പറഞ്ഞു.

Advertisement

‘വര്‍ഗീയത പറഞ്ഞവരോട് വടകര രാഷ്ട്രീയം പറഞ്ഞു. ഞങ്ങളുടെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച കാഫിര്‍ പ്രയോഗം വടകര അംഗീകരിച്ചില്ല. നാളെ ഈ വിജയത്തിന്റെ പേരുപറഞ്ഞ് ആരേയും ഭിന്നിപ്പിക്കാന്‍ ഞങ്ങളില്ല. പോലീസ് കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ വടകരയ്ക്ക് ഇത്രത്തോളം കളങ്കം ഉണ്ടാകില്ലായിരുന്നു. വടകരയുടെ മതേതര മനസിന്റെ മറുപടിയാണ് വിജയമെന്നും ഷാഫി പറഞ്ഞു.

Advertisement

മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങള്‍ക്ക് മടുത്തുവെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലമെന്നും ഷാഫി പറഞ്ഞു. കേരളത്തെ സംബന്ധിച്ച് മികച്ച ഫലമാണ് വരുന്നത്. കേരളത്തില്‍ വരാനിരിക്കുന്ന ഭരണമാറ്റത്തിന് ജനങ്ങള്‍ സജ്ജരാണെന്നും ഷാഫി പറഞ്ഞു.

ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം 114940 ഷാഫിയുടെ ലീഡ്‌. 551408 വോട്ടുകളാണ് ഇതുവരെയായി നേടിയത്‌. എല്‍ഡിഎഫിന്റെ കെ.കെ ശൈലജ 436468 വോട്ടുകളും, എന്‍ഡിഎയുടെ പ്രഫുല്‍ കൃഷ്ണ 109724 വോട്ടുകളും നേടി.