കുന്നിന്‍മുകളില്‍ നിന്നും ഒരു കടല്‍ക്കാഴ്ച; പാറക്കെട്ടുകളും വിശാലമായ തീരവും വരൂ വടകരയിലെ ഗോസായിക്കുന്നിലേക്ക്
വടകര: കൊയിലാണ്ടിക്കാര്‍ക്ക് കടല്‍ക്കാഴ്ച അത്ര പുതുമയുള്ളതല്ല. പാറപ്പള്ളിയും കാപ്പാട് ബീച്ചുമെല്ലാം നമ്മളെത്ര കണ്ടതാ. പക്ഷേ തീരത്തിന് തൊട്ടടുത്ത് നൂറോളം അടി ഉയരത്തിലുള്ള കുന്നില്‍ നിന്നുളള കടല്‍ക്കാഴ്ചകള്‍ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കൊയിലാണ്ടിയില്‍ നിന്നും നേരെ വിടാം വടകരയിലേക്ക്, കൈനാട്ടിയിലെ ഗോസായിക്കുന്നിലേക്ക്.
ഗോസായിക്കുന്നില്‍ നിന്നുള്ള കടല്‍ക്കാഴ്ചകളാണ് ഇവിടുത്തെ ഹൈലൈറ്റ്. കുന്ന് കയറിയശേഷം പടിഞ്ഞാറ് ഭാഗത്തേക്ക് നോക്കുമ്പോള്‍ കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന കടലാണ്. കടല്‍ക്കാറ്റേറ്റ് ഇവിടെയിരുന്നാല്‍ മനസിനും ശരീരത്തിനും ഒരു കുളിരാണ്.
ചെറിയ ചെറിയ പാറക്കെട്ടുകള്‍ നിറഞ്ഞതാണ് ഗോസായക്കുന്ന് കടല്‍. തീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പാറക്കെട്ടുകളില്‍ വളരുന്ന കല്ലുമ്മക്കായകള്‍ കാണാം. ഈ പാറക്കെട്ടുകളില്‍ ശക്തമായ തിരകള്‍ വന്നിടിക്കുമ്പോഴുള്ള വെള്ളത്തിന്റെ കുതിപ്പ് ഒന്ന് കാണേണ്ടത് തന്നെയാണ്.
മുട്ടുങ്ങല്‍ പുഴഭാഗം മുതല്‍ വടക്ക് ഗോസായിക്കുന്ന് വരെ നീണ്ടുകിടക്കുന്ന തീരം ഏതുതരം ആസ്വാദകരെയും തൃപ്തിപ്പെടുത്തുന്ന കാഴ്ചകള്‍ ഒരുക്കിയ ഒന്നാണ്. തീരത്തിരുന്ന് മണ്‍കൊട്ടാരങ്ങളുണ്ടാക്കുന്ന കുട്ടികള്‍ക്ക് മുതല്‍ ഫുട്‌ബോളിനെയും ക്രിക്കറ്റിനെയും ഇഷ്ടപ്പെടുന്ന കായികപ്രേമികള്‍ക്ക് വരെ പറ്റിയ ബീച്ചാണിത്.
സഞ്ചാരികളെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പ്രദേശമാണിത്. എങ്കിലും കോവിഡിന് ശേഷം ഏറെയാളുകള്‍ ഇവിടേക്ക് എത്തുന്നുണ്ട്. കൂടുതലും പരിസര പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. തൊട്ടില്‍പ്പാലം, കുറ്റ്യാടി, നാദാപുരം മേഖലയില്‍ നിന്നുള്ളവര്‍ക്ക് ഏറ്റവും എളുപ്പം എത്താന്‍ കഴിയുന്ന ബീച്ച് കൂടിയാണിത്. നിലവില്‍ സുരക്ഷാ മുന്‍കരുതലൊന്നുമില്ലാത്തത് ഒരു പോരായ്മയാണ്. എങ്കിലും ഗോസായിക്കുന്ന് തീരത്തെയും വെള്ളിയാംകല്ലിനേയും ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതിയ്ക്ക് സാധ്യതയേറെയാണ്. ഭാവിയില്‍ അത്തരം പദ്ധതികള്‍ നടപ്പിലാകുകയാണെങ്കില്‍ തീര്‍ച്ചയായും ഒരുപാട് പേര്‍ തെരഞ്ഞെടുക്കുന്ന തീരക്കാഴ്ചയാവും ഗോസായിക്കുന്ന്.