ബംഗളുരുവില്‍ നിന്നും മാരകമയക്കുമരുന്ന് എത്തിച്ച് ജില്ലയുടെ പല ഭാഗങ്ങളിലായി ചില്ലറ വില്‍പ്പന; കുന്ദമംഗലത്ത് 20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍


കുന്ദമംഗലം: ബംഗളുരുവില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. പൂവാട്ട് പറമ്പ്സ്വദേശി കളരി പുറായില്‍ സാബു എന്ന കെ.പിഹര്‍ഷാദ് (24) വെള്ളിപറമ്പ് സ്വദേശി പാലാട്ടു മീത്തല്‍ ഷംസുദ്ധീന്‍ (38) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം കുന്ദമംഗലം ബസ്റ്റാന്‍ഡിന്റെ പിന്‍ ഭാഗത്തുനിന്നാണ് 20 ഗ്രാം എംഡിഎംഎയുമായി ഇരുവരെയും പിടികൂടിയത്. നാര്‍കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡാന്‍ സാഫ്) സബ് ഇന്‍സ്‌പെക്ടര്‍ എ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തത്.

ബംഗളുരുവില്‍ നിന്നും എംഡിഎംഎ വാങ്ങി ജില്ലയുടെ പല ഭാഗങ്ങളിലായി ചില്ലറ കച്ചവടം നടത്തി വരികയായിരുന്നു യുവാക്കള്‍. ഇവരുടെ സ്ഥിരമായുള്ള ബംഗളുരു സന്ദര്‍ശനത്തെ തുടര്‍ന്നാണ് പൊലീസ് സംഘം നീരീക്ഷണം ആരംഭിച്ചത്. ബംഗളുരുവില്‍ നിന്നും തിരികെ വന്നപ്പോഴാണ് ഇവര്‍ പിടിയിലായത്.

ഇവര്‍ ആര്‍ക്കെല്ലാമാണ് ഇത് വില്‍ക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും അന്വേഷിക്കും. അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി ഇവര്‍ക്കുള്ള ബന്ധവും ഇവരുടെ ബാങ്ക് അകൗണ്ട് വിവരങ്ങളും, ഫോണ്‍ രേഖകളും പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മിഷണര്‍ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു.

ഹര്‍ഷാദിനെ 2019 ല്‍ പത്തുകിലോ കഞ്ചാവുമായി ആന്ധ്രാ പൊലീസ് പിടികൂടിയതിനെ തുടര്‍ന്ന് 3 വര്‍ഷം ജയിലിലായിരുന്നു. ഷംസുദ്ധീന്‍ രാമാനാട്ടുകര, പൂവാട്ടുപറമ്പ് ഭാഗങ്ങളില്‍ മൊബൈല്‍ ഷോപ്പ് നടത്തിവരികയാണ്. മൊബൈല്‍ ഫോണ്‍ പര്‍ച്ചേസിംഗ് എന്ന് പറഞ്ഞാണ് ബംഗളുരു യാത്ര പോകുന്നത്. പക്ഷെ കൊണ്ടുവരുന്നത് മാരക ലഹരി മരുന്നാണെന്നും കൂട്ടിച്ചേര്‍ത്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയശേഷം റിമാാന്റ് ചെയ്തു.

ഡാന്‍സഫ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്, അസി. സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുറഹിമാന്‍ , അഖിലേഷ് കെ, അനീഷ് മൂസേന്‍വീട്, , സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്ത്, കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ എസ്.ഐ അബ്ദുറഹ്മാന്‍ , എ എസ്.ഐ ഗിരീഷ്, എ.സച്ചിത്ത് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.