കോരപ്പുഴ പാലം കടക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ്; എഞ്ചിന്‍ റൂമിനുള്ളില്‍ നിന്നുള്ള മനോഹരമായ ചിത്രം കാണാം


കോഴിക്കോട്: തിരുവനന്തപുരം-കാസര്‍കോഡ് റൂട്ടിലോടുന്ന കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് ഇന്ന് ഉച്ച മുതലാണ് ഔദ്യോഗികമായി സര്‍വ്വീസ് ആരംഭിച്ചത്. കാസര്‍കോഡ് നിന്ന് തിരുവനന്ദപുരത്തേക്കാണ് വന്ദേഭാരതിന്റെ ആദ്യ ഔദ്യോഗിക സര്‍വ്വീസ്.

കോരപ്പുഴ പാലം കടക്കുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വന്ദേഭാരതിന്റെ എഞ്ചിന്‍ റൂമില്‍ നിന്ന് ലോക്കോ പൈലറ്റുമാര്‍ക്ക് അടുത്ത് നിന്നാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ലോക്കോ പൈലറ്റുമാരും വന്ദേഭാരതിന്റെ കണ്‍ട്രോള്‍ പാനലും ചിത്രത്തില്‍ കാണാം. ഒപ്പം മുന്‍ഭാഗത്തെ ചില്ലിലൂടെയുള്ള കോരപ്പുഴ പാലത്തിന്റെ അതിമനോഹരമായ ചിത്രവും കാണാം. മാതൃഭൂമി ദിനപത്രത്തിലെ ഫോട്ടോഗ്രാഫറായ സാജന്‍ വി. നമ്പ്യാര്‍ ആണ് ഈ ചിത്രം പകര്‍ത്തിയത്.

സാജന്‍ വി. നമ്പ്യാര്‍ പകർത്തിയ ചിത്രം.


അത്യാധുനിക സൗകര്യങ്ങളാണ് വന്ദേഭാരത് ട്രെയിനില്‍ സജ്ജമാക്കിയിട്ടുള്ളത്. ചെയര്‍കാറുകളിലും എക്സിക്യുട്ടീവ് ചെയര്‍കാറുകളിലുമായി 1126 പേര്‍ക്കാണ് യാത്ര ചെയ്യാനാവുക. സീറ്റുകളുടെ നിറം ചുവപ്പ്. 180 ഡിഗ്രിയില്‍ തിരിയാനാകുന്ന സീറ്റുകളുമായി രണ്ട് ഫസ്റ്റ് ക്ലാസ് ചെയര്‍കാറുകളുണ്ട്. സീറ്റുകള്‍ക്കിടയില്‍ മൊബൈല്‍, ലാപ്ടോപ്പ് തുടങ്ങിയവ ചാര്‍ജ് ചെയ്യാം. ഇരിപ്പിടത്തിനുമുന്നില്‍, മുന്നിലെ സീറ്റിലെ പിന്‍ഭാഗത്തായി ഭക്ഷണം കഴിക്കാനുള്ള ട്രേ, കുപ്പിവെള്ളം എന്നിവ സൂക്ഷിക്കാനുള്ള ഇടം എന്നിവയുമുണ്ട്.

എല്ലാ കോച്ചുകളിലും സുരക്ഷാ ക്യാമറകളുണ്ട്. അറിയിപ്പുകള്‍, കോച്ചിന്റെ നമ്പര്‍, അടുത്ത സ്റ്റേഷന്‍, വണ്ടിയുടെ വേഗം, മറ്റ് സുരക്ഷാ മുന്നറിയിപ്പുകള്‍ എന്നിവയ്ക്കായി ഡിസ്‌പ്ലേ ബോര്‍ഡുണ്ട്. കോച്ചുകള്‍ക്കുള്ളിലുള്ള രണ്ട് എല്‍.ഇ.ഡി. സ്‌ക്രീനിലും മൂന്ന് ഭാഷകളിലായി ഇവ തെളിയും.


Related News: കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകള്‍ പുറത്ത്; കോഴിക്കോട് നിന്ന് ഓരോ സ്‌റ്റേഷനിലേക്കുമുള്ള ടിക്കറ്റ് നിരക്കുകള്‍ അറിയാം


വന്ദേഭാരതില്‍ ചാടിയിറങ്ങാനും ചാടിക്കയറാനുമാകില്ല. തീവണ്ടി നിര്‍ത്തിയാല്‍ മാത്രമേ വാതിലുകള്‍ തുറക്കൂ. വാതിലുകള്‍ തുറക്കുന്നതിനുമുമ്പ് മുന്നറിയിപ്പും മുഴങ്ങും. വണ്ടി വിടുന്നതിനുമുമ്പ് മുന്നറിയിപ്പോടെ വാതിലുകള്‍ അടയുകയും ചെയ്യും.

കാഴ്ചപരിമിതര്‍ക്ക് സീറ്റ് നമ്പറും മറ്റും മനസ്സിലാക്കുന്നതിന് ഇരിപ്പിടത്തിന്റെ വശങ്ങളില്‍ ബ്രെയ്‌ലി ലിപിയില്‍ സീറ്റ് നമ്പര്‍ എഴുതിയിട്ടുണ്ട്. കോച്ചില്‍ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ക്യാപ്റ്റനുമായി സംസാരിക്കാനുള്ള സംവിധാനം എല്ലാ കോച്ചിലുമുണ്ട്. വിമാനത്തിലേതിന് സമാനമായ ലഗേജ് കാബിനാണ്.


Don’t Miss: രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടാല്‍ 11.03ന് കോഴിക്കോട് എത്തും; വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും അറിയാം


വിമാനത്തിലുള്ള ഫ്ളഷിങ് സംവിധാനമാണ് ശൗചാലയത്തിലുള്ളത്. എക്സിക്യുട്ടീവ് കോച്ചില്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ തുറക്കുന്ന സ്ലൈഡിങ് ഡോര്‍ സംവിധാനമാണുള്ളത്.

എല്ലാ കോച്ചുകളിലും വൈഫൈ ഇന്‍ഫോടൈന്‍മെന്റ് സംവിധാനമുണ്ട്. ഇത് കണക്ട് ചെയ്താല്‍ നിങ്ങളുടെ ഫോണിലൂടെയോ ടാബിലൂടെയോ ലാപ്‌ടോപ്പിലൂടെയോ സിനിമ ഉള്‍പ്പെടെ കാണാം. നിലവില്‍ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് സിനിമകളും ടി.വി പരിപാടികളും മറ്റുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.


Also Read: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ മൂന്നു വര്‍ഷം കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക്; 473 കോടി രൂപയുടെ നവീകരണ പദ്ധതി നാളെ പ്രഖ്യാപിക്കും


മറ്റ് തീവണ്ടികളിലെല്ലാം ഒറ്റ പാന്‍ട്രിയാണ് ഉള്ളതെങ്കില്‍ വന്ദേഭാരതില്‍ എല്ലാ കോച്ചുകളിലും സൈഡ് പാന്‍ട്രി സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ തണുപ്പിച്ചും ചൂടാക്കിയും ആഹാരസാധനങ്ങള്‍ സൂക്ഷിക്കാന്‍ സംവിധാനമുണ്ട്.