കൊടും ചൂടിലും മലയിലെ പാറക്കെട്ടിലിരുന്ന് മഞ്ഞിന്റെ നനുത്ത തൂവൽസ്പർശമേൽക്കാനായി ഉറിതൂക്കി മലയിലേക്കൊരു യാത്ര പോകാം, സഞ്ചാരികളെ വരവേറ്റ് കോഴിക്കോടിന്റെ മൂന്നാർ


കൊടും ചൂടിലും മഞ്ഞ് പുതച്ച് സഞ്ചാരികളെ വരവേറ്റ് ഉറിതൂക്കി മല. വെക്കേഷൻ കാലത്ത് പ്രിയപ്പെട്ടവരുമായി ഒരു വൺ ഡേ പിക്ക്നിക്കിന് പോകാൻ പറ്റിയ ഇടമാണിവിടം. കോഴിക്കോട് ജില്ലയിലെ നരിപ്പറ്റ പഞ്ചായത്തിലാണ് ഉറിതൂക്കി മല സ്ഥിതി ചെയ്യുന്നത്.

കുറ്റ്യാടി വഴിയോ നാദാപുരം വഴിയോ കക്കട്ടിലെത്തി കൈവേലിയിൽ നിന്ന് 10 കി.മി. സഞ്ചരിച്ചാൽ ഇവിടെ എത്താം. ഓഫ് റോഡ് യാത്ര ഇഷ്ടപെടുന്നവർക്ക് നല്ലൊരു ഓപ്ഷൻ കൂടിയാണിത്. സഞ്ചാരികളുടെ ഇടയിൽ അധികം അറിയപ്പെടാത്ത പ്രകൃതിഭംഗി ഒട്ടും ചോരാത്ത മനോഹര സ്ഥലങ്ങളിലൊന്നാണിത്. കൊടുംചൂടില്‍ നിന്ന് ആശ്വാസം തേടി മഞ്ഞണിഞ്ഞു കിടക്കുന്ന ഉറിതൂക്കിമലയുടെ സൗന്ദര്യം ആസ്വദിക്കാനായി ദിവസവും നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഉയരംകൂടിയ കുന്നുകളും കിഴുക്കാംതൂക്കായിനില്‍ക്കുന്ന പാറക്കൂട്ടങ്ങളും നീര്‍ച്ചാലുകളും കൊച്ചരുവികളും പുല്‍മേടുകളുമെല്ലാം ഇവിടെയെത്തുന്ന സന്ദർശക്ക് വശ്യമനോഹരമായ കാഴ്ചയൊരുക്കുന്നു.

മഞ്ഞുപുതച്ച മലയിലെ പാറക്കെട്ടിലിരുന്ന് കൊടും ചൂടിലും മഞ്ഞിന്റെ നനുത്ത തൂവൽസ്പർശമേറ്റ് കോഴിക്കോടിന്റെയും കണ്ണൂരിന്റെയും കാഴ്ചകൾ കണ്ടാസ്വാദിക്കാം. ഇതിനാൽ തന്നെ കൊടും വേനലിൽ മഞ്ഞും ദൃശ്യ ഭംഗിയും ആസ്വദിക്കാനായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.

ഉറിതൂക്കി മല വീരപഴശ്ശിയു​മായി ബന്ധപ്പെട്ടിരിക്കുന്നു. ശത്രുവിൽ നിന്ന് ഒളിവിൽ കഴിയാനും മറ്റും പഴശ്ശിരാജാവ് ഈ മലയിൽ എത്തി താമസിച്ചിരുന്നെന്നാണ് ചരിത്രം. അക്കാലത്ത് മലയിൽ പാമ്പുകൾ ഒരു പാട് ഉണ്ടായിരുന്നതിനാൽ ഭക്ഷണം ഉറിയിൽ തൂക്കിയിട്ടിരുന്നതിനാലാണ് ഉറിതൂക്കി മല എന്ന പേര് വന്നത് എന്നാണ് പറയപ്പെടുന്നത്.

മലയിലേക്കുള്ള യാത്ര അല്‍പം ബുദ്ധിമുട്ടേറിയതാണ്. എങ്കിലും നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഏറെയും യുവാക്കളാണ്. മഴകാലത്ത് പറയ്ക്ക് മുകളിലേക്ക് പോകുന്നത് ശ്രദ്ധിക്കണം. കൂടാതെ കുട്ടികളുമായും പ്രായമായവരുമായും പോകുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.


English Summary / Content Highlights: Urithooki Mala, a beautiful travel spot in Kozhikode district.