സ്വാതന്ത്ര്യദിന പരിപാടികൾക്ക് കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരം നൽകിയില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് മീറ്റിങ്ങിൽ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി; മുമ്പൊരിക്കൽ നൽകിയപ്പോൾ ഭവിഷ്യത്ത് അനുഭവിച്ചതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കീഴരിയൂർ: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് കീഴരിയൂർ ബോംബ് കേസ് സ്മാര മന്ദിരം വിട്ട് നൽകിയില്ല എന്ന് ആരോപിച്ച് പഞ്ചായത്ത് മീറ്റിങ്ങിൽ നിന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. കീഴരിയൂർ സി.കെ.ജി സാംസ്കാരിക വേദി വിദ്യാർത്ഥികൾക്കു വേണ്ടി നടത്തുന്ന പതിനാറാമത് ‘സ്വാതന്ത്ര്യം തന്നെ അമൃതം’ പരിപാടിക്ക് കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് അഞ്ച് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.
കമ്യൂണിറ്റി ഹാൾ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് മുകൾ നില നിർമ്മിക്കുന്നതിനായി വിട്ടു കൊടുത്തിരുന്നതാണ് മന്ദിരം വിട്ട് നൽകാതിരിക്കാൻ കാരണമായി പറയുന്നത്. ഇതിനിടയിൽ ‘എരി’ നാടകം പരിശീലിക്കുന്നതിന് വേണ്ടി രണ്ട് മാസക്കാലം വിട്ടു കൊടുത്തിട്ടുണ്ടെന്നും യു.ഡി.എഫ് ആരോപിച്ചു.
ഗ്രാമസഭ തുടർച്ചയായി ഇവിടെ വെച്ചാണ് നടന്നു വരുന്നത്. സി.കെ.ജി സാംസ്കാരിക വേദി നടത്തുന്ന സ്വാതന്ത്ര്യ ദിന പരിപാടിക്ക് ഓഡിറ്റോറിയം വിട്ടുനൽകാത്തത് നിന്ദ്യവും ദുരൂഹത നിറഞ്ഞതുമാണെന്ന് ഇറങ്ങിപ്പോവുന്നതിന് മുമ്പ് പഞ്ചായത്ത് അംഗങ്ങളായ കെ.സി.രാജൻ, ഇ.എം.മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, ജലജ കുറുമയിൽ, ഗോപാലൻ കുറ്റിഒയത്തിൽ എന്നിവർ പറഞ്ഞു.
അതേസമയം കെട്ടിടത്തിന്റെ താക്കോൽ പഞ്ചായത്ത് ഊരാളുങ്കലിന് കൈമാറിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമ്മല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. യോഗം അവസാനിച്ച ശേഷമാണ് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയത്. മുമ്പ് ഒരു പരിപാടിക്കായി കെട്ടിടം നൽകിയപ്പോൾ അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചതാണ്. കെട്ടിടം തങ്ങൾക്ക് കൈമാറിയ ശേഷവും പരിപാടികൾക്കായി വിട്ട് നൽകിയതിൽ ഊരാളുങ്കൽ എതിർപ്പ് അറിയിച്ചിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..