സ്വാതന്ത്ര്യസമരത്തിലെ എഴുതപ്പെടാത്ത പോരാളി; കീഴരിയൂർ ബോംബ് കേസിലെ ഏക രക്തസാക്ഷി മുള്ളങ്കണ്ടി കുഞ്ഞിരാമന്റെ വിസ്മൃതിയിലാണ്ട ജീവിതം അറിയാം


സുഹാനി എസ്. കുമാർ

കീഴരിയൂർ ബോംബ് കേസിലെ ഏക രക്തസാക്ഷിയാണ് മുള്ളങ്കണ്ടി കുഞ്ഞിരാമൻ. ചെറുപ്രായത്തിലെ നാടിനു വേണ്ടി ജീവൻ വെടിഞ്ഞ സ്വാതന്ത്ര്യസമര പോരാളി.

കീഴരിയൂർ ബോംബ് കേസ് സ്മാരകം


കീഴരിയൂർ ബോംബ് കേസിലെ പതിനാലാമത് പ്രതിയാണ് കുഞ്ഞിരാമൻ. കുറുമയിൽ കേളുക്കുട്ടിയുടെ വീട്ടിലെ കാര്യസ്ഥൻ ആയിരുന്നു ഇദ്ദേഹം. ബോംബ് നിർമിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്തു എന്നതായിരുന്നു കുറ്റം. അറസ്റ്റിൽ ആകുമ്പോൾ കുഞ്ഞിരാമന് പ്രായം 29. വിവാഹം കഴിഞ്ഞ് ആറുമാസം, ഗർഭിണിയായ ഭാര്യയുടെയും കുടുംബത്തിന്റെയും മുന്നിൽ നിന്നാണ് പോലീസ് കുഞ്ഞിരാമനെ അറസ്റ്റ് ചെയ്തത്.

കൊയിലാണ്ടി ജയിലിലെ തടവറയിൽ കുഞ്ഞിരാമനും കൂട്ടർക്കും കൊടിയ പീഡനങ്ങൾക്ക് ഇരയാവേണ്ടി വന്നു. നഖങ്ങൾക്കുള്ളിൽ ഈർക്കിൽ കയറ്റലടക്കമുള്ള പീഡനങ്ങൾ. ദിവസങ്ങൾ കഴിയുംതോറും മർദ്ദനത്തിന്റെയും പീഡനങ്ങളുടെയും തോതും കൂടിവന്നു.

ജയിലിലെ ഇരുട്ടറകൾക്കുള്ളിൽ ഇരുന്നാണ് തന്റെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയത് കുഞ്ഞിരാമൻ അറിയുന്നത്. തന്റെ പൊന്നോമനയെ ഒരു നോക്കു കാണാൻ അയാൾ ആഗ്രഹിച്ചു. ജയിലിന് പുറത്ത് അനുജൻ കണാരൻ പല ദിവസങ്ങളിലും കൈക്കുഞ്ഞുമായി എത്തിയിരുന്നു. എന്നാൽ കുഞ്ഞിനെ ഒരു നോക്ക് കാണാൻ പോലും പോലീസുകാർ സമ്മതിച്ചില്ല.

കീഴരിയൂരിൽ നിന്ന് പുഴ കടന്ന് വേണം കൊയിലാണ്ടിയിലെത്താൻ. ദിവസങ്ങൾ മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെയും നെഞ്ചോട് ചേർത്തുള്ള ആ യാത്ര നാട്ടുകാർ കണ്ണീരോടെ നോക്കി നിന്നു.

കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരം


പിന്നീട് കുഞ്ഞിരാമനെയും കൂട്ടരെയും കർണാടകയിലെ ആലിപുരം ജയിലിലേക്ക് മാറ്റി. പോലീസുകാരുടെ കൊടിയ പീഡനങ്ങളുടെ ഫലമായി എല്ലാവരും അവശരായിരുന്നു. ആഗസ്റ്റ് 11ന് ന്യൂമോണിയ ബാധിച്ചാണ് കുഞ്ഞിരാമൻ മരണമടയുന്നത് എന്ന് വി.എ.കേശവൻ നായരുടെ ഇരുമ്പഴിക്കുള്ളിൽ എന്ന കൃതിയിൽ പറയുന്നു. കുഞ്ഞിരാമന്റെ ശവശരീരം കുടുംബത്തെ ഒരു നോക്കു കാണിക്കുക പോലും ചെയ്തില്ല. ജയിലിനകത്ത് തന്നെ മറവ് ചെയ്തു എന്നാണ് പറയപ്പെടുന്നത്.

കുഞ്ഞിരാമൻ എന്ന ധീര രക്തസാക്ഷിയുടെ ഒരു ചിത്രം പോലും ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. മുയിപ്പോത്തുകാരിയായ ഭാര്യയും മകളും ഇന്ന് ജീവിച്ചിരിപ്പില്ല. സ്വാതന്ത്ര്യത്തിന്റെ 75 വർഷം തികയുന്ന ഈ വേളയിൽ കുഞ്ഞിരാമന്റെ വേരുകൾ തേടുകയാണ് കീഴരിയൂർ സ്മാരക സമിതി.


നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..