‘ജോസഫ് ആത്മഹത്യ ചെയ്തതല്ല പിണറായി സര്‍ക്കാര്‍ കൊന്നതാണ്; ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് യു ഡി എഫ് പ്രതിഷേധ മാര്‍ച്ച്
പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് യു ഡി എഫ് പ്രതിഷേധ മാര്‍ച്ച്. കഴിഞ്ഞ ദിവസം ചക്കിട്ടപ്പാറയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോസഫിന്റെ മരണത്തിന് ഉത്തരവാദികള്‍ പിണറായി സര്‍ക്കാരെന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് നടത്തിയത്.
ജോസഫ് ആത്മഹത്യ ചെയ്തതല്ലെന്നും പിണറായി സര്‍ക്കാര്‍ കൊന്നതാണെന്നും മുദ്രാവാക്യം മുഴക്കിയായിരുന്നു മാര്‍ച്ച് നടത്തിയത്. നിരവധി തവണ മുടങ്ങിയ പെന്‍ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് പരാതിയുമായി പഞ്ചായത്ത് കയറിയിറങ്ങിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് യു.ഡി എഫ് ആരോപിക്കുന്നത്.
ചക്കിട്ടപ്പാറ പഞ്ചായത്തിലെ ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തത് മൂലം ജീവിതം വഴിമുട്ടി ആത്മഹത്യ ചെയ്ത മുതുകാട്ടിലെ വളയത്ത് ജോസഫ്‌ന്റെ മരണത്തെ ചൂണ്ടി കാട്ടി അടിയന്തിരമായി ഇടപെടാന്‍ ദേശീയ മനുഷ്യവകാശ കമ്മീഷണര്‍ക്കും സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ക്കും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ ഹരികൃഷ്ണന്‍ പരാതിപ്പെട്ട് കത്തയച്ചിട്ടുണ്ട്.