സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് കൊളത്തറ ചെറുവണ്ണൂര്‍ കോട്ടാലട എ.കെ നിഹാദ് ഷാന്‍ (24), കൂട്ടുകാരന്‍ മലപ്പുറം വാഴയൂര്‍ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്.
കന്യാകുമാരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. കേസിലെ രണ്ടാം പ്രതി ജുനൈദിനെ ഞായറാഴ്ച മലപ്പുറത്ത് നിന്നും ഒന്നാം പ്രതി നിഹാദിനെ ചൊവ്വാഴ്ച കോഴിക്കോട്ട് നിന്നുമാണ് പൊലീസ് പിടികൂടിയത്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ഇടങ്ങളില്‍ കൊണ്ട് പോയി ഇവര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട ശേഷം യുവതിയും നിഹാദ് ഷാനും തമ്മില്‍ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് വിവാഹ ആവശ്യം മുന്നോട്ട് വെച്ച യുവതിയോട് നിഹാദ് ഷാന്‍ മതം മാറണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി അതിന് വിസമ്മതിച്ചു. ഇതോടെ നിഹാദ് ബന്ധം ഒഴിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി വീണ്ടും ബന്ധപ്പെട്ടപ്പോള്‍ നിഹാദ്, തനിയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റേന്നും ഓര്‍മ്മ നഷ്ടപ്പെട്ട് പഴയ കാര്യങ്ങള്‍ എല്ലാം മറന്ന് പോയെന്നും സുഹൃത്തുക്കള്‍ മുഖേന യുവതിയെ തെറ്റിദ്ധരിപ്പിച്ചു.
ഇത് സ്ഥിരീകരിക്കാന്‍ നിഹാദിന്റെ സുഹൃത്തുക്കളെ യുവതി വീണ്ടും വിളിച്ചപ്പോഴും നിഹാദിന് ഓര്‍മ്മ നഷ്ടപ്പെട്ടെന്ന് സുഹൃത്തുക്കളും ഇത് സ്ഥിരീകരിച്ചു. തുടര്‍ന്ന് നിഹാദ് പെരുന്തല്‍മണ്ണ ആശുപത്രിയിലാണെന്നും അവിടേയ്ക്ക് വരാനും ഇവര്‍ യുവതിയോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് പെരുന്തല്‍മണ്ണയിലെത്തിയ യുവതിയെ മുഹമ്മദ് ജുനൈദ് കോയമ്ബത്തൂരേക്ക് കൊണ്ടുപോയി. എന്നാല്‍, തമിഴ് ബോര്‍ഡുകള്‍ കണ്ട് സംശയം തോന്നിയ മലയാളം അറിയാത്ത യുവതി ബഹളം വച്ചു. ഇതേ തുടര്‍ന്ന് ജുനൈദ് വാഹനം കോഴിക്കോട്ടേക്ക് വിട്ടു. അന്ന് രാത്രി കോഴിക്കോട് കാക്കഞ്ചേരിയില്‍ ഹോട്ടലില്‍ മുറിയെടുക്കുകയും അവിടെ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ജുനൈദ് ശ്രമിക്കുകയും ചെയ്തു.
ഒടുവില്‍ നിഹാദിന് അപകടം പറ്റിയിട്ടില്ലെന്നും നിഹാദും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ കുടുക്കുകയായിരുന്നന്നും മനസിലാക്കിയ യുവതി കഴിഞ്ഞ ഒക്ടോബര്‍ 29 ന് പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കാനായി ഏതാണ്ട് 12 ഓളം സിമ്മുകള്‍ മാറിമാറി ഉപയോഗിച്ച നിഹാദിനെ ഒടുവില്‍ കോഴിക്കോട് ഗോതിശ്വരത്ത് തനിച്ച് താമസിക്കുന്ന ആളെ ശുശ്രൂഷിക്കാനെന്ന വ്യാജേന ഒളിവില്‍ കഴിയവെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.