കൊയിലാണ്ടിയിലേക്ക് പോകുന്ന യാത്രക്കാരെന്ന വ്യാജേനെ ഓട്ടോറിക്ഷയിൽ യാത്ര; പരിശോധിച്ചപ്പോൾ കയ്യിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നാലു കിലോ കഞ്ചാവ്; രണ്ടു പേർ പിടിയിൽ


കൊയിലാണ്ടി: വിപണയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നാലു കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. തമിഴ്നാട് കുഡ്ഡലോർ സ്വദേശി മുരുകൻ, കോഴിക്കോട് സൗത്ത് ബീച്ച്‌ സ്വദേശി മജീദ് എന്നിവരാണ് കഞ്ചാവുമായി പൊലീസിൻറെ പിടിയിലായത്. പൂളാടിക്കുന്ന് ജംഗ്ഷന് സമീപം വെച്ചാണ് പ്രതികളെ പിടികൂടിയത്.

കൊയിലാണ്ടിയിലേക്ക് യാത്രക്കാരെന്ന വ്യാജേന ഓട്ടോറിക്ഷയിലാണ് പ്രതികൾ വന്നിരുന്നത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് പിടിയിലായ മജീദ് എന്ന് പോലീസ് പറഞ്ഞു. ആന്ധ്രയിൽ നിന്നും ലഹരികടത്തുകാർ തമിഴ്നാട്ടിലെ കാട്പാടിയിലെത്തിക്കുന്ന കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന മയക്കുമരുന്ന് സംഘത്തിൽപെട്ട പ്രധാനിയാണ് തമിഴ്നാട് സ്വദേശിയായ മുരുകൻ. ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്) എലത്തൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ കഞ്ചാവ് സഹിതം പിടികൂടിയത്.

ഈയടുത്തായി നിരവധി കഞ്ചാവ് കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആന്ധ്രയിലെ മാവോയിറ്റ് ശക്തികേന്ദ്രങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തിയിരുന്ന കഞ്ചാവ് ധാരാളം തവണ കോഴിക്കോട് സിറ്റി പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടം ആന്ധ്രപോലീസ് നശിപ്പിക്കുകയും ചെയ്തിരുന്നു. മൂന്നുറു മുതൽ അഞ്ഞൂറ് രൂപയ്ക്കു വരെ നൽകാവുന്ന രീതിയിൽ കുഞ്ഞു കവറുകളിലാക്കിയ നിലയിലാണ് ഇവരുടെ കയ്യിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.

വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവാണ് പ്രതികളിൽ നിന്നും കണ്ടെടുത്തത്. ആന്ധ്രയിലെ രാജമുദ്രിയിലും ഈസ്റ്റ് ഗോദാവരി ജില്ലയിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലും കൃഷിചെയ്യുന്ന കഞ്ചാവ് കിലോഗ്രാമിന് ആയിരം രൂപയ്ക്ക് വാങ്ങി കേരളത്തിൽ മുപ്പത്തിരണ്ടായിരം രൂപയ്ക്കാണ് വിൽപന നടത്തുന്നത്. മൊത്തവിപണനക്കാരിൽ നിന്നും ചെറിയ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് പ്ളാസ്റ്റിക് പൗച്ചുകളിലാക്കി മുന്നൂറു മുതൽ അഞ്ഞൂറ് രൂപവരെ ഈടാക്കിയാണ് വിൽപന നടത്തുന്നത്.

എലത്തൂർ പൊലീസ് ഇൻസ്പെക്ടർ സായൂജ്, എസ്.ഐ മാരായ രാജീവ്, സന്ദീപ് എ.എസ്.ഐ മാരായ പ്രകാശൻ സുരേഷ് ഡൻസാഫ് അംഗങ്ങളായ എ.എസ്.ഐ മനോജ് എടയിടത്ത്, സി.പി.ഒ സിനോജ് , ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്ബത്ത് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.