കനാല്‍ അറ്റകുറ്റപ്പണി വൈകിക്കുന്നത് ജീവനക്കാരുടെയും ഫണ്ടിന്റെയും അഭാവം; ദേശീയപാത നിര്‍മ്മാണ പ്രവൃത്തികളും തടസം സൃഷ്ടിച്ചു: വിയ്യൂര്‍ മേഖലയില്‍ വെള്ളമെത്താത്ത വിഷയത്തില്‍ വിശദീകരണവുമായി ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍


കൊയിലാണ്ടി: കനാല്‍ വഴി വെള്ളം തുറന്നുവിടാന്‍ വൈകുന്ന വിഷയത്തില്‍ വിശദീകരണവുമായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്. മതിയായ ജീവനക്കാരില്ലാത്തതും ഫണ്ടിന്റെ അഭാവവുമൊക്കെ കാരണം അറ്റകുറ്റപ്പണികള്‍ നടക്കാത്തതാണ് കനാലിലൂടെ വെള്ളം തുറന്നുവിടാന്‍ വൈകുന്നതിന് കാരണമെന്ന് സെക്ഷന്‍വണ്‍ പുതുപ്പണം മേഖലയിലെ അസിസ്റ്റന്റ് എഞ്ചിനിയര്‍ അശ്വതി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഇറിഗേഷനിലെ വളരെ ചുരുങ്ങിയ ജീവനക്കാരെ കൊണ്ടാണ് കനാല്‍ ശുചീകരിച്ച് വെള്ളം വിടുന്നത്. 603 കിലോമീറ്റര്‍ നീളമുള്ള കനാലിനായി 24 എച്ച്.ആര്‍ ജീവനക്കാര്‍ മാത്രമേയുള്ളൂ. ചുരുങ്ങിയ ജീവനക്കാരെക്കൊണ്ട് അത്യാവശ്യം ചിലയിടങ്ങളില്‍ മാത്രം അറ്റകുറ്റപ്പണി നടത്തിയാണ് വെള്ളം വിടുന്നത്. കനാല്‍ പഴയതായതുകൊണ്ടും ആവശ്യത്തിന് ഫണ്ടില്ലാത്തതിനാലും പലയിടത്തും അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താന്‍ കഴിയുന്നില്ല.

ഫെബ്രുവരി 28നാണ് ഡാം തുറന്നത്. അതിനുശേഷം അയനിക്കാട്, കക്കോടി, നടുവണ്ണൂര്‍ ബ്രാഞ്ച് കനാലുകളിലേക്ക് വെള്ളം കൊടുത്തുകഴിഞ്ഞു. കനാല്‍ വെള്ളം വിടുമ്പോള്‍ ആദ്യ മുന്‍ഗണ കൃഷിയ്ക്കാണ്. അതത് പ്രദേശത്തെ കൃഷി ഓഫീസര്‍ അറിയിച്ചു കഴിഞ്ഞാല്‍ മാത്രമാണ് കൃഷിക്ക് കൃത്യമായ സമയത്ത് വെള്ളം കൊടുക്കുന്നത്. മൂടാടി പഞ്ചായത്ത് ഭാഗത്തെ കൃഷി ഓഫീസില്‍ നിന്നും ആ മേഖലയില്‍ കൃഷിയുള്ള കാര്യം അറിയിച്ചിട്ടുണ്ടായിരുന്നില്ലെന്നും അസിസ്റ്റന്റ് എഞ്ചിനിയര്‍ പറഞ്ഞു.

കൃഷിയ്ക്കുള്ള വെള്ളം കൊടുത്തതിനുശേഷം പരിഗണന നല്‍കുക കുടിവെള്ള പ്രശ്‌നത്തിനാണ്. കൃഷിയ്ക്കുള്ള വെള്ളം നല്‍കിയശേഷം മാര്‍ച്ച് രണ്ടാമത്തെ ആഴ്ച വെള്ളം കൊടുക്കാനായി ചാര്‍ട്ട് തയ്യാറാക്കിയിരുന്നു. എന്നാല്‍ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇരിങ്ങല്‍ ബ്രാഞ്ച് കനാലിന്റെ പലഭാഗത്തും പൈപ്പ് ഇട്ടിട്ടുണ്ട്. ബ്രാഞ്ച് കനാലില്‍ തന്നെ മൂന്നിടത്താണ് പൈപ്പിട്ടത്. ഇറിഗേഷന്റെ ഡിസൈന്‍ പ്രകാരമല്ല ഇവര്‍ പൈപ്പിട്ടത്. രണ്ടുമീറ്ററാണ് പൈപ്പിട്ടത്. ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയ്ക്ക് തടസമുണ്ടാക്കരുത് എന്ന് മേല്‍ ഓഫീസുകളില്‍ നിന്നും വാക്കാല്‍ നിര്‍ദേശമുള്ളതിനാല്‍ ഈ വിഷയത്തില്‍ ഇടപെടാനും കഴിയില്ല. പൈപ്പിട്ട പലഭാഗങ്ങളിലും ലീക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പരിഹാരമുണ്ടാക്കാനുള്ള പ്രൊപ്പോസല്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഫണ്ടൊന്നും കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

നിലവില്‍ വളരെ റിസ്‌ക് എടുത്താണ് ഇരിങ്ങല്‍ ബ്രാഞ്ച് കനാലിന്റെ പലഭാഗത്തും വെള്ളം വിട്ടത്. പൈപ്പിട്ടിരിക്കുന്നതിനാല്‍ ചിലയിടത്ത് വെള്ളം ലഭിക്കാതിരിക്കാന്‍ സാധ്യതയുണ്ട്. ടെസ്റ്റ് ചെയ്തതിനുശേഷം മാത്രമേ അങ്ങോട്ടേക്ക് വെള്ളം വിടാന്‍ പറ്റുകയുള്ളൂ. ടെസ്റ്റ് ചെയ്യാന്‍ വേണ്ടി തിരുവങ്ങൂര് കഴിഞ്ഞദിവസം തുറന്നിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ കുറ്റ്യാടി ഡാമില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് കനാലുകള്‍ അടിയന്തിരമായി അടക്കേണ്ടി വന്നിട്ടുണ്ട്. അതിനാലാണ് ഇരിങ്ങല്‍ ബ്രാഞ്ച് വഴിയുള്ള ജലവിതരണം നിര്‍ത്തിവെച്ചതെന്നും അസിസ്റ്റന്റ് എഞ്ചിനിയര്‍ പറഞ്ഞു.

കൃത്യസമയത്ത് കനാല്‍ വെള്ളം എത്താത്തതിനാല്‍ വിയ്യൂരില്‍ കാക്കുളം പാടശേഖരത്ത് പത്തേക്കറോളം കൃഷി നാശത്തിന്റെ വക്കിലാണെന്ന് കൊയിലാണ്ടി ന്യൂസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. കൃഷി നശിക്കുകയും കുടിവെള്ളക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നത് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അലംഭാവം കാരണമാണെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അസിസ്റ്റന്റ് എഞ്ചിനിയറുടെ പ്രതികരണം.