കോടപുതച്ച മലനിരകൾ, സൂര്യൻ കൈക്കുമ്പിളിൽ അസ്തമിക്കുന്ന കാഴ്ച, പ്രകൃതിഭംഗി ആസ്വദിച്ചൊരു ട്രെക്കിംഗും; കണ്ണൂരിലെ പാലക്കയം തട്ടിലേക്ക് ഒരു യാത്ര പോയാലോ…
ജോലി തിരക്കുകളിൽ നിന്നെല്ലാം വിട്ടുമാറി കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം അല്പ സമയം ചിലവഴിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ. എന്നാൽ എവിടേക്ക് പോകുമെന്നാണ് പലരും നേരിടുന്ന പ്രശ്നം. അവധി ലഭിക്കുന്ന കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്ന നിരവധി സ്ഥലങ്ങൾ കൊയിലാണ്ടിക്ക് സമീപത്തായുണ്ട്. നഗരത്തിരക്കുകളിൽനിന്ന് ഒഴിഞ്ഞുമാറി ശാന്തവും പ്രകൃതി സൗന്ദര്യവും നിറഞ്ഞ പ്രദേശങ്ങളിലേക്ക് ഒരു യാത്ര പോയാലോ?
പ്രകൃതിയുടെ വശ്യത ആവോളം ആസ്വദിക്കാൻ കഴിയുന്ന നിരവധി ഇടങ്ങൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലുണ്ട്. അത്തരമൊരു സ്വർഗഭൂമിയാണ് കണ്ണൂർ ജില്ലയിലെ പാലക്കയം തട്ട്.
സമുദ്രനിരപ്പിൽനിന്ന് 3500-ലധികം അടി ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന കുന്നോളം കുളിരേകുന്ന നാടെന്നും പാലക്കയം തട്ടിനെ വിശേഷിപ്പിക്കാം. കോടമണിഞ്ഞ പാലക്കയം തട്ട് മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ്. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് പാലക്കയം തട്ടിലെത്താം. കണ്ണൂരിൻ്റെ കുടജാദ്രിയെന്നും ഊട്ടിയെന്നും പാലക്കയത്തിനെ വിശേഷിപ്പിക്കുന്നു.
പാലക്കയം തട്ടിലേക്ക് സ്വാഗതം ചെയ്യുന്ന ചെക്പോസ്റ്റിലാണു ടിക്കറ്റ് കൗണ്ടർ. കവാടം കടന്ന് മുളങ്കൂട്ടത്തിനുള്ളിലൂടെ നടന്നു കയറുന്നതു തട്ടിന്റെ മേടയിലേക്കാണ്. ബാരിക്കേഡ് കെട്ടിയ തട്ടിനരികെ ഇരുമ്പു ബെഞ്ചുകളിലിരുന്നാൽ തളിപ്പറമ്പിന്റെ കിഴക്കൻ ഗ്രാമങ്ങൾ കാണാം. നിരയായ പാറപ്പുറം, അഡ്വഞ്ചർ പാർക്ക്, ടെന്റുകൾ, വ്യൂ പോയിന്റ് ഇത്രയുമാണ് വിനോദവും കാഴ്ചകളും.
കുറച്ച് വർഷം മുമ്പുവരെ കണ്ണൂർ ജില്ലയിലുള്ളവർക്കിടയിൽപോലും അധികമറിയപ്പെടാതിരുന്ന സ്ഥലമായിരുന്നു പാലക്കയം തട്ട്. എന്നാൽ, മലയിലെ വിനോദസഞ്ചാര സാധ്യതകൾ കണ്ട് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതോടെ സ്ഥിതിമാറി. മലമുകളിലെ കുളിര് തേടി ദൂരസ്ഥലങ്ങളിൽ നിന്നുപോലും സഞ്ചാരികൾ വൻതോതിൽ ഇവിടേക്ക് ഒഴുകിയെത്താറുണ്ട്.
ഒരു വശത്ത് പൈതൽ മല, മറുഭാഗത്ത് വളപട്ടണം പുഴ, അതിനരികിൽ കുടകിന്റെ വനസമൃദ്ധി, ആകാശച്ചെരിവുവരെ പരന്നുകിടക്കുന്ന താഴ്‌വാരക്കാഴ്ചകൾ ഇതൊക്കെയാണ് പാലകയത്തിലെത്തുന്നവരെ കാത്തിരിക്കുന്ന മനോഹരമായ കാഴ്ചകൾ. വിദൂരകാഴ്ച ആസ്വദിക്കുവാനായി ചതുരത്തിലുള്ള സിമന്റ് ഫ്രെം ഒരുക്കിയിട്ടുണ്ട്. അതിന് മുകളിൽ നിന്നുള്ള കാഴ്ച നമ്മെ മറ്റൊരു ലോകത്തെത്തിക്കും. പാലക്കയം തട്ടിലെത്തുന്നവർ ഫ്രെയ്മിനരികിൽ നിൽക്കുന്ന ചിത്രവും പകർത്താറുണ്ട്.
ഉദയ‐അസ്തമയക്കാഴ്ചയാണ് ഇവിടുത്തെ മറ്റൊരാകർഷണം. സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും കാഴ്ചകൾ ആരെയും അതിശയിപ്പിക്കും. സദാസമയവും വീശിയടിക്കുന്ന നനുത്ത കാറ്റും മൂടൽമഞ്ഞും നൂൽപോലെ പെയ്യുന്ന മഴയുമെല്ലാം ഒരുമിക്കുന്ന മായാലോകം. അതിനിടയിൽ സൂര്യൻ ഉദിച്ചുയരുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്. സൂര്യോദയം അതിന്റെ പരമോന്നത ഭംഗിയിൽ തന്നെ ആസ്വദിക്കണമെങ്കിൽ മല കയറി ഇങ്ങോട്ട് പോന്നോളൂ.
വൈകുന്നേരമാകുന്നതോടെ പ്രകൃതി അണിഞ്ഞൊരുങ്ങി സുവർണ ശോഭയിൽ കൂടുതൽ സുന്ദരിയായി മാറും. സൂര്യൻ കൈക്കുമ്പിളിൽ വന്നസ്‌തമിക്കുന്ന പ്രതീതി. ഇരുട്ടു പരക്കുമ്പോൾ അടുത്തുള്ള ചെറുപട്ടണങ്ങളിലെ വൈദ്യുത വെളിച്ചവും വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്നുള്ള വെളിച്ചവും താഴ്‌വരയെ ദീപക്കടലാക്കി മാറ്റും.
തളിപ്പറമ്പ്-നടുവിൽ-കുടിയാൻമല ബസിൽ കയറി മണ്ടളത്തോ പുലിക്കുരുമ്പയിലോ ഇറങ്ങിയാൽ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ പാലക്കയത്തെത്താം. ഉദയാസ്തമനങ്ങളും, കണ്ണൂരിൻ്റെ മുഴുവൻ കാഴ്ചയും പാലക്കയത്തിന് മുകളിൽ നിന്ന് ദൃശ്യമാണ്. സാഹസിക റൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മലയുടെ അടിവാരത്ത് റിസോർട്ടുകളും താമസത്തിന് ലഭ്യമാണ്. പൈതൽ മല, കാഞ്ഞിരക്കൊല്ലി എന്നിവയും പാലക്കയത്തിനൊപ്പം സന്ദർശിക്കാം. വടകരയിൽ നിന്ന് മൂന്ന് മണിക്കൂർ സഞ്ചരിച്ചാൽ പാലക്കയത്തെത്താം.
Summary: travel Palakkayam Thattu tourist spot in kannur