കരളിന്റെ പ്രവര്‍ത്തനത്തില്‍ അപാകത, രക്തപരിശോധനയിലും പ്രശ്‌നങ്ങള്‍; എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


കോഴിക്കോട്: എലത്തൂര്‍ തീവണ്ടി ആക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞപ്പിത്തത്തെത്തുടര്‍ന്ന് ഇന്ന് വൈകീട്ടോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരളിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

രക്ത പരിശോധന നടത്തിയപ്പോള്‍ ഉണ്ടായ സംശയങ്ങളെ തുടര്‍ന്നാണ് പ്രതിയെ വീണ്ടും വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഷാരുഖിന്റെ ദേഹത്തുള്ള പരുക്കുകളുടെ സ്വഭാവവും പഴക്കവും ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. ബുധനാഴ്ച്ച മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നും പിടിയിലായ ഷാരൂഖിനെ ഇന്ന് പുലര്‍ച്ചെയോടെയാണ് കേരളത്തിലെത്തിച്ചത്. കോഴിക്കോട് മാലൂര്‍ കുന്ന് പൊലീസ് ക്യാമ്പിലെത്തിച്ച പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയത്.

ആറു മണിക്കൂറിലധികം ഡോക്ടര്‍മാരുടെ വിദഗ്ധസംഘം പ്രതിയെ പരിശോധിച്ചു. ആശുപത്രിയില്‍ പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാണു ഷാറൂഖ് സെയ്ഫി. മെഡിക്കല്‍ കോളജിലെ വിവിധ വകുപ്പ് മേധാവികള്‍ നടത്തിയ പരിശോധനയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്ന് ആദ്യഘട്ടത്തില്‍ വ്യക്തമായെങ്കിലും പിന്നീട് ലഭിച്ച രക്തപരിശോധനാ റിപ്പോര്‍ട്ടില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.

ഈ സാഹചര്യത്തില്‍ കൂടിയാണ് കിടത്തി ചികിത്സ ആവശ്യമെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തിയത്. ഇത് ആശുപത്രിയില്‍ എത്തിയ അന്വേഷണസംഘം തലവന്‍ എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ അറിയിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചമായിട്ടേ വിശദമായ ചോദ്യംചെയ്യല്‍ ഉണ്ടാകുകയുള്ളൂവെന്ന് ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. സംഭവത്തില്‍ ഭീകരബന്ധം ഉണ്ടോയെന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും ഡിജിപി പറഞ്ഞു. രാവിലെ മൂന്നു മണിക്കൂറോളം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തെങ്കിലും ട്രെയിനില്‍ തീവച്ചത് എന്തിനാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഷാറൂഖ് നല്‍കിയില്ല.

തീവയ്ക്കാനുള്ള ആലോചനയും നടത്തിപ്പും ഒറ്റയ്ക്കായിരുന്നുവെന്നാണ് ഷാറൂഖിന്റെ മൊഴി. കേരളത്തെക്കുറിച്ച് കേട്ടറിവ് മാത്രമാണ് ഉണ്ടായിരുന്നതെന്നും പ്രതി പറയുന്നു. തീവച്ച ട്രെയിനില്‍നിന്ന് കണ്ടെത്തിയ ബാഗിലെ ബുക്കില്‍ എഴുതിയിരുന്നത് ഷാറൂഖ് ലക്ഷ്യമിട്ട റെയില്‍വേ സ്റ്റേഷനുകളെപ്പറ്റിയെന്നുമാണ് സൂചന. എന്നാല്‍, ഷാറൂഖിന്റെ മൊഴികള്‍ പലതും നുണയെന്ന നിഗമനത്തിലാണ് പൊലീസ്.

summary: Train Fire Case Accused Admitted in Kozhikode Medical College