‘ഷാഫീ, ഞാന്‍ നിന്റെ ആരാധകനാണ്, നിന്റെ മനുഷ്യമൂല്യം കലയിലൂടെ സമൂഹത്തില്‍ വര്‍ത്തിക്കട്ടെ’; കൊല്ലം ഷാഫിക്ക് ജന്മദിന ആശംസ നേര്‍ന്ന് സംഗീതസംവിധായകന്‍ ഇഷാന്‍ ദേവ്, നിങ്ങളെ പോലെ നിങ്ങള്‍ മാത്രമെന്ന് ഷാഫിയുടെ മറുപടി


കൊയിലാണ്ടി: മലയാളികളുടെ പ്രിയഗായകന്‍ കൊല്ലം ഷാഫിയുടെ ജന്മദിനമായിരുന്നു ബുധനാഴ്ച. നിരവധി പേര്‍ ഷാഫിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. അക്കൂട്ടത്തില്‍ വ്യത്യസ്തമായ ആശംസയാണ് സംഗീതസംവിധായകനും ഗായകനുമായ ഇഷാന്‍ ദേവിന്റെത്. വലിയൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രിയസുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

‘നന്‍പന് പിറന്തനാള്‍ വാഴ്ത്തുക്കള്‍’ എന്ന വാചകത്തോടെയാണ് ഇഷാന്‍ ദേവിന്റെ ആശംസാ പോസ്റ്റ് തുടങ്ങുന്നത്. ഷാഫിക്കൊപ്പമുള്ള ചിത്രങ്ങളും ഇഷാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബീമാപള്ളിയില്‍ വച്ച് സ്റ്റേജ് പരിപാടിക്കിടെ കണ്ടുമുട്ടിയത് ഉള്‍പ്പെടെയുള്ള ഷാഫിയോടൊപ്പമുള്ള ഓര്‍മ്മകള്‍ ഇഷാന്‍ കുറിപ്പില്‍ വിശദീകരിച്ചു. ഷാഫിയുടെ ആശയങ്ങളും സാമൂഹ്യ ഇടപെടലുകളും കാലങ്ങളായി അഭിമാനത്തോടെയും പ്രചോദനത്തോടെയും നോക്കിക്കാണുന്ന ആളാണെന്നും അദ്ദേഹം പറയുന്നു.

ഷാഫി എന്ന വ്യക്തിയുടെ, ഷാഫി എന്ന കലാകാരന്റെ, ഷാഫി എന്ന സുഹൃത്തിന്റെ ആരാധകനാണ് താനെന്നും ഇഷാന്‍ തുറന്ന് പറഞ്ഞു. പോസ്റ്റിന് താഴെ പ്രതികരണവുമായി കൊല്ലം ഷാഫിയും കമന്റ് ചെയ്തിട്ടുണ്ട്. സ്വയം താരമായിരിക്കെ തനിക്ക് താഴെയുള്ളവരെ ഇത്രയേറെ സ്‌നേഹിക്കുകയും മനസ്സിലാക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഇഷാന്‍, നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രമാണ് എന്നാണ് കൊല്ലം ഷാഫി കമന്റ് ചെയ്തത്.

ഇഷാന്‍ ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:

Shafi Kollam Happy Bday😘♥️

നൻബനു പിറന്തനാൾ വാഴ്ത്തുക്കൾ

ഷാഫി 18 വർഷങ്ങൾക്ക് മുൻപ് ബീമാപള്ളിയിൽ ഒരു സ്റ്റേജ് പ്രോഗ്രാമിനു വന്നപ്പോൾ താഴെ കണ്ട എന്നെ ഇറങ്ങിവന്നു കണ്ടു എളിമയിൽ തുടങ്ങിയ ആത്മബന്ധം ആണ് . അന്നുമുതൽ ഇന്നുവരെ ഷാഫിയിൽ നിന്നും എനിക്ക് കിട്ടിയ കലർപ്പില്ലാത്ത സൗഹൃദവും , സ്നേഹവും , ബഹുമാനവും ജീവിതം മുഴുവൻ ഞാൻ ആഘോഷിക്കുന്ന ഒന്നാണ്.

കലാകാരനു മേലെ അടുത്തറിയാവുന്നവർക്ക് ഷാഫി ഒരു ആമൂല്യമായ സൗഹൃദ നിധിയാണ് .ഉള്ളത് മുഖത്ത് നോക്കി പറഞ്ഞുണ്ടാക്കിയ ശത്രുക്കളെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് .ഒരു സഹോദരനെ പോലെ എന്ത് പറഞ്ഞാലും ഉൾക്കൊള്ളാൻ മനസ് കാണിക്കാറുമുണ്ട് . നാളിതുവരെ എന്റെ കലാജീവിതത്തിൽ ഷാഫി തന്ന ഓരോ നന്മയ്ക്കും , ചിരികൾക്കും , സൗഹൃദങ്ങൾക്കും കണക്കില്ല . പറയുന്നതു കലാകാരനുമേലെ ഉള്ള വ്യക്തിയെ കുറിച്ചാണ് എന്ന പൂർണ്ണ ബോധ്യത്തിൽ ആണ് . വ്യക്തിത്വത്തിനു താഴെയാണ് കലാകാരൻ വേണ്ടതും .

ഷാഫിയുടെ ആശയങ്ങളും , സാമൂഹികമായ ഇടപെടലുകളും ഒരുപാട് കാലമായി വ്യക്തിപരമായി അഭിമാനത്തോടെ , പ്രചോദനത്തോടെ നോക്കി കാണുന്ന ആളാണ് ഞാൻ . മനുഷ്യത്വപരമായി ആശയങ്ങൾക്ക് അതിരുവാക്കാത്ത ആളാണ് എന്റെ പ്രിയ സുഹൃത്ത് . അഭിമാനത്തോടെ അവനെ കൊണ്ടാടുന്ന ആരാധക ലക്ഷങ്ങളെ കാണാം എവിടെയും . രചനയിൽ അവന്റെ തൂലികക്കും , ആശയങ്ങൾക്കും തിളക്കം ഏറെയാണ്.

സ്വന്തം കുറവുകളെ കൂടുതലാക്കുന്ന സംഗീത മികവും .ഒരു സാധാരണ ഓട്ടോക്കാരനിൽ നിന്നും ഒരു മഹാനായ കലാകാരനിലേക്ക് അവന്റെ ജീവിതയാത്രയിൽ അവനു വന്ന നന്മകളെയും , ജീവിത യാഥാർഥ്യങ്ങളെയും മറക്കാതെ നെഞ്ചോടു ചേർത്തു പിടിച്ചവനാണ് ഷാഫി.


ഷാഫി ഞാൻ നിന്റെ ആരാധകനാണ് നീ എന്ന സുഹൃത്തിന്റെ , നീ എന്ന വ്യക്തിയുടെ , നീ എന്ന കലാകാരന്റെ ♥️😘 ജീവിത നാൾ വഴികളിൽ എന്നും നീ തിളങ്ങി നിൽക്കട്ടെ . നിന്നിലുള്ള മനുഷ്യ മൂല്യം കലയിലൂടെ ഈ സമൂഹത്തിൽ വർത്തിക്കട്ടെ . കൂടെ ഞാനും ഉണ്ടാകും Respect and Love for you Shafi.