കടുത്ത വേനല്‍ കക്കയം ഡാം റിസര്‍വോയറില്‍ ജലനിരപ്പ് താഴ്ന്നു; വൈദ്യുത ഉത്പാദനവും കുറഞ്ഞു


പേരാമ്പ്ര: വേനലായതോടെ കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിലെ കക്കയം ഡാം റിസര്‍വോയറില്‍ ജലനിരപ്പ് താഴ്ന്നു. ഇതോടെ ഇവിടെ പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അളവും കുറഞ്ഞതായി അധികൃതര്‍ പറഞ്ഞു. ദിവസം അഞ്ച് ദശലക്ഷം യൂണിറ്റാണ് കക്കയത്തെ പരമാവധി വൈദ്യുത ഉത്പാദനശേഷി. സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ നിര്‍ദേശപ്രകാരം ഇപ്പോള്‍ 1.2 ദശലക്ഷം യൂണിറ്റ് മാത്രമാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള വൈകുന്നേരം ആറു മണി മുതല്‍ പത്തുവരെയുള്ള സമയത്താണ് ഇപ്പോഴത്തെ പ്രധാനമായും ഉത്പാദനം നടക്കുന്നത്.

ഡാം റിസര്‍വോയറില്‍ സംഭരണശേഷിയുടെ 58.25 ശതമാനം വെള്ളമാണുള്ളത്. 33.98 ദശലക്ഷം ക്യുബിക് മീറ്ററാണ് ഡാം റിസര്‍വോയറില്‍ പരമാവധി ഉള്‍ക്കൊള്ളാനാകുന്ന വെള്ളം. കഴിഞ്ഞദിവസം 19.796 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം മാത്രമാണുള്ളത്. 758.04 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണനില. 752 മീറ്ററാണ് കഴിഞ്ഞദിവസത്തെ ജലനിരപ്പ്. 28.23 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം റിസര്‍വോയറിലുണ്ട്.

കക്കയത്ത് വെള്ളം കുറയുമ്പോള്‍ ബാണാസുരസാഗര്‍ ഡാമില്‍നിന്നും 4.67 കിലോമീറ്റര്‍ നീളത്തിലുള്ള ടണല്‍വഴി വെള്ളമെത്തിക്കുന്നതാണ് നിലവിലുള്ള സംവിധാനം. അവിടെയും ജലനിരപ്പ് കുറഞ്ഞതിനാല്‍ ബാണാസുര ഡാമില്‍ 32.41 ശതമാനം വെള്ളമേയുള്ളൂ. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 60 ശതമാനത്തോളം വെള്ളമുണ്ടായിരുന്നു. 210 ദശലക്ഷം ക്യുബിക് മീറ്റര്‍ സംഭരണശേഷിയുള്ളതാണ് ഈ ഡാം. 0.8 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ടണല്‍വഴി ബാണാസുര ഡാമില്‍നിന്നും കക്കയം ഡാം റിസര്‍വോയറിലേക്ക് എത്തുന്നത്.

കക്കയത്തെ വൈദ്യുതപദ്ധതികളില്‍നിന്ന് ഉത്പാദിപ്പിച്ചശേഷം ഒഴുക്കിവിടുന്ന വെള്ളം കരിയാത്തുംപാറ പുഴവഴി കുറ്റ്യാടി ജലസേചനപദ്ധതിക്ക് കീഴിലുള്ള പെരുവണ്ണാമൂഴി ഡാമിന്റെ റിസര്‍വോയറിലേക്കാണ് ഒടുവില്‍ എത്തുക. കക്കയത്ത് വൈദ്യുത ഉത്പാദനം കുറയുന്നതിനാല്‍ റിസര്‍വോയറിലേക്കെത്തുന്ന വെള്ളത്തിന്റെ അളവും കുറയും. നിലവില്‍ പെരുവണ്ണാമൂഴി ഡാം റിസര്‍വോയറിലും ജലനിരപ്പ് താഴ്ന്നനിലയിലാണ്.