ബാലുശ്ശേരി- കുറുമ്പൊയിൽ വയലട തലയാട് റോഡിൽ ഗതാഗതം നിരോധിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (18/01/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
ഗതാഗതം നിരോധിച്ചു
ബാലുശ്ശേരി -കുറുമ്പൊയിൽ വയലട തലയാട് റോഡിൽ കി.മി 6/850 ൽ കുറുമ്പൊയിൽ അങ്ങാടിയിൽ കലുങ്ക് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിൽ ജനുവരി 19 മുതൽ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കോഴ്‌സുകൾ ആരംഭിക്കുന്നു
ഐഎച്ച്ആർഡിയുടെ ആഭിമുഖ്യത്തിൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അയലൂരിൽ ജനുവരിയിൽ പിജിഡിസിഎ, ഡാറ്റാ എൻട്രി ടെക്നിക്ക്സ് ആൻഡ് ഓട്ടോമേഷൻ, ഡിസിഎ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലെ ചെയിൻ മാനേജ്മെന്റ്, പോസ്റ്റ് ഗ്രാഡ്വുവേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ എന്നീ കോഴ്സുകൾ ആരംഭിക്കും. അപേക്ഷ ഫോറം www.ihrd.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്ട്രേഷൻ ഫീസായ 150/(ജനറൽ), 100/രൂപ (എസ് സി /എസ്ടി) ഡിഡി സഹിതം ജനുവരി 23 ന് വൈകുന്നേരം 4 മണിക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8547005029 , 9495069307 ,9447711279 ,04923241766
അഭിമുഖം നടത്തുന്നു
പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി കേന്ദ്രത്തിലേക്ക് ഫാഷൻ ടെക്നോളജി സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്‌തികയിലേക്ക് താൽക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ജനുവരി 20 ന് രാവിലെ 10.30 ന് മാഹി സെമിത്തേരി റോഡിൽ എസ്പി ഓഫീസിന് സമീപമുളള സർവ്വകലാശാല കേന്ദ്രത്തിലാണ് അഭിമുഖം. ഫാഷൻ സ്റ്റഡീസ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 35 വയസ്സ്. പ്രതിമാസ ശമ്പളം 32,800 രൂപ. കൂടുതൽ വിവരങ്ങൾക്ക് www.pondiuni.edu.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് :0490 2332622
അപേക്ഷ ക്ഷണിച്ചു
നാഷണൽ എംപ്ളോയ്മെന്റ് വകുപ്പിന് കീഴിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ് സി എസ് ടി യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പട്ടികജാതി ഗോത്ര വർഗ്ഗ വിഭാഗക്കാർക്കായുളള പി എസ് സി സൗജന്യ പരീക്ഷാ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജനുവരി 27. അഡ്രസ്സ്,യോഗ്യത,പേര്,പ്രായം,,ജാതി, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോൺ നമ്പർ, എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ കോപ്പി എന്നിവ സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0495- 2376179
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് III എൻ സി എ എസ് സി (കാറ്റഗറി നമ്പർ 133/2022 ) തസ്തികയിലേക്ക് 28 /11 /2022 ന് നിലവിൽ വന്ന റാങ്ക് പട്ടികയിലെ മുഴുവന് ഉദ്യോഗാർത്ഥികളെയും നിയമന ശുപാർശ ചെയ്തു കഴിഞ്ഞതിനാൽ പ്രസ്തുത റാങ്ക് പട്ടിക 15.12.2022 തിയ്യതിയിൽ റദ്ദാക്കിയാതായി ജില്ലാ ഓഫീസർ അറിയിച്ചു.
അഭിമുഖം നടത്തുന്നു
കോഴിക്കോട് സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ അപ്ലൈഡ് സയൻസ് പഠന വിഭാഗത്തിൽ സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ് വിഷയങ്ങളിൽ 2022- 23 അധ്യയനവർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജനുവരി 30 ന് രാവിലെ 10 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾക്ക് യു ജി സി, കേരള പി എസ് സി നിർദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9495 2383220. വെബ്സൈറ്റ്, http://geckkd.ac.ഇൻ
ക്വട്ടേഷൻ ക്ഷണിച്ചു
സംസ്ഥാന കളിമൺ പാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺപാത്ര ഉൽപ്പാദകരിൽ നിന്ന് ഗുണമേൻമയുളള എല്ലാവിധ കളിമൺ പാത്രങ്ങളും ഉല്പന്നങ്ങളും വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അംഗീകരിക്കുന്ന ക്വട്ടേഷൻ സമർപ്പിക്കുന്ന വ്യക്തി/സ്ഥാപനം ക്വട്ടേഷൻ അംഗീകരിക്കുന്ന തിയ്യതി മുതൽ 6 മാസത്തേക്ക് കളിമൺ ഉൽപ്പന്നങ്ങൾ ക്വാട്ട് ചെയ്ത നിരക്കിൽ സപ്ലൈ ചെയ്യുവാൻ ബാധ്യസ്ഥമായിരിക്കും. ക്വട്ടേഷൻ നൽകേണ്ട അവസാന തിയ്യതി ജനുവരി 25 വൈകുന്നേരം 5 മണി. വിവരങ്ങൾക്ക് കോർപ്പറേഷന്റെ രജിസ്‌ട്രേഡ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ :0471 2727010. വെബ്‌സൈറ്റ് www.keralapottery.org
ടെണ്ടർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് പന്തലായനി അഡീഷണൽ ഐസിഡിഎസ് അങ്കണവാടി കണ്ടിൻജൻസി (അഡ്മിനിസ്ട്രേറ്റീവ് എക്സ്പെൻസ് )സാധനങ്ങൾ അങ്കണവാടികളിൽ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. സാധനങ്ങൾ വാങ്ങുന്നത് അങ്കണവാടി ഒന്നിന് 2000/ രൂപ നിരക്കിൽ. സപ്ലൈ ഓർഡർ ലഭിച്ച് 15 ദിവസത്തിനകം സെക്ടർ ഹെഡ് ക്വർട്ടർ അങ്കണവാടികളിലേക്ക് സാധനങ്ങൾ ഇറക്കേണ്ടതാണ്. അടങ്കൽ തുക ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരം രൂപ.
ടെണ്ടർ ഫോമിന്റെ വില അടങ്കൽ തുകയുടെ 02 ശതമാനം (18% ജി എസ് ടി). ടെണ്ടർ വിതരണം ചെയ്യുന്ന തിയ്യതി ജനുവരി 27 ന് ഉച്ചയ്ക്ക് 12 മണി. അന്നേദിവസം1.30ന് ടെണ്ടർ സ്വീകരിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ടെണ്ടർ തുറക്കും. ടെണ്ടർ അയക്കേണ്ട വിലാസം ശിശുവികസന പദ്ധതി ഓഫീസർ, പന്തലായനി അഡീഷണൽ ഐസിഡിഎസ്, കൊയിലാണ്ടി പി ഒ. കൂടുതൽ വിവരങ്ങൾക്ക്: 815780775
ടെണ്ടർ ക്ഷണിച്ചു
കോഴിക്കോട് റൂറൽ ശിശു വികസന ഓഫീസിലേക്ക് 2022 -23 വർഷത്തെ അങ്കണവാടി കണ്ടിൻജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. ഒരു അങ്കണവാടിക്ക് 2000 രൂപ നിരക്കിൽ 180 അങ്കണവാടികൾക്കാണ് കണ്ടിൻജൻസി സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. ടാക്സ് ഉൾപ്പെടെ സാധനങ്ങൾ അങ്കണവാടികളിൽ എത്തിക്കുന്നതിനുള്ള തുകയാണ് ടെണ്ടറിൽ രേഖപ്പെടുത്തേണ്ടത്. അങ്കണവാടി കണ്ടിൻജൻസിയിൽ ഉൾപ്പെട്ട സാധനങ്ങളുടെ വിശദാംശങ്ങൾ ഓഫീസിൽ ലഭ്യമാണ്. ടെണ്ടർ ഫോറത്തിന്റെ വില 800+ജിഎസ്ടി. ടെണ്ടർ ഫോറത്തിന്റെ വില്പന ജനുവരി 20 ന് ആരംഭിക്കും. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 21 ഉച്ചയ്ക്ക് രണ്ടു മണി. അന്നേദിവസം 3.30 ന് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ :0495 2966305
സിവിൽ സ്റ്റേഷനിൽ പഞ്ചിംഗ് സംവിധാനം ആരംഭിച്ചു
അവിടനല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിന് പുതിയ സ്കൂൾ ബസ്
അവിടനല്ലൂർ എൻ എൻ കക്കാട് സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂളിന് പുതിയ സ്കൂൾ ബസ്. എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് ബസ് അനുവദിച്ചത്. സ്കൂൾ ബസ് കെ എം സച്ചിൻദേവ് എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു.
കോട്ടൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ സിജിത്ത് അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ ടി ഷാജു, പ്രിൻസിപ്പൽ വി ടി ഗോപി, പ്രധാനാധ്യാപകൻ ടി ദേവാനന്ദൻ, പിടിഎ പ്രസിഡന്റ് ഷാജി തച്ചയിൽ തുടങ്ങിയവർ പങ്കെടുത്തു.
എൻ.ഐ.ടിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ തീരുമാനം
എൻ.ഐ.ടിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. എൻ.ഐ.ടി ബോർഡ് ഓഫീസിൽ പി.ടി.എ റഹീം എം.എൽ.എ യുടെ നേതൃത്വത്തിൽ എൻ.ഐ.ടിയിലേയും വിവിധ വകുപ്പുകളിലേയും ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ധാരണയായത്.
മാവൂർ എൻ.ഐ.ടി കൊടുവള്ളി റോഡ്, ആർ.ഇ.സി മലയമ്മ കൂടത്തായി റോഡ്, എൻ.ഐ.ടി വെങ്ങേരിമഠം ചെട്ടിക്കടവ് റോഡ്, എൻ.ഐ.ടി റിംഗ് റോഡ്, എൻ.ഐ.ടി സബ്സ്റ്റേഷൻ, കുളിമാട് എൻ.ഐ.ടി പൈപ്പ് ലൈൻ സ്ഥാപിക്കൽ, എൻ.ഐ.ടി അണ്ടർ പാസ്സ് തുടങ്ങിയ പ്രവൃത്തികൾ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്യുന്നതിന് തീരുമാനിച്ചു. പ്രവൃത്തികൾ നടത്തുന്നതിൽ കാലതാമസം ഒഴിവാക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചു. ട്രാഫിക് തടസ്സത്തിന് ഇടയാക്കുന്ന കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും എൻ.ഐ.ടി ക്യാമ്പസിലെ പന്നി ശല്യം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കാനും പുതുതായി സ്ഥാപിക്കുന്ന സബ് സ്റ്റേഷനിൽ നിന്നുള്ള രണ്ട് ഫീഡറുകൾ കെ.എസ്.ഇ.ബി കൊടുവള്ളി സെക്ഷൻ പരിധിയിലേക്ക് നീട്ടുന്നതിനും തീരുമാനിച്ചു.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. എൻ.ഐ.ടി ഡയറക്ടർ പ്രസാദ് കൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടർ പി.എസ് സതീദേവി, ഡീൻ എം.എ നസീർ, അസോസിയേറ്റ് ഡീൻമാരായ ഡി സതീഷ് കുമാർ, ടി.എസ് അനന്ത സിംഗ്, ഇലക്ട്രിക്കൽ വിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടോമിൻ സണ്ണി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
തൊഴിൽസഭ സമാപിച്ചു
മേപ്പയ്യൂർ പഞ്ചായത്തിൽ നടത്തിയ തൊഴിൽസഭയുടെ സമാപന സമ്മേളനം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളും വിവിധ ഗ്രൂപ്പുകളാക്കി അഞ്ച് ദിവസങ്ങളിലായാണ് തൊഴിൽ സഭ സംഘടിപ്പിച്ചത്. അഭ്യസ്ഥവിദ്യരായ യുവതീ-യുവാക്കൾക്ക് കേരളത്തിനകത്തും പുറത്തുമുള്ള ജോലി സാധ്യതകളും, സംരംഭ സാധ്യതകളും പരമാവധി വികസിപ്പിക്കുന്നതിനും, ജനങ്ങളിലെത്തിക്കുന്നതിനുമുള്ള സർക്കാർ പദ്ധതിയാണ് തൊഴിൽ സഭ.
തൊഴിൽ സഭയുടെ ഭാഗമായി തൊഴിൽ സംരംഭകർ, തൊഴിൽ അന്വേഷകർ, തൊഴിൽ സേന എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ചർച്ചകൾ നടന്നു. സംരംഭക വർഷത്തിൽ പഞ്ചായത്തിൽ 90 സംരംഭങ്ങൾ ആരംഭിച്ചു. 5.08 കോടിയുടെ നിക്ഷേപവും ലഭിച്ചു. 137 പേർക്കാണ് തൊഴിൽ ലഭിച്ചത്.
കില റിസോഴ്സ് പേഴ്സൺ പി.നാരായണൻ, വ്യവസായ വകുപ്പ് ഇന്റേൺ അഭിൻ രാജ്, കമ്മ്യൂണിറ്റി അംബാസിഡർ കെ.ഷൈജ എന്നിവർ ക്ലാസ് നയിച്ചു. കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ സബിഷ സംസാരിച്ചു.
വനിതകൾക്ക് പോത്തിനെ വിതരണം ചെയ്തു
മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണം 2022 – 23 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് പോത്തിനെ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ 17 വനിതകൾക്കാണ് പോത്തിനെ വിതരണം ചെയ്തത്. ആകെ 34 പേർക്ക് പോത്തുകളെ നൽകും. 16000 രൂപ നിരക്കിൽ 5,44,000 രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഇതിൽ 8000 രൂപ സബ്സിഡിയാണ്.
വൈസ് പ്രസിഡന്റ് എൻ.പി. ശോഭ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി.സുനിൽ, ഡോ. പ്രീത, അസിസ്റ്റന്റ് സെക്രട്ടറി എം.ഗംഗാധരൻ, പഞ്ചായത്തംഗങ്ങളായ വി.പി. ബിജു, സറീന ഒളോറ,ലൈഫ് സ്റ്റോക്ക് അസിസ്റ്റന്റ് ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
നാദാപുരത്ത് വ്യാപാരികൾക്കായി സുരക്ഷാ സാക്ഷരത ക്യാമ്പയിൻ ആരംഭിച്ചു
നാദാപുരം പഞ്ചായത്ത് കക്കംവള്ളിയിലെ വ്യാപാര സ്ഥാപനത്തിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാരികൾക്ക് വേണ്ടി നടപ്പിലാക്കുന്ന സുരക്ഷാ സാക്ഷരത ക്യാമ്പയിന് തുടക്കമായി. പഞ്ചായത്ത്, പോലീസ്, ഫയർഫോഴ്സ്, കെഎസ്ഇബി എന്നീ വകുപ്പുകൾ സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.
ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഏരത്ത് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. നാദാപുരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഫായിസ് അലി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ,മെമ്പർ അബ്ബാസ് കണയ്ക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ.സി നന്ദകുമാർ, ഷൈനീഷ് മൊകേരി, കെഎസ്ഇബി സബ് എഞ്ചിനീയർ കെ.വി ശ്രീലാൽ, ഹാരിസ് മാത്തോട്ടത്തിൽ, കെ സെയ്ത് ,റഹീം കോറോത്ത് എന്നിവർ സംസാരിച്ചു.
സ്വയം സുരക്ഷയും കെട്ടിടങ്ങളുടെ സുരക്ഷയും, ദുരന്തങ്ങൾ ഉണ്ടായാൽ ലഘൂകരണം സാധ്യമാക്കുന്ന എമർജൻസി റെസ്പോൺസ് ടീം, പാഴ് വസ്തുക്കളുടെ സംസ്കരണം, കെട്ടിടങ്ങളുടെയും വ്യക്തികളുടെയും സർക്കാർ ഇൻഷുറൻസ് സുരക്ഷ, പൊതുജനങ്ങളുടെ സുരക്ഷ എന്നീ വിഷയങ്ങളിൽ വിവിധ ഉദ്യോഗസ്ഥർ ക്ലാസ് എടുത്തു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശില്പശാല
കേരള മീഡിയ അക്കാദമി ഗൂഗിളിന്റെ സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഡാറ്റ ജേണലിസം ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 4 ന് കേരള മീഡിയ അക്കാദമി ഹാളിലാണ് ശില്പശാല. ഡാറ്റ ജേണലിസം രംഗത്തെ വിദഗ്ദ്ധര്‍ ശില്പശാല നയിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ള അക്രഡിറ്റേഷന്‍ ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക്
goo.gle/datadialogue എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കായിരിക്കും പ്രവേശനം.
കുഷ്ഠരോഗ നിർമാർജനം: ആരോഗ്യവകുപ്പിന്റെ ഭവന സന്ദർശനത്തിന് തുടക്കമായി
കുഷ്ഠരോഗ നിർമാർജനത്തിനായി ആരോഗ്യവകുപ്പ് നടത്തുന്ന ‘അശ്വമേധം’ ഭവന സന്ദർശന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. തുടർച്ചയായി 14 ദിവസം (ജനുവരി 18 മുതൽ 31 വരെ) ജില്ലയിലെ മുഴുവൻ വീടുകളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം സർവെ നടത്തും. ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ, പഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പെടെ പരിശീലനം ലഭിച്ച സ്ത്രീ-പുരുഷ വളണ്ടിയർമാരാണ് വീടുകളിൽ സന്ദർശനം നടത്തുക.
200 വീടുകൾ അല്ലെങ്കിൽ 1000 ആളുകളെ ഒരു സംഘം ഒരു ദിവസം സന്ദർശിക്കും. ഇവർ കുഷ്ഠരോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്യും. രണ്ട് വയസിനു മുകളിൽ പ്രായമുള്ളവരിലാണ് പരിശോധന നടത്തുന്നത്.
രോഗബാധിതർക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാക്കുമെന്ന് ജില്ലാ ലെപ്രസി ഓഫീസർ ഡോ. മോഹൻദാസ്.ടി പറഞ്ഞു. നേരത്തേ രോഗനിർണ്ണയം നടത്തുന്നതുവഴി കുഷ്ഠരോഗം മൂലമുണ്ടാകുന്ന അംഗവൈകല്യവും രോഗ സങ്കീർണ്ണതകളും ദീർഘ കാല ചികിത്സയും ഒഴിവാക്കാൻ കഴിയും. ജില്ലയിൽ 2021-22 വർഷത്തിൽ 14 പുതിയ രോഗികളെ കണ്ടെത്തിയിരുന്നു.
തൊലിപ്പുറത്ത് നിറം മങ്ങിയതും ചുവന്നതുമായ പാടുകൾ, സ്പർശം, ചൂട്, തണുപ്പ്, വേദന എന്നിവ അറിയാതിരിക്കൽ, പരിധീയ നാഡികളിൽ തൊട്ടാൽ വേദന, കൈകാൽ മരവിപ്പ്
എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ. സർക്കാർ ആശുപത്രികളിൽ കുഷ്ഠരോഗ ചികിത്സ സൗജന്യമാണ്. കൂടാതെ ചികിത്സാ കാലയളവിൽ ബി പി എൽ വിഭാഗത്തിൽ പെട്ടവർക്കും ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്കും പ്രതിമാസം1000 രൂപ വീതം നൽകും.
ഡെപ്യൂട്ടി കലക്ടർ കെ.ഹിമ യുടെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാതല കോഡിനേഷൻ കമ്മിറ്റി യോഗത്തിൽ കുഷ്ഠരോഗ നിർമാർജനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലാ ലെപ്രസി ഓഫീസർ ഡോ മോഹൻദാസ്, അസിസ്റ്റൻറ് ലെപ്രസി ഓഫീസർ സുരേഷ് ടി, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് ശെൽവ രത്നം പി, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ, ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ കെ മുഹമ്മദ് മുസ്‌തഫ, എൻ എച്ച് എം കൺസൾട്ടന്റ് ദിവ്യ സി, എൻ എച്ച് എം ആശാ കോഡിനേറ്റർ ഷൈനു പി സി,എൻ എം എസ് മോഹനൻ കെ.പി തുടങ്ങിയവർ പങ്കെടുത്തു.