മാതൃകാ പ്രവർത്തനത്തിന് അർഹിച്ച അംഗീകാരം; ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ ഗുരു ശ്രേഷ്ഠ പുരസ്കാരം കീഴരിയൂർ എം.എൽ.പി സ്കൂളിലെ അധ്യാപകനായ ടി.കെ.രജിത്തിന്


കൊയിലാണ്ടി: ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഗുരു ശ്രേഷ്ഠ പുരസ്കാരം കീഴരിയൂർ എം.എൽ.പി സ്കൂളിലെ അധ്യാപകനും കലാ-സാംസ്കാരിക-സാമൂഹ്യപ്രവർത്തകനും ടി.കെ.രജിത്തിന് സമ്മാനിച്ചു. കോഴിക്കോട് ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണനാണ് രജിത്തിന് പുരസ്കാരം നൽകിയത്.

കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് അധ്യക്ഷനായി. പ്രേം നസീർ സുഹൃദ് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, പ്രശസ്ത സാഹിത്യകാരി ഡോ. ഇ.പി.ജ്യോതി, ദേശീയ അധ്യാപക അവാർഡ് ജേതാവ് നീലകണ്ഠൻ മാസ്റ്റർ, ഗാന്ധിദർശൻ വേദി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.പി.മനോജ് കുമാർ, വനമിത്ര പുരസ്ക്കാര ജേതാവ് വടയക്കണ്ടി നാരായണൻ, സംസ്ഥാന കൺവീനർ സുരേന്ദ്രൻ വെട്ടത്തൂർ, സംസ്ഥാന വൈസ് ചെയർമാൻ ടി.പി.വിജയകുമാർ, തിരുവനന്തപുരം ജില്ലാ ചെയർമാൻ കരിച്ചാറ നാദർഷ തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള സ്വാഗതവും മലപ്പുറം ജില്ലാ ചെയർമാൻ പി.കെ.സത്യപാലൻ നന്ദിയും പറഞ്ഞു. കോഴിക്കോട് ജില്ലാ ചെയർമാൻ പ്രജോഷ് കുമാർ, സംസ്ഥാന കോ-ഓർഡിനേറ്റർ ബിന്ദു പോൾ, സംസ്ഥാന വൈസ് ചെയർപേഴ്സൺ മുംതാസ് എം.എ, സംസ്ഥാന ഐ.ടി കോ-ഓർഡിനേറ്റർ സുൽഫിക്ക് വാഴക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

നടുവത്തൂര്‍ സ്വദേശിയായ രജിത്ത് പഠനകാലത്ത് തന്നെ വിവിധ കലാ മത്സരങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ട്. ജില്ലാ, സംസ്ഥാന കലോത്സവങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

2000 ത്തില്‍ ഹയര്‍ സെക്കന്ററി യുവജനോത്സവത്തിലെ മിമിക്രി മത്സരത്തില്‍ ഒന്നാം സ്ഥാനം, 2007 ലെ ടി.ടി.ഐ കലോത്സവത്തില്‍ കവിതാ പാരായണത്തില്‍ ഒന്നാം സ്ഥാനം, സുവീരന്റെ ഭരതവാക്യം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വടക്കേ മലബാറിലെ അറിയപ്പെടുന്ന ചെണ്ട-പഞ്ചവാദ്യ കലാകാരന്‍ കൂടിയായ അദ്ദേഹം ചെണ്ടവാദന രംഗത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേരളത്തിലും പുറത്തും വിദേശരാജ്യങ്ങളിലും ഉള്‍പ്പെടെ അദ്ദേഹം തന്റെ വാദ്യമികവ് തെളിയിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിനായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സഹായകമാവുന്ന തരത്തില്‍ പാഠശാല എന്ന ഇന്ററാക്ടീവ് ഓണ്‍ലൈന്‍ വര്‍ക്ക് ഷീറ്റ് തയ്യാറാക്കിയത് രജിത്താണ്.

2020 ല്‍ നടന്ന കോഴിക്കോട് ജില്ലാ അധ്യാപക സര്‍ഗോത്സവത്തില്‍ സര്‍ഗ്ഗപ്രതിഭയായിരുന്നു. 2021 ല്‍ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ സംഘടിപ്പിച്ച സംസ്ഥാനതല കാവ്യാലാപന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. അതേ വര്‍ഷം തന്നെ കെ.പി.എസ്.ടി.എയുടെ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ രജിത്ത് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന് രണ്ടാം സ്ഥാനവും ലഭിച്ചു.

ചിത്രകല, സംഗീതം, മിമിക്രി, അഭിനയം, വാദ്യം തുടങ്ങി തന്റെ കലാപരമായ എല്ലാ കഴിവുകളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നൂതനമായ പഠനരീതിയാണ് അദ്ദേഹം നടപ്പിലാക്കുന്നത്. കെ.എന്‍.നാരായണന്റെയും ടി.ഉഷയുടെയും മകനായി 1982 ലാണ് രജിത്ത് ജനിച്ചത്. ഭാര്യ ബിജിഷ. ആത്മിക, അലോക് എന്നിവരാണ് മക്കള്‍.