നാലര പതിറ്റാണ്ട് അന്നം തന്ന നാട്ടിലേക്ക് കളിയാവേശവുമായി വീണ്ടും; ലോകകപ്പ് കാണാനായി ഒരിക്കല്‍ക്കൂടി ഖത്തറിലെത്തി വിശേഷങ്ങള്‍ സ്‌കൈ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രവാസയുടെ കൊയിലാണ്ടിയില്‍ എഴുതുന്നു തുഷാര മഹമൂദ്
തുഷാര മഹമൂദ്
ഖത്തറില്‍ നടക്കുന്ന 2022ലെ ഫിഫ ലോക കപ്പ് വിശേഷങ്ങളെ കുറിച്ചാണ് ലോകം എമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികള്‍ക്ക് പറയാനുള്ളത്.
ഞാന്‍ കണ്ട വിശേഷങ്ങള്‍ നിങ്ങളുമായി പങ്ക് വെക്കുന്നതോടൊപ്പം ചുരുങ്ങിയ വാക്കുകളില്‍ എന്നെ പരിചയപ്പെടുത്തട്ടെ.
1975 ഏപ്രില്‍ 15ന് ബോംബെയില്‍ നിന്നും ദുംറ എന്ന കപ്പലില്‍ കയറി ഏഴാം നാളില്‍ ഖത്തറിലെ ദോഹ സീപോര്‍ട്ടില്‍ വന്നിറങ്ങി. നീണ്ട 45 വര്‍ഷത്തോളം പ്രവാസിയായി ഖത്തറില്‍ ജീവിച്ച് മൂന്നര വര്‍ഷം മുമ്പ് സ്വദേശ വാസം തുടങ്ങിയ കൊയിലാണ്ടിയിലെ നന്തിക്കാരനാണ് ഞാന്‍.
ഫിഫ ലോക കപ്പ് കളി 2022ല്‍ ഖത്തറില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച നാള്‍ മുതലുള്ള ആഗ്രഹമാണ് ഇപ്പോള്‍ എനിയ്ക്ക് സഫലമായത്.
ഡിസംബര്‍ രണ്ടിന് ഹയ്യാ കാര്‍ഡിന് അപേക്ഷ നല്‍കിയത് ഖത്തറിലുള്ള എന്റെ മകളായിരുന്നു. പിറ്റേ ദിവസം തന്നെ അംഗീകാരം ലഭിക്കുകയും, ഡിസംബര്‍ 4ന് കാലത്ത് 11.25 ന് ദോഹയിലെത്തി മെട്രോ ട്രെയിന്‍ വഴി അല്‍ ബിദ സ്റ്റേഷനില്‍ ഇറങ്ങി മകളുടെ വീട്ടിലെത്തി.
‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
നാലര പതിറ്റാണ്ട് കാലം ജോലി നല്‍കി എനിയ്ക്കും കുടുംബത്തിനും കിടപ്പാടവും അന്നവും സ്വരൂപിക്കാന്‍ അവസരം തന്ന ഖത്തറിന്റ മണ്ണില്‍ ലോക കാല്‍പന്ത് മാമാങ്കം നടക്കുമ്പോള്‍ ഒരു കളിയെങ്കിലും കാണണമെന്നുള്ള മോഹത്താല്‍ ഖത്തറിലെത്തിയ എനിയ്ക്ക് അന്ന് തന്നെ തുമാമ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഫ്രാന്‍സും പോളണ്ടും തമ്മിലുള്ള കളി കാണാന്‍ ടിക്കറ്റ് നല്‍കി കൂടെ കൊണ്ട് പോയത് എന്റെ മുന്‍ സഹപ്രവര്‍ത്തകനും ആത്മ സുഹൃത്തുമായ മാഹി സ്വദേശിയായ അന്‍സാറാണ്.
ഫൈനല്‍ ദിനം ആസന്നമായ സാഹചര്യത്തില്‍ കളിയ്ക്കുള്ള ടിക്കറ്റിന്റെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്യുന്നതായാണ് കാണുന്നത്.
എങ്കിലും കളി കാണാന്‍ ഖത്തറില്‍ എത്തിയവരാരും നിരാശപ്പെടേണ്ടി വന്നിട്ടില്ല. ദോഹ കോര്‍ണീഷിലും അത് പോലെ പ്രധാനപ്പെട്ട മറ്റു സ്ഥലങ്ങളിലും ജംബോ സ്‌ക്രീനില്‍ കളി കാണുവാനുള്ള സംവിധാനമാണ്
ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ ലോക കപ്പ് കളിയ്ക്ക് വേണ്ടി നിര്‍മ്മിച്ച പുത്തന്‍ സ്റ്റേഡിയങ്ങള്‍ നിരവധിയാണ്.
ടിക്കറ്റ് നേരത്തെ എടുത്ത് വെച്ചവര്‍ക്ക് കൂടുതല്‍ ദൂരം യാത്ര ചെയ്യാതെ ഒരു ദിവസം രണ്ട് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന കളികള്‍ കാണാന്‍ കഴിയും.
കോര്‍ണിഷിലെ ഫിഫ ഫെസ്റ്റിവല്‍ സോണില്‍ നാല്‍പ്പതിനായിരത്തില്‍ പരം ഫുട്‌ബോള്‍ ആരാധകരാണ് ജംബോ സ്‌ക്രീനില്‍ കളി കാണാന്‍ എത്തുന്നത്.
80,000 കാണികള്‍ക്ക് ഇരിക്കാന്‍ പാകത്തിലാണ് അല്‍ ലുസെയില്‍ സ്റ്റേഡിയം പണിതത്.
പ്രേക്ഷകര്‍ക്ക് ഓരോ സ്റ്റേഡിയത്തിലും വരാനും പോകാനും മെട്രോ ട്രെയിനും, ബസ്സും ഫ്രീ സര്‍വീസായി പുലര്‍ച്ചെ 3 മണിവരെ പ്രവര്‍ത്തിച്ചു വരുന്നു.
വൈകുന്നേരം 8 മണിയ്ക്ക് ശേഷം തുടങ്ങുന്ന വിവിധ രാജ്യക്കാരുടെ കലാപരിപാടികള്‍ മറ്റൊരു ആകര്‍ഷണമാണ്.
കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
ടൂര്‍ണമെന്റ് തുടങ്ങിയതിന്റെ തലേ ദിവസം മുതല്‍ ഫൈനല്‍ കളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 9 മണിയ്ക്ക് നടക്കുന്ന വെടികെട്ടും മ്യൂസിക്കല്‍ ഫൗണ്ടന്‍, ഡ്രോണ്‍, ലേയ്‌സര്‍ ദൃശ്യങ്ങളും നയന മനോഹരമാണ്.
എണ്ണമറ്റ ആരാധകരെ സജീവമാക്കാന്‍ സംഗീതവും , അതാത് രാജ്യങ്ങളിലെ കലാ സാംസ്‌കാരിക പരിപാടികളും പ്രധാന വിനോദ കേന്ദ്രങ്ങളില്‍ നടക്കുന്നു.
കോര്‍ണിഷിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ സോണ്‍, റാസ് അബു അബൗദ് ബീച്ച്, ലുസൈല്‍ ബൊളിവാര്‍ഡ്, ഹയ്യ ഫാന്‍ സോണ്‍, MDLBEAST അവതരിപ്പിക്കുന്ന അരവിയ, ആര്‍ക്കാഡിയ മ്യൂസിക് ഫെസ്റ്റിവല്‍ എന്നിവക്ക് പുറമെ അല്‍ മാഹാ ദ്വീപ്, സൂക്ക് വാഖിഫ്, ഖത്താറ, അല്‍ മിന, നാഷനല്‍ മ്യൂസിയം, ഇസ്ലാമിക് മ്യൂസിയം, വക്ര സൂഖ് എന്നിവ പ്രധാന സന്ദര്‍ശന സ്ഥലങ്ങളാണ്.
ലോക കപ്പ് ടൂര്‍ണമെന്റ് കാണാന്‍ ഹയ്യാ കാര്‍ഡ് ഉപയോഗിച്ച് ഖത്തറില്‍ എത്തിയവര്‍ക്ക് സൗദിയില്‍ പോയി ചുരുങ്ങിയ ചിലവില്‍ നാല് ദിവസത്തത്തിനകം ഉംറ ചെയ്ത് തിരിച്ച് വരാനുള്ള സംവിധാനവും ഖത്തര്‍ – സൗദി സര്‍ക്കാരുകള്‍ അനുവദിച്ചത് പലരും പ്രയോജനപ്പെടുത്തുന്നു.
അത്തരത്തില്‍ ഉംറ ചെയ്ത് തിരികെ ഖത്തറില്‍ വരാന്‍ 14ന്ന് കാലത്ത് ഞാനും സൗദിയിലേക്ക് പോവുന്നു.
പാശ്ചാത്യ നാടുകളില്‍ മാത്രം നടത്തിയിരുന്ന ലോകകപ്പ് ഏഷ്യന്‍ വന്‍കരയിലെ ഒരു കൊച്ചു രാജ്യമായ ഖത്തറില്‍ എത്തിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടതായി വന്നിട്ടുണ്ട്.
സ്വന്തം രാജ്യത്തിന്റ പൈതൃകത്തിനും സംസ്‌ക്കാരത്തിനും ഒരു പോറല്‍ പോലും തട്ടാത്ത വിധമാണ് ഇവിടം സംവിധാനിച്ചത്.
ഖത്തര്‍ അമീര്‍ എച്ച്.എച്ച്. ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും ഫാദര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയും ഖത്തറിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയിരിക്കുന്നു.
ഡിസംബര്‍ 18ന് ഫൈനല്‍ മത്സരത്തോടെ പര്യവസാനിക്കുന്ന ലോക കപ്പ് കളി കണ്ട് തിരികെ പോകുന്ന ഏതൊരു രാജ്യക്കാരനും സ്വയം സാക്ഷ്യപ്പെടുത്തുന്നത് ഇവിടം ഒരുക്കിയ സംവിധാനങ്ങളെ കുറിച്ചും സംഘാടന മികവിനെ കുറിച്ചും ‘സൂപ്പര്‍’ എന്ന് പറഞ്ഞാണ്.