‘ഉത്സവത്തിന് അന്നദാനം മഹല്ല് കമ്മിറ്റിയുടെ വക, ഇഫ്താര്‍ വിരുന്നൊരുക്കി ക്ഷേത്രകമ്മിറ്റിയും’; ആഘോഷങ്ങള്‍ സൗഹാര്‍ദ്ദം ഊട്ടുയുറപ്പിക്കാനുള്ളതെന്ന് പറഞ്ഞ് കാരയാട് നിവാസികള്‍
കാരയാട്: മതസൗഹൗര്‍ദ്ദത്തിന് പുതിയ മാതൃക തീര്‍ക്കുകയാണ് അരിക്കുളം കാരയാട് പ്രദേശവാസികള്‍. കാരയാട് ഭാഗത്തെ അറിയപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നാണ് തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രം. കഴിഞ്ഞദിവസം ഈ പ്രദേശത്തെ ഇസ്‌ലാംമത വിശ്വാസികള്‍ക്കായി ഇഫ്താര്‍ വിരുന്നൊരുക്കിയത് തിരുവങ്ങായൂര്‍ മഹാശിവക്ഷേത്ര കമ്മിറ്റിയായിരുന്നു. തണ്ടയില്‍ താഴെ ജുമാമസ്ജിദില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ എഴുപതോളം പേര്‍ പങ്കാളികളായി. കഴിഞ്ഞവര്‍ഷം ചെറിയ തോതില്‍ നടത്തിയിരുന്ന ഇഫ്താര്‍ വിരുന്ന് ഇത്തവണ കുറേക്കൂടി വിപുലപ്പെടുത്തുകയായിരുന്നു. വരുംനാളിലും ഇത് തുടരുമെന്നാണ് ക്ഷേത്രകമ്മിറ്റി അധികൃതര്‍ അറിയിച്ചത്.
തിരുവങ്ങായൂര്‍ ക്ഷേത്രത്തിലെ ആഘോഷങ്ങളില്‍ തണ്ടയില്‍ താഴെ മഹല്ല് കമ്മിറ്റിയും സജീവ പങ്കാളിത്തം വഹിക്കാറുണ്ട്. കഴിഞ്ഞ ഉത്സവത്തിന് ആദ്യദിനത്തെ ഭക്ഷണം മഹല്ല് വകയായിരുന്നു. കൂടാതെ വരവുകളില്‍ മധുരപലഹാര വിതരണവും നടത്താറുണ്ട്.
ജാതിമതഭേദമന്യേ പ്രദേശവാസികള്‍ ഒരുമിച്ച് നിന്ന് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തപ്പോള്‍ വിരുന്നുണ്ടവരുടെ വയറ് മാത്രമല്ല മനസും നിറഞ്ഞു. ഇഫ്താര്‍ വിരുന്നില്‍ തണ്ടയില്‍ താഴ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് നാറാണത്ത് അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുഹമ്മദ് റാഫി ദാരിമി റമളാന്‍ സന്ദേശം നല്‍കി. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ധനേഷ്, പരിപാലന സമിതി പ്രസിഡണ്ട് സി.മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മഹല്ല് കമ്മിറ്റി സെക്രട്ടറി സി.നിഷാദ് സ്വാഗതവും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ സ്വാമിദാസ്, ശിവദാസ്, സുരേഷ്മാസ്റ്റര്‍, സി.ചന്ദ്രന്‍, ടി.പി.രാമചന്ദ്രന്‍, മായന്‍ വാവുള്ളാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.സി.അഷ്‌റഫ് മാസ്റ്റര്‍ നന്ദി അറിയിച്ചു.