‘പഴുതടച്ച അന്വേഷണവും ശാസ്ത്രീയമായ തെളിവുകളും, എന്നിട്ടും പ്രതികളെ വെറുതെ വിട്ടു’; കൊല്ലപ്പെട്ട റിയാസ് മൗലവിക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് കുടുംബം


കാസര്‍കോട്: കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു കാസര്‍കോട്ട് ചൂരിയില്‍ റിയാസ് മൗലവിയുടേത്. പ്രതികള്‍ റിയാസ് മൗലവിയെ പള്ളിക്കകത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊല്ലുകയായിരുന്നു. വര്‍ഗീയ സംഘര്‍ഷമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് അന്നേ ആരോപണമുയര്‍ന്നു. പിന്നീട് കുറ്റപത്രത്തില്‍ അത് സ്ഥിരീകരിക്കപ്പെട്ടു.

പ്രതികൾക്ക് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രൊസിക്യൂഷൻ്റെ പ്രതീക്ഷ. എന്നാൽ ഏഴ് വർഷങ്ങൾക്കിപ്പുറം കേസിന്റെ വിധി വന്നപ്പോൾ മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്.

പഴുതടച്ച അന്വേഷണം നടത്തിയ, ഇത്രയും തെളിവുകളുള്ള കേസില്‍ എങ്ങനെയാണ് പ്രതികളെ വെറുതെ വിടാനാവുക എന്നാണ് റിയാസ് മൗലവിയുടെ കുടുംബം ചോദിക്കുന്നത്. റിയാസ് മൗലവി കൊല്ലപ്പെട്ട് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടു എന്ന് തന്നെയാണ് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പ്രോസിക്യൂഷനുമെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്.

2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കാസർകോഡ് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പള്ളിയ്ക്ക് അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരാണ് പിടിയിലായത്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം കേസിന്റെ ഗൗരവം കൂട്ടി. ലകൊല നടന്ന് 90 ദിവസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് പ്രതികള്‍ക്കെതിരെയുള്ള ശാസ്ത്രീയമായ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളുടെ രക്തസാമ്പിള്‍ അടക്കം ഇവിടെനിന്ന് കിട്ടിയിരുന്നു. ഡിഎന്‍എ പരിശോധനയിലും ഇക്കാര്യം വ്യക്തമായി.

കേസിന്റെ വിചാരണ വേളയിൽ 97 സാക്ഷികളെ വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലും കോടതിയിൽ സമർപ്പിച്ചിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ എ ശ്രീനിവാന്റെ നേതൃത്വത്തിൽ അന്നത്തെ ഇൻസ്പെക്ടർ പികെ സുധാകരന്റെ മേൽനോട്ടത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്. 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസില്‍ പഴുതടച്ച അന്വേഷണമാണ് നടന്നത്. പ്രോസിക്യൂഷന് പിഴവ് പറ്റിയതായി സൂചനയും ലഭിച്ചിരുന്നില്ല. 2019 ൽ കേസിന്റെ വിചാരണ ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിച്ചു. ഏഴ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വന്ന വിധിയിലാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ട് കോടതി വിധിപ്രസ്താവിച്ചത്.

വേദനാജനകവുമായ വിധിയെന്നാണ് കേസിൽ ഹാജരായിരുന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സി ഷുക്കൂർ പ്രതികരിച്ചത്. വിചാരണ വേളയിൽ ഒരു സാക്ഷി പോലും കൂറ് മാറിയില്ല. നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു . എന്താണ് പറ്റിയത് എന്നറിയില്ല .വിധി പ്രസ്താവം പരിശോധിച്ചതിന് ശേഷം അപ്പീൽ പോകും. അഡ്വ സി ഷുക്കൂർ ട് പറഞ്ഞു.

കോടതിയുടെ കണ്ടെത്തൽ ദൗർഭാഗ്യകരമെന്നാണ് പ്രോസിക്യൂട്ടർ അഡ്വ ടി ഷാജിത്ത് പ്രതികരിച്ചത്. ഡി എൻ എ തെളിവിനു പോലും വില കല്പിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരെ നിരാശരാക്കുന്ന വിധിയാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായയതെന്നും അദ്ദേഹം പറഞ്ഞു.