കാസര്‍കോട് റിയാസ് മൗലവി വധക്കേസ്; ആര്‍.എസ്.എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികളെയും വെറുതെ വിട്ടു


കാസര്‍കോട്: മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും വെറുതെവിട്ടു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്.

കാസര്‍ഗോഡ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാര്‍ച്ച് 20 നാണ് പ്രതികള്‍ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയത്.

ജാമ്യം ലഭിക്കാതിരുന്ന പ്രതികള്‍ ഇതുവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ 97 പേരെയും പ്രതിഭാഗം ഒരാളെയും കോടതിയില്‍ വിസ്തരിച്ചു. രണ്ടുമാസം മുന്‍പ് കേസിന്റെ വിചാരണ പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് പലതവണ മാറ്റിവെയ്ക്കുകയായിരുന്നു.