പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്‍വശം സര്‍വ്വീസ് റോഡ് ഇല്ല; ക്ഷേത്രത്തെ നശിപ്പിക്കുന്ന രീതിയിലുള്ള അലൈന്‍മെന്റ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയതായി ഭാരവാഹികള്‍
തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്‍വശം ദേശീയപാതയില്‍ സര്‍വ്വീസ് റോഡ് ഒഴിവാക്കാന്‍ ധാരണയായതായി ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്‍ഭാഗത്ത് സര്‍വ്വീസ് റോഡ് നിര്‍മ്മിക്കാതെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തില്‍ സര്‍വ്വീസ് റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന രീതിയില്‍ റോഡ് നിര്‍മ്മിക്കുമെന്നാണ് ഹൈവേ അതോറിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായതെന്നാണ് ഭാരവാഹികള്‍ പറഞ്ഞത്.
റോഡിന് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ചില വ്യക്തികള്‍ അവരുടെ ഭൂമി സംരക്ഷിക്കാന്‍ വേണ്ടി 1500 ലേറെ വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തെ നശിപ്പിക്കുന്ന രീതിയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതാണെന്നും ഭാരവാഹികള്‍ ആരോപിച്ചു. ക്ഷേത്രത്തിന്റെ ധ്വജം അടക്കം നഷ്ടമാകുന്ന തരത്തിലുള്ള അലൈന്‍മെന്റിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പിന്നീട് ധ്വജം ഒഴിവാക്കിയുള്ള ഭാഗം നഷ്ടമാകുന്ന തരത്തില്‍ സ്ഥലം ഏറ്റെടുക്കാമെന്ന ധാരണയായിരുന്നു. എന്നാല്‍ ഇതും അട്ടിമറിക്കപ്പെടുകയായിരുന്നു. ഈ സാഹചര്യത്തില്‍ ക്ഷേത്രകമ്മിറ്റി നിയമപരമായി മുന്നോട്ടുനീങ്ങിയിരുന്നു. കേസില്‍ ക്ഷേത്രത്തിന്റെ സ്ഥലത്ത് പ്രവൃത്തി നടത്തുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ കളക്റ്ററുടെ നിര്‍ദ്ദേശപ്രകാരം ആര്‍.ഡി.ഒയുടെ ഓഫീസില്‍ വെച്ച് ക്ഷേത്ര കമ്മറ്റിയും ഹൈവേ അതോറിറ്റി: റവന്യൂ ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തിലാണ് ക്ഷേത്രത്തിന്റെ മുന്‍വശത്ത് സര്‍വ്വീസ് റോഡ് ഒഴിവാക്കി ക്ഷേത്രത്തിന് ഇരുവശത്തും സര്‍വ്വീസ് റോഡില്‍ നിന്നും മെയില്‍ റോഡിലേക്ക് കയറി യാത്ര തുടരാനുള്ളസൗകര്യം ചെയ്യാമെന്ന ധരണയായതും. ക്ഷേത്ര വിരോധികളായ ചില വ്യക്തികള്‍ ചേര്‍ന്ന് ക്ഷേത്രം തകര്‍ക്കാന്‍ വേണ്ടി തിരുവങ്ങൂരില്‍ നിന്നും ബോധപൂര്‍വ്വം ഹൈവേ വളച്ച് കൊണ്ട് വന്നവര്‍ തന്നെയാണ് ഒരു കിലോമീറ്ററോളം സര്‍വ്വീസ് റോഡ് ഇല്ല എന്നുള്ള കള്ളവര്‍ത്ത കൊണ്ട് വന്നതെന്നും ക്ഷേത്ര കമ്മറ്റി ആരോപിച്ചു.