‘സാര്‍ നന്ദി എന്ന വാക്കിൽ ഒതുങ്ങില്ല എന്നാലും നന്ദി…’; ഭര്‍ത്താവിന്റെ മരണത്തിനിടയാക്കിയ കാറുടമയെ കണ്ടെത്തിയ വടകര എസ്.ഐയ്ക്ക് നന്ദി അറിയിച്ച് യുവതി, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ


 

വടകര: “സാര്‍ നന്ദി എന്ന വാക്കിൽ ഒതുങ്ങില്ല എന്നാലും നന്ദി”… വാഹനാപകടത്തില്‍ മരിച്ച ഭര്‍ത്താവിന്റെ മരണത്തിന് ഇടയാക്കിയ കാറിന്റെ ഉടമയെ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥന് യുവതി അയച്ച വാട്‌സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് വടകര പോലീസ് സ്‌റ്റേഷനിലെ എസ്.ഐ സുനില്‍.

2023 ഡിസംബര്‍ 19നായിരുന്നു കാറിടിച്ചതിനെ തുടര്‍ന്ന് ലോറിക്കടിയില്‍പ്പെട്ട് ഇരിങ്ങല്‍ സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ ബബിലേഷ് മരിച്ചത്‌. സംഭവത്തില്‍ നിര്‍ത്താതെ പോയ കാര്‍ ആറ്മാസത്തെ നിരന്തരമായ അന്വേഷണത്തിനൊടുവില്‍ വടകര എസ്.ഐ മഹേഷ് ഇടയത്തിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തുകയായിരുന്നു.

അപകടം നടന്നയുടന്‍ കാര്‍ വേഗത്തില്‍ പോകുന്നത് ഈ സമയം കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ കണ്ടിരുന്നു. അതൊരു സിയാസ് കാറാണെന്ന് ബസ് ഡ്രൈവര്‍ മൊഴിയും നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു എസ്.ഐ മഹേഷും സംഘവും KL 53M 2869 എന്ന നമ്പർ കാർ കണ്ടെത്തിയത്. സിസിടിവി പരിശോധനകള്‍ ആഴ്ചകളോളം തുടര്‍ന്നു. പരിശോധനയില്‍ കൊയിലാണ്ടിയിലെയും നാദാപുരം റോഡിലെയും മാഹിയിലെയും സിസിടിവി ദൃശ്യങ്ങളില്‍ കാര്‍ കണ്ടെത്തി. ശേഷം കാറിന്റെ ഉടമയായ പെരിന്തല്‍മണ്ണ സ്വദേശി മൊയ്തീനെ പോലീസ് വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചു.

ബന്ധുവിന് തന്റെ കാര്‍ നല്‍കിയിരുന്നെന്നും ബന്ധു അയാളുടെ സുഹൃത്ത് ദിനേശ് കൊല്ലപ്പള്ളിക്ക് കാര്‍ നല്‍കിയിരുന്നെന്നും വ്യക്തമായി. ദിനേശിനെ ബന്ധപ്പെട്ടപ്പോള്‍ അന്ന് വടകര വഴി കാറുമായി പോയിരുന്നതായി സമ്മതിച്ചു. എന്നാല്‍ കാര്‍ ഒരു വണ്ടിയിലും തട്ടിയിട്ടില്ലെന്ന് ഇയാള്‍ മൊഴി നല്‍കി. എന്നാല്‍ നാദാപുരം റോഡില്‍വെച്ച് ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഡ്രൈവിങ് സീറ്റിലേക്ക് മാറിയിരിക്കുന്ന ദൃശ്യം യുഎല്‍സിസിഎസ് ഓഫീസ് പരിസരത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത് ദിനേശിന്റെ സുഹൃത്താണെന്ന് പോലീസിന് വിവരം കിട്ടി.

ഇയാളെ ചോദ്യം ചെയ്തപ്പോള്‍ താന്‍ ഉറങ്ങുകയായിരുന്നുവെന്നും അപകടം നടന്നതായി അറിയില്ലെന്നും മൊഴി നല്‍കി. നാദാപുരം റോഡ് മുതല്‍ താനാണ് കാറോടിച്ചതെന്നും വ്യക്തമാക്കി. തുടര്‍ന്ന് കാര്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ സയന്റിഫിക് അസിസ്റ്റന്റ് നേതൃത്വത്തില്‍ കാറിന്റെ പെയിന്റ് സാംപിള്‍ ശേഖരിച്ച് കണ്ണൂര്‍ ഫൊറന്‍സിക്‌ സയന്‍സ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം വന്നതോടെ കാറിന്റെ പെയിന്റ് സാംപിളും ബൈക്കില്‍ കാറിടിച്ച ഭാഗത്ത് നിന്നും പോലീസ് ശേഖരിച്ച പെയിന്റ് സാംപിളും ഒന്നാണെന്ന് വ്യക്തമായി. തുടര്‍ന്ന് കാറോടിച്ച ദിനേശിനെ കേസില്‍ പ്രതിയാക്കി.

കൊലയാളി കാറിനെ ഇരവു പകലുകള്‍ മറന്ന് മഹേഷും സംഘവും കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൃദയം നോവുന്ന വേദനയിലും ബബിലേഷിൻ്റെ പ്രിയതമ മഹേഷ് ഇടയത്തിന് എഴുതിയ വാക്കുകൾ ഏതു മെഡലുകൾക്കും മീതെയാണെന്ന് സുനില്‍ പറയുന്നു.

സുനില്‍ തുഷാരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അജ്ഞാതനായ പ്രതിയെ തിരിച്ചറിഞ്ഞ സന്തോഷത്തിൽ അകാലത്തിൽ വൈധവ്യ തുരുത്തിൽ ഒറ്റപ്പെട്ടു പോയവൾ അന്വേഷണ ഉദ്യോഗസ്ഥനു നല്കിയ വാട്സ് ആപ്പ് സന്ദേശം…

“Sir 🙏🙏🙏നന്ദി എന്ന വാക്കിൽ ഒതുങ്ങില്ല എന്നാലും നന്ദി 🙏എന്റെ മുത്തേട്ടന് നീതി നേടിക്കൊടുത്തതിന് ഒരിക്കലും മറക്കില്ല സാറിനെ ഇനിയും എന്നെപ്പോലെയുള്ള പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാറിന്റെ കൈകൾക്ക് കരുത്തുണ്ടാവട്ടെ “

വീട്ടിലേക്കുള്ള യാത്രയിൽ ഡിസബറിൻ്റെ നഷ്ടമായി പ്രിയപ്പെട്ട ബബിലേഷ് വടകര ദേശീയ പാതയിൽ വാഹനാപകടത്തിൽ ദാരുണമായി മരണപ്പെടുന്നു.

തിരക്കേറിയ ദേശീയ പാതയിൽ അതിവേഗം പാഞ്ഞ് മരണം വിതച്ച ഡ്രൈവർ രക്തത്തിൽ കുളിച്ച് ജീവന് വേണ്ടി പിടയുന്ന സഹജീവിയെ മരണത്തിന് വിട്ടു കൊടുത്ത് കാണാമറയത്ത് ഒളിച്ചു.

ഇടിച്ചിട്ട വാഹനത്തെ കുറിച്ച് സൂചനകൾ ഒന്നും ഇല്ല …..

അന്വേഷണം മഹേഷ് ഇടയത്ത് സബ് ഇൻസ്പക്ടർ വടകര ഏറ്റെടുക്കുന്നു..

പ്രിയപ്പെട്ടവൻ്റെ വേർപാടിൽ നിരാലംബയായ പെൺകുട്ടിയുടെ തേങ്ങലുകൾ ഹൃദയം നോവിക്കുന്നു.

നീതി…..
നിസ്വരായവർക്ക് വേണ്ടി..
ഒറ്റപ്പെട്ടവർക്ക് വേണ്ടി ….

കൊടും ക്രുരതയുടെ ഒളിയിടത്തിൽ അമർന്ന് നിയമ സംവിധാനങ്ങൾക്ക് നേരെ മുഖം തിരിച്ച കൊടും കുറ്റവാളിയെ തേടി ഒറ്റയാൾ സഞ്ചാരം .

ഇരവു പകലുകൾ മറന്ന് അന്വേഷണം.

മഹേഷ് ഇടയത്ത്

CCTV ഫൂട്ടേജുകൾ കണ്ടെത്താൻ ഉല്ലാസും , സൂരജും കൂടെ ..
വാശിയോടെ കൊലയാളി കാറിനെ കണ്ടെത്തി..
ശാസ്ത്രീയ പരിശോധനകളിലൂടെ
തെളിവു ശേഖരണം..

മരണ വാഹനം ഓടിച്ചവനെ തിരിച്ചറിയുന്നു..

ഹൃദയം നോവുന്ന വേദനയിലും ബബിലേഷിൻ്റെ പ്രിയതമ മഹേഷ് ഇടയത്തിന് എഴുതിയ വാക്കുകൾ ഏതു മെഡലുകൾക്കും മീതെ..

“Sir 🙏🙏🙏നന്ദി എന്ന വാക്കിൽ ഒതുങ്ങില്ല എന്നാലും നന്ദി 🙏എന്റെ മുത്തേട്ടന് നീതി നേടിക്കൊടുത്തതിന് ഒരിക്കലും മറക്കില്ല സാറിനെ ഇനിയും എന്നെപ്പോലെയുള്ള പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാറിന്റെ കൈകൾക്ക് കരുത്തുണ്ടാവട്ടെ”

മഹേഷ് ഇടയത്ത്
നീതി..

സുനിൽ തുഷാര