ഈ വീക്കെന്‍ഡില്‍ കണ്ണൂരിന്റെ ‘മൂന്നാറിലേക്ക്’ പോയാലോ? വെള്ളച്ചാട്ടങ്ങളും കാനനഭംഗിയും ഒളിപ്പിച്ച പൈതല്‍ മല കാഴ്ചകളിലേക്ക്
മഞ്ഞ് പുതച്ച മലനിരകള്‍ ആസ്വദിക്കാന്‍ മൂന്നാര്‍ വരെ പോകേണ്ട. ഇങ്ങ് മലബാറിലുമുണ്ട് മൂന്നാര്‍ പോലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷന്‍. അതാണ് കണ്ണൂരിലെ പൈതല്‍ മല അഥവാ വൈതല്‍ മല.
ട്രക്കിങ് പ്രേമികളുടെ മനം കവരും ഈ മല. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരാണെങ്കില്‍ പാത്തന്‍പാറ വഴി വൈതല്‍ മലയിലേക്ക് പോകാം. മഴക്കാലത്താണെങ്കില്‍ യാത്ര ബുദ്ധിമുട്ടാണെന്ന് മാത്രം.
സമുദ്രനിരപ്പില്‍നിന്നും 4500 അടി മുകളിലാണ് വൈതല്‍ മല. അകലെ നിന്ന് നോക്കുമ്പോള്‍ ആനയുടെ മസ്തകം പോലെ തോന്നിക്കും. മലമുകളില്‍ നിബിഡ വനമാണ്. ഇവിടെയെത്തിയാല്‍ വെള്ളച്ചാട്ടങ്ങളും കാടും എല്ലാം ഒരുമിച്ചു കാണാം. വൈതല്‍ക്കുണ്ട്, ഏഴരക്കുണ്ട് എന്നീ വെള്ളച്ചാട്ടങ്ങള്‍ ഇവിടെ മനോഹരക്കാഴ്ചകളാണ്.
കാഴ്ചയ്ക്കുള്ള ഭംഗി മാത്രമല്ല, അപൂര്‍വ്വമായ ധാരാളം പച്ചമരുന്നുകളുടെ കേന്ദ്രം കൂടിയാണിവിടം. അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കം ചെന്ന ഒരു അമ്പലത്തറ ഇവിടെയുണ്ട്. ആദിവാസി രാജാവായ വൈതല്‍ കൂവന്‍ പൈതല്‍ മല ഭരിച്ചിരുന്നുവെന്നും അങ്ങനെയാണ് വൈതല്‍ മല എന്ന് കൂടി ഇവിടം അറിയപ്പെടുന്നതെന്നുമാണ് ഐതിഹ്യം. വൈതല്‍ കൂവന്‍ മൂപ്പന്റെ കൊട്ടാരത്തിന്റെ അവിശിഷ്ടമായാണ് ഈ അമ്പലത്തറ കണക്കാക്കുന്നത്.
തളിപ്പറമ്പില്‍ നിന്നും 44 കിലോമീറ്റര്‍ അകലെയാണ് വൈതല്‍ മല. പൊട്ടന്‍പ്ലാവ് എന്ന സ്ഥലം വരെ ബസ് ലഭിക്കും. അവിടെ നിന്നും ആറ് കിലോമീറ്റര്‍ ജീപ്പ് യാത്ര. ജീപ്പ് ഇറങ്ങി രണ്ടു കിലോമീറ്റര്‍ നടന്ന പൈതല്‍ മലയെത്താം.