സ്കൂള്‍ കലോത്സവം: അവസാന ലാപ്പില്‍ കോഴിക്കോട് മുന്നേറുന്നു; ഇന്നത്തെ പത്തുമത്സരങ്ങളുടെ വിധി നിര്‍ണായകം, സ്വര്‍ണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം
കോഴിക്കോട്: 62മത് സംസ്ഥാന സ്‌ക്കൂള്‍ കലോത്സവം ഇന്ന് അവസാനിക്കാനിരിക്കെ അവസാന ദിനത്തില്‍ കണ്ണൂരിനെ പിന്നിലാക്കി കോഴിക്കോടന്‍ മുന്നേറ്റം. ഇന്നലെ രാത്രിവരെ കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്തും ചെറിയ പോയിന്റ് വ്യത്യാസത്തില്‍ കോഴിക്കോട് രണ്ടാമതുമായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ കോഴിക്കോട് ജില്ലയാണ് മുന്നിട്ടുനില്‍ക്കുന്നത്.
സ്വര്‍ണ്ണക്കപ്പിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടമാവും ഇനി വരുംമണിക്കൂറില്‍ ഉണ്ടാവുകയെന്നതിന്റെ സൂചനയാണിത്. കോഴിക്കോടിന് 921 പോയിന്റാണുള്ളത്. കണ്ണൂരിന് 919ഉം. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യന്‍ ജില്ലയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും.
നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിള്‍ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയില്‍ നടക്കുന്നത്. നിലവില്‍ മൂന്നാം സ്ഥാനത്തെങ്കിലും സ്വര്‍ണക്കപ്പെന്ന സ്വപ്‌നം പാലക്കാടിനും എത്തിപ്പിടാവുന്നതാണ്. 913 പോയിന്റാണ് പാലക്കാടിന് നിലവിലുള്ളത്.
സ്‌കൂളുകളില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 239 പോയിന്റുമായി ഒന്നാമത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനാണ്. 116 പോയിന്റാണ് ഈ സ്‌കൂളിനുള്ളത്. കോഴിക്കോട് ജില്ലയിലെ സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് 88 പോയിന്റുമായി നാലാം സ്ഥാനത്താണ്.
കൊയിലാണ്ടി ഉപജില്ലയിലെ സ്‌കൂളുകളില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറിയാണ് മുന്നിട്ടുനില്‍ക്കുന്നത്. 45 പോയിന്റുമായി സ്‌കൂളുകളില്‍ 27ാം സ്ഥാനത്താണ് തിരുവങ്ങൂര്‍. ജി.എച്ച്.എസ്.എസ് പന്തലായനിയ്ക്ക് 38 പോയിന്റുകളാണ് ഇതുവരെ ലഭിച്ചത്. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയ്ക്ക് 20 പോയിന്റുമാണ്.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി ജി.ആര്‍.അനില്‍ സുവനീര്‍ പ്രകാശനം ചെയ്യും.
ആറ് പതിറ്റാണ്ടിനിടെ ഇത് നാലാം തവണയാണ് കൊല്ലത്തിന് ആതിഥേയരാകാന്‍ അവസരം ലഭിക്കുന്നത്. ഒന്നരപതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. 24 വേദികളാണ് കൊല്ലം നഗരത്തില്‍ സജ്ജീകരിച്ചത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളില്‍ 14,000 പ്രതിഭകളാണ് മാറ്റുരച്ചത്.