കൊയിലാണ്ടിയിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും; 110കെ.വി സബ് സ്റ്റേഷന്‍ സ്ഥാപിക്കാനായി കണ്ടെത്തിയ സ്ഥലത്തിന് കെ.എസ്.ഇ.ബിയുടെ അംഗീകാരം


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കെ.എസ്.ഇ.ബിയുടെ 110 കെ.വി സബ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള സ്ഥലം കെ.എസ്.ഇ.ബി അംഗീകരിച്ച് ഉത്തരവായി. എസ്.എന്‍.ഡി.പി കോളജിന് താഴെയായി കൊയിലാണ്ടി നെല്ല്യാടി റോഡില്‍ ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിന് സമീപത്തായുളള സ്ഥലത്ത് സബ് സ്റ്റേഷന്‍ സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി അംഗീകാരം നല്‍കിയത്.

വിയ്യൂർ വില്ലേജില്‍ കൊല്ലം നെല്ല്യാടി റോഡിലുള്ള 55സെന്റ് സ്ഥലം ഏറ്റെടുക്കാനാണ് കെ.എസ്.ഇ.ബി അനുമതി നല്‍കിയത്. സബ് സ്‌റ്റേഷന്‍ നിര്‍മ്മിക്കാനായി കണ്ടെത്തിയ സ്ഥലങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നാണ് കെ.എസ്.ഇ.ബി നെല്ല്യാടി റോഡിലുള്ള സ്ഥലം സബ് സ്‌റ്റേഷനായി അംഗീകരിച്ച്. കെ.എസ്.ഇ.ബിയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ സബ് സ്‌റ്റേഷനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി വേഗം കൂടും.

സാധാരണ സബ് സ്റ്റേഷന്‍ നിര്‍മ്മിക്കണമെങ്കില്‍ കൂടുതല്‍ സ്ഥലം വേണ്ടിവരും. ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന് നിര്‍മ്മാണ ചെലവ് കൂടുമെങ്കിലും കുറഞ്ഞ സ്ഥലം മതിയാവും. സ്ഥലം ഏറ്റെടുക്കാനും മറ്റുമുള്ള ചെലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ നഷ്ടവും വരില്ല. ഈ സാഹചര്യത്തിലാണ് ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്‍ ഇവിടെ നിര്‍മ്മിക്കുന്നത്.[mid]


2021 ജനുവരി അഞ്ചിന് സബ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താന്‍ 20.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താത്ത സാഹചര്യത്തില്‍ നടപടികള്‍ നീണ്ടുപോയി. പിന്നീട് കുന്ന്യോറമലയിലും കൊല്ലം നെല്ല്യാടി റോഡിലുമൊക്കെയായി സബ് സ്‌റ്റേഷന്‍ നിര്‍മ്മിക്കാന്‍ പറ്റിയ നാലോളം സ്ഥലങ്ങള്‍ കണ്ടെത്തുകയും ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബിയ്ക്ക് റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു.  കെ.എസ്.ഇ.ബിയുടെ അംഗീകാരം ലഭിക്കാത്തതിനാലാണ് തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ സാധിക്കാതിരുന്നത്. ഈ സ്ഥലം പരിശോധിച്ചശേഷമാണ് കെ.എസ്.ഇ.ബി അധികൃതർ നെല്ലാടി റോഡിലെ സ്ഥലത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. തടസം മാറിയതോടെ ഈ സ്ഥലം എത്രയും പെട്ടെന്ന് ഏറ്റെടുക്കുകയും സബ് സ്റ്റേഷന്‍ പ്രവൃത്തികള്‍ തുടങ്ങുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത്, നോര്‍ത്ത്, മൂടാടി മേഖലകളിലായി ഏകദേശം 60000 ഉപഭോക്താക്കളുണ്ട്. നിലവില്‍ സബ് സ്റ്റേഷന്‍ കൊയിലാണ്ടി പട്ടണത്തില്‍ നിന്ന് ഒമ്പതു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കന്നൂരാണുള്ളത്. പതിനൊന്ന് കെ.വി ഫീഡറുകളിലൂടെ കൊയിലാണ്ടി ടൗണിലും പരിസരത്തും വൈദ്യുതി എത്തിക്കുന്നത് പുഴകള്‍ മുറിച്ച് കടന്നാണ്. ഫീഡറിന്റെ പരിധിയുടെ അവസാന ഭാഗത്ത് വരുന്ന മൂടാടിയിലെ ഉപഭോക്താക്കളാണ് ഏറ്റവുമധികം പ്രയാസം അനുഭവിക്കുന്നത്.


ലോഡ് കൂടുതല്‍ ആവശ്യമുള്ളതും ടൗണ്‍ഷിപ്പ് ഉള്ളതും റെയില്‍വേ ട്രാക്കിന്റെ പടിഞ്ഞാറ് ഭാഗത്താണ്. നിലവിലുള്ള സബ് സ്റ്റേഷന്‍ കിഴക്ക് ഭാഗത്താണ്. പടിഞ്ഞാറ് ഭാഗത്തേക്ക് 11 കെ.വി കേബിളിലൂടെയാണ് വൈദ്യുതി എത്തിക്കുന്നത്. ഈ കേബിളിന് എന്തെങ്കിലും തകരാറ് സംഭവിച്ചാല്‍ പടിഞ്ഞാറ് ഭാഗത്തുള്ള നിരവധി സ്ഥാപനങ്ങള്‍ ഇരുട്ടിലാവുകയാണ്. വലിയ വിലകൊടുത്ത് ജനറേറ്റര്‍ സ്ഥാപിക്കാന്‍ കഴിയാത്ത ചെറുകിട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ തന്നെ ഇത് ബാധിക്കാറുണ്ട്. സബ് സ്റ്റേഷന്‍ ഇല്ലാത്തത് കൊയിലാണ്ടി നഗരസഭയിലെ വൈദ്യുതി വിതരണത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. 11കെ.വി ലൈനില്‍ ചെറിയ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പുഴ കടന്നൊക്കെ പോകുന്നതുകൊണ്ട് തകരാര്‍ പരിഹരിക്കാന്‍ ഏറെ നേരം എടുക്കുകയാണ്.

കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അടക്കമുള്ളവരുടെ നിരന്തര ഇടപെടലുകള്‍ സബ് സ്റ്റേഷനുവേണ്ടി ഉണ്ടായിരുന്നു. സബ് സ്‌റ്റേഷന്‍ യാഥാര്‍ത്ഥ്യമായാല്‍ കൊയിലാണ്ടി, പയ്യോളി നഗരസഭകളിലെയും ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, തിക്കോടി പഞ്ചായത്തുകളിലെയും വൈദ്യുതി പ്രതിസന്ധികള്‍ക്ക് പരിഹാരമാകും.