കണയങ്കോട് പുഴയിലേയ്ക്ക് ഒരാള്‍ ചാടിയെന്ന സംശയം; ഇന്നും തിരച്ചില്‍


കൊയിലാണ്ടി: കണയങ്കോട് പുഴയിലേയ്ക്ക് ഒരാള്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്നുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. ഇന്ന് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തുന്നത്.

ഇന്ന് പുലര്‍ച്ചെ തന്നെ മത്സ്യ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഉള്ളൂര്‍ക്കടവ്, പാലം സമീപം എന്നിവിടങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെയും ആരെയും കണ്ടെത്താനായിട്ടില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. ഇന്നലെ രാവിലെ ആറുമണിയോടെ പാലത്തിന് സമീപം ഒരു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട നിലയില്‍ കണ്ടതാണ് പുഴയിലേക്ക് ആരോ ചാടിയെന്ന സംശയത്തിന് ഇടയാക്കിയത്. ചാവിയും ബൈക്കില്‍ തന്നെയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അത്തോളി പോലീസ്, കൊയിലാണ്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം, നാല് പേരടങ്ങുന്ന സ്‌കൂബാ ടീം എന്നിവരാണ് തിരച്ചില്‍ നടത്തിയിരുന്നത്. ഇന്നലെ ആരെയും കണ്ടെത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

കൊയിലാണ്ടി ഫയര്‍ഫോഴ്സില്‍ നിന്നും എസ്.ടി.ഒ സി.കെ.മുരളീധരന്റെ നേതൃത്വത്തില്‍ വി.പി.രജീഷ്, ഇന്ദ്രജിത്ത്, ജാഹിര്‍, ഹേമന്ത്, വിനീഷ്, സുജിത്ത് എന്നിവരാണ് തിരച്ചില്‍ നടത്തിയത്. ഇവര്‍ക്കൊപ്പം പ്രദേശവാസികളും സജീവമായി രംഗത്തുണ്ടായിരുന്നു.