ആറ് മാസങ്ങൾക്ക് ശേഷം അമ്മയ്ക്ക് അരികിലേക്ക് ദീപക് എത്തുന്നു; നടപടികൾ പൂർത്തിയാക്കി യുവാവുമായി പോലീസ് സംഘം നാളെ രാവിലെ മേപ്പയൂരിലെത്തും


കൊയിലാണ്ടി: മേപ്പയൂരില്‍ നിന്നും ആറ് മാസം മുമ്പ് കാണാതായ ദീപക്കുമായി അന്വേഷണ സംഘം നാളെ രാവിലെ 10 മണിക്ക് മേപ്പയൂരിലെത്തും. ദീപക് ഗോവയിലുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അവിടെയെത്തിയ അന്വേഷണ സംഘം നടപടി ക്രമങ്ങള്‍ക്ക് ശേഷം അദ്ദേഹവുമായി ഉച്ചയോടെ നാട്ടിലേക്ക് തിരിച്ചിരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഗോവയിലെത്തിയ ദീപക്, അവിടെ ഹോട്ടല്‍ ജോലി ചെയ്തു വരികയായിരുന്നു. നാടുവിട്ടുപോകാനുണ്ടായ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് പോകാന്‍ തോന്നി, അതിനാല്‍ താന്‍ പോയി എന്നാണ് ദീപക് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നത്. ഫോണ്‍ നഷ്ടപ്പെട്ടതിനാലാണ് നേരത്തെ വീട്ടിലേക്ക് വിളിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആറു മാസം മുമ്പാണ് ദീപക്കിനെ കാണാതാവുന്നത്. ദീപക്കിനെ കാണ്മാനില്ലെന്ന അമ്മയുടെ പരാതില്‍ ക്രൈബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ഹരിദാസന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. നാട്ടിലെത്തി കോടതിയില്‍ ഹാജരാക്കി, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ദീപക്കിനെ ബന്ധുക്കള്‍ക്കു കൈമാറും.