മേപ്പയ്യൂര്‍ സ്വദേശിയെ അടക്കം രണ്ടുപേരെ പേരാമ്പ്രയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളില്‍ ഒരാള്‍ പിടിയില്‍


പേരാമ്പ്ര: പേരാമ്പ്രയില്‍ രണ്ടുപേരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളിലൊരാള്‍ വയനാട്ടില്‍ പിടിയില്‍. കുറ്റ്യാടി പാലേരി സ്വദേശി മുഹമ്മദ് ഇജാസാണ് പിടിയിലായത്.

മേപ്പയ്യൂര്‍ സ്വദേശി മുഹമ്മദ് അസ്ലം, പൈതോത്ത് മെഹ്നാസ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. രണ്ട് വാഹനങ്ങളിലായെത്തിയ പ്രതികള്‍ ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

തട്ടിക്കൊണ്ടുപോയ രണ്ടുപേരുമായി പ്രതികള്‍ വയനാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. നിരവില്‍പ്പുഴയിലെത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് മെഹനാസ് പുറത്തിറങ്ങുകയും ബഹളംവെച്ച് ആളെക്കൂട്ടുകയും ചെയ്തു. ഇതോടെ ഇയാളെ ഉപേക്ഷിച്ച് പ്രതികള്‍ അവിടംവിട്ടു. മീനങ്ങാടിയിലെത്തിയപ്പോള്‍ മുഹമ്മദ് അസ്ലം കാറില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ നേരെ പൊലീസ് സ്റ്റേഷനില്‍ ഹാജരായി.

പ്രതികളെ തട്ടിക്കൊണ്ടുപോയ ചുവന്ന കാര്‍ മീനങ്ങാടി പൊലീസ് രണ്ട് കിലോമീറ്ററോളം പിന്തുടര്‍ന്നിരുന്നു. ഇതോടെ വാഹനം ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്.