തൊണ്ണൂറാം വയസില്‍ കടലിന്റെ ആഴങ്ങളില്‍ നിന്ന് വേലായുധേട്ടന്‍ മുങ്ങിയെടുത്തത് രണ്ട് ജീവനുകള്‍; ആരെയും അതിശയിപ്പിക്കും എലത്തൂര്‍ സ്വദേശിയായ ഈ മത്സ്യത്തൊഴിലാളിയുടെ ധൈര്യം


വി.ബൈജു

എലത്തൂര്‍: ജീവിതത്തിലൊരിക്കലും കടലിനോട് തോറ്റിട്ടില്ല വേലായുധേട്ടന്‍. തൊണ്ണൂറാം വയസ്സില്‍ കടലിന്റെ ആഴങ്ങളില്‍ നിന്ന് മുങ്ങിയെടുത്തത് രണ്ട് കുരുന്നു ജീവനുകളാണ്. മത്സ്യതൊഴിലാളിയായ എലത്തൂര്‍ ചെട്ടികുളം ബസാറിലെ ചെറുകാട്ടില്‍ വേലായുധേട്ടന് പക്ഷേ വേദന രക്ഷിക്കാന്‍ കഴിയാതെ പോയ മൂന്നാമനെയോര്‍ത്താണ്. ശ്രീദേവ് എന്ന 14 കാരനെയോര്‍ത്ത്.

കഴിഞ്ഞ 15 വര്‍ഷമായി കടലില്‍ ഇറങ്ങിയിട്ടില്ല വേലായുധേയട്ടന്‍. ബുധനാഴ്ച വൈകിട്ട് പതിവുപോലെ കടപ്പുറത്ത് കാറ്റ് കൊള്ളാനിറങ്ങിയതായിരുന്നു വേലായുധന്‍. മൂന്ന് കുട്ടികള്‍ അസമയത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അവിടെത്തന്നെയിരുന്നു. കുട്ടികള്‍ കടലില്‍ പ്രാണനായി പിടയ്ക്കുന്നത് കണ്ടതോടെ പ്രായാധിക്യം മറന്ന് വേലായുധന്‍ കടലിലേക്കിറങ്ങി നീന്തി.

പ്രായവും ശ്വാസതടസവും നോക്കിയില്ല. ആദ്യം പതിനൊന്നുകാരന്‍ ഹരിനന്ദിനെ കരയ്‌ക്കെത്തിച്ചു. പിന്നെ 13 കാരനായ മിനോണിനെ. അവശനായെങ്കിലും ശ്രീദേവിനായി വീണ്ടും കടലിലേക്കിറങ്ങി. അപ്പോഴേക്കും ശ്രീദേവ് ആഴങ്ങളിലേക്ക് പോയിക്കഴിഞ്ഞിരുന്നു.

കുരുന്ന് ജീവനുകള്‍ കണ്‍മുന്നില്‍ ഇല്ലാതാവുന്നത് കണ്ടുനില്‍ക്കാനാവാതെയാണ് മറ്റൊന്നും നോക്കാതെ കടലില്‍ ഇറങ്ങിയതെന്ന് വേലായുധന്‍ പറഞ്ഞു. വേലായുധനെ അഭിനന്ദിക്കാന്‍ തെരഞ്ഞെടുപ്പ് പരിപാടികള്‍ വെട്ടിച്ചുരുക്കി എളമരം കരീം അദ്ദേഹത്തിന്റെ വീട്ടിലെത്തി. വേലായുധേട്ടനെ അഭിനന്ദിച്ച് അവിശ്വസ്വനീയമാണ് നിങ്ങളുടെ ധൈര്യമെന്ന് എം പി പറയുമ്പോഴും ആ കുഞ്ഞിനെ കുറിച്ചുള്ള വേവലാതിയായിരുന്നു വേലായുധേട്ടന്.